ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം തകര്‍ന്നു കൊണ്ടിരിക്കുന്നു; ഖമേനിയുടെ പിന്‍ഗാമിയായി ആരേയും പ്രഖ്യാപിക്കേണ്ട; പിന്‍ഗാമിയായി വരുന്ന ആര്‍ക്കും നിയമസാധുത ഉണ്ടായിരിക്കില്ല; അക്രമരഹിതമായി അധികാരം ജനങ്ങള്‍ക്ക് വിട്ടുനല്‍കണം; വിജയം അരികിലെത്തിക്കഴിഞ്ഞു, ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് റെസ പഹ്ലവി

ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം തകര്‍ന്നു കൊണ്ടിരിക്കുന്നു

Update: 2026-03-05 16:37 GMT

ന്യൂഡല്‍ഹി: ഇറാന്റെ അധികാരം എത്രയും വേഗം കൈമാറണം എന്ന ആവശ്യവുമായി മുന്‍ ഇറാന്‍ ഷായുടെ മകന്‍ റെസ പഹ്ലവി. കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയെ തീരുമാനിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുമെന്നും പിന്‍ഗാമിയായി വരുന്ന ആര്‍ക്കും നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് പഹ്ലവി എക്സ് പോസ്റ്റിലൂടെ പറഞ്ഞു. ഖമേനിയുടെ മകന്‍ മോജ്തബയായാലും ഹസന്‍ ഖൊമേനിയായാലും അവര്‍ക്ക് ജനപിന്തുണയുണ്ടാകില്ലെന്നും ഭരണകൂടത്തിന്റെ ക്രൂരതകളില്‍ പങ്കാളികളായ ഇവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും പഹ്ലവി വ്യക്തമാക്കി.

നിലവിലെ ഭരണകൂടം അധികാരം ഒഴിയണം. കൈകളില്‍ രക്തക്കറ പുരളാത്ത നിലവിലെ