റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അവസാനമാകുന്നു? ട്രംപ് മധ്യസ്ഥത വഹിച്ച സമാധാന കരാറിന് യുക്രൈന്‍ സമ്മതിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍; ചര്‍ച്ചകളില്‍ ഇനി പരിഹരിക്കാന്‍ കുറച്ചു കാര്യങ്ങള്‍ മാത്രം ബാക്കിയെന്ന് യുഎസ്; ട്രംപുമായി കൂടിക്കാഴ്ച്ച നടത്താന്‍ സെലന്‍സ്‌കി വാഷിങ്ടണിലേക്ക് തിരിച്ചേക്കും; യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന് സഹിക്കേണ്ടി വരിക വലിയ നഷ്ടങ്ങള്‍

ട്രംപിന്റെ മധ്യസ്ഥതയിൽ യുക്രൈൻ സമാധാന കരാറിന് സമ്മതിച്ചു: യുഎസ് ഉദ്യോഗസ്ഥൻ

Update: 2025-11-25 14:57 GMT

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിക്ക് യുക്രെയ്ന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പാശ്ചാത്യ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്. 'യുക്രൈന്‍ സമാധാന കരാറിന് സമ്മതിച്ചു. ചില ചെറിയ വിശദാംശങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്, പക്ഷേ അവര്‍ ഒരു സമാധാന കരാറിന് സമ്മതിച്ചു. എന്നാണ് യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.

സമാധാന കരാറിന്റെ അടുത്ത ഘട്ട ചര്‍ച്ച ഡോണള്‍ഡ് ട്രംപും വ്‌ലാദിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. നേരിട്ടുള്ള ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിച്ചേക്കുമെന്നും ഇതിനായി സെലെന്‍സ്‌കി വാഷിങ്ടണ്‍ ഡി.സിയിലേക്ക് തിരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതിനിടെ, ജനീവയില്‍ നടന്ന നീണ്ടതും തിരക്കിട്ടതുമായ ചര്‍ച്ചകള്‍ക്കിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ '19 ഇന പദ്ധതി'യില്‍ യു.എസിന്റെയും യുക്രെയ്നിന്റെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ധാരണയായി. എന്നാല്‍, രാഷ്ട്രീയമായി ഏറ്റവും സെന്‍സിറ്റീവ് ആയ തീരുമാനങ്ങള്‍ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ നേരിട്ടുള്ള ചര്‍ച്ചകളില്‍ തീരുമാനിക്കും.

ഭൂമി കൈമാറ്റ വിഷയവും യു.എസ്, നാറ്റോ, റഷ്യ എന്നിവ തമ്മിലുള്ള പുതിയ സുരക്ഷാ ബന്ധങ്ങളുമാണ് പ്രധാന തര്‍ക്ക വിഷയങ്ങള്‍. യു.എസും റഷ്യന്‍ ഉദ്യോഗസ്ഥരും വികസിപ്പിച്ച 28 പോയിന്റ് സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് യു.എസ്- യുക്രെയ്ന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ അടിയന്തര ചര്‍ച്ചകള്‍ക്കായി യോഗം ചേര്‍ന്നിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം, യുഎസ്, യുക്രൈന്‍ ഉദ്യോഗസ്ഥര്‍ ജനീവയില്‍ നടന്ന ചര്‍ച്ചകളില്‍ ഈ പദ്ധതിയുടെ ഒരു 'പരിഷ്‌കരിച്ച സമാധാന ചട്ടക്കൂട്' അല്ലെങ്കില്‍ പുതുക്കിയ രൂപരേഖ അംഗീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് നയതന്ത്ര ശ്രമങ്ങള്‍ ആരംഭിച്ചതിനുശേഷം നടന്ന ഏറ്റവും മികച്ച കൂടിക്കാഴ്ച എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചര്‍ച്ചകളെ പ്രശംസിച്ചു. ട്രംപിനും സെലെന്‍സ്‌കിക്കും മുന്നില്‍ അവതരിപ്പിക്കേണ്ട പുതിയ 19 പോയിന്റുകള്‍ ചര്‍ച്ചകളുടെ ഭാഗമായി രൂപപ്പെടുത്തി. ചര്‍ച്ചകളില്‍ സുപ്രധാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും സെലെന്‍സ്‌കി പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികളുടെ പട്ടികയില്‍ ജനീവക്കുശേഷം ഇപ്പോള്‍ കുറച്ച് പോയിന്റുകള്‍ മാത്രമേയുള്ളൂവെന്നും ഈ ചട്ടക്കൂടില്‍ ശരിയായ ഘടകങ്ങള്‍ പലതും കണക്കിലെടുക്കപ്പെട്ടിട്ടുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. 'രേഖ അന്തിമമാക്കുന്നതിന് നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ചെയ്യേണ്ട ജോലി ഇപ്പോഴും ഉണ്ട്. അത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മള്‍ എല്ലാവരും അത് അന്തസ്സോടെ നടപ്പാക്കണം. ലോകത്തിലെ ഭൂരിഭാഗവും നമ്മെ സഹായിക്കാന്‍ തയ്യാറാണെന്നും അമേരിക്കന്‍ പക്ഷം ഇതിനെ ക്രിയാത്മകമായി സമീപിക്കുന്നുവെന്നും' സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ സമാധാന പദ്ധതിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ യുക്രെയ്‌നെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയതാണ്. സമാധാന പദ്ധതിയുടെ ഭാഗമായി റഷ്യയ്ക്ക് ചില പ്രദേശങ്ങള്‍, പ്രത്യേകിച്ച് ഡോണ്‍ബാസ് മേഖല, വിട്ടുകൊടുക്കാന്‍ യുക്രൈനോട് ആവശ്യപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ ഈ പദ്ധതിയുടെ ആദ്യ രൂപത്തില്‍ ഉണ്ടായിരുന്നു. യുക്രൈന്‍ സൈന്യത്തിന്റെ എണ്ണം കുറയ്ക്കാനും നാറ്റോയില്‍ ചേരില്ലെന്ന് ഔദ്യോഗികമായി പ്രതിജ്ഞയെടുക്കാനും ആവശ്യപ്പെട്ടു.

യുദ്ധം നടക്കുന്ന ഇപ്പോഴത്തെ അതിര്‍ത്തികള്‍ അതേപടി അംഗീകരിക്കണമെന്നാണ് ആവശ്യം. യുക്രെയ്ന്‍ നാറ്റോ സഖ്യത്തില്‍ ചേരില്ലെന്ന് ഉറപ്പുനല്‍കണം. കുറഞ്ഞത് 20 വര്‍ഷത്തേക്കെങ്കിലും നാറ്റോയില്‍ ചേരുന്നതില്‍ നിന്ന് യുക്രെയ്ന്‍ വിട്ടുനില്‍ക്കണമെന്നതാണ് വ്യവസ്ഥ.

നിലവിലെ യുദ്ധമുഖത്ത് 800 മൈലോളം ദൈര്‍ഘ്യത്തില്‍ ഒരു സൈനികരഹിത മേഖല സൃഷ്ടിക്കും. ഇതിന്റെ സുരക്ഷാ ചുമതല യൂറോപ്യന്‍ സേനയ്ക്കായിരിക്കും, അമേരിക്കന്‍ സൈന്യം നേരിട്ട് ഇടപെടില്ല. യുക്രെയ്ന്‍ തങ്ങളുടെ സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണം (നിലവില്‍ ഇത് 8 ലക്ഷത്തിലധികമാണ്). റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യാനും അവരെ ആഗോള വിപണിയിലേക്ക് തിരികെ കൊണ്ടുവരാനും പദ്ധതി നിര്‍ദ്ദേശിക്കുന്നു. യുക്രെയ്‌നെ പുനര്‍നിര്‍മ്മിക്കാന്‍ 100 ബില്യന്‍ ഡോളറിന്റെ ഫണ്ട് (റഷ്യയുടെ മരവിപ്പിച്ച സ്വത്തുക്കളില്‍ നിന്നും യൂറോപ്യന്‍ സഹായത്തില്‍ നിന്നും) ലഭ്യമാക്കും.

അതേസമയം കരാര്‍ ഭൂരിഭാഗം നിരീക്ഷകരും ഇത് യുക്രെയ്‌ന് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. ഇതിനുള്ള കാരണങ്ങള്‍ നിരവധി ആണ്. സ്വന്തം രാജ്യത്തിന്റെ വലിയൊരു ഭാഗം റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുന്നത് യുക്രെയ്‌ന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. യുദ്ധം തുടങ്ങിയ റഷ്യയ്ക്ക് അവര്‍ ആഗ്രഹിച്ച സ്ഥലങ്ങള്‍ ലഭിക്കുന്നത് പുടിന്റെ വിജയമായി കണക്കാക്കപ്പെടും. ഇത് ഭാവിയില്‍ വീണ്ടും ആക്രമണം നടത്താന്‍ റഷ്യയ്ക്ക് ധൈര്യം നല്‍കിയേക്കാം. നാറ്റോ അംഗത്വം ലഭിക്കാത്തത് യുക്രെയ്‌നെ ഭാവിയിലും അരക്ഷിതാവസ്ഥയിലാക്കും. എങ്കിലും, യുദ്ധം ഉടനടി അവസാനിപ്പിക്കാനും കൂടുതല്‍ രക്തചൊരിച്ചില്‍ ഒഴിവാക്കാനും ഈ കരാര്‍ സഹായിക്കുമെന്നൊരു വാദം ട്രംപ് അനുകൂലികള്‍ ഉയര്‍ത്തുന്നുണ്ട്.

യുക്രെയ്ന്‍ യുദ്ധത്തിന് അമേരിക്കന്‍ നികുതിദായകരുടെ പണം ചെലവാക്കുന്നതിനെ ട്രംപ് ശക്തമായി എതിര്‍ക്കുന്നു. അമേരിക്കയുടെ സാമ്പത്തിക ലാഭത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നത്. ജയമോ തോല്‍വിയോ എന്നതിലുപരി, എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അമേരിക്കന്‍ സഹായത്തിന് നന്ദി കാണിക്കുന്നില്ലെന്നും, സമാധാനത്തിന് വഴങ്ങുന്നില്ലെന്നും ട്രംപ് വിമര്‍ശിച്ചിട്ടുണ്ട്. കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ സഹായം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍, യുക്രെയ്ന്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്ത് സമാധാനം സ്ഥാപിക്കണമെന്നാണ് ട്രംപിന്റെ നിലപാട്.

അതേസമയം ട്രംപിന്റെ 28 ഇന സമാധാന പദ്ധതിക്കെതിരെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വളരെ വൈകാരികവും ശക്തവുമായ വിയോജിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുക്രെയ്‌നെ സംബന്ധിച്ചിടത്തോളം ഇത് 'ജീവന്‍മരണ പോരാട്ടത്തിന്' തുല്യമായ പ്രതിസന്ധിയായാണ് അദ്ദേഹം കാണുന്നത്. ഈ പദ്ധതി അംഗീകരിക്കുന്നത് യുക്രെയ്‌ന്റെ സ്വാതന്ത്ര്യവും അന്തസ്സും അടിയറവ് വയ്ക്കുന്നതിന് തുല്യമാണെന്ന് സെലെന്‍സ്‌കി പ്രതികരിച്ചു. ഇത് റഷ്യയുടെ അധിനിവേശത്തെ അംഗീകരിക്കുന്നതാണെന്നും, യുക്രെയ്ന്‍ ജനതയോട് ചെയ്യുന്ന ചതിയാണെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചരുന്നു.

Tags:    

Similar News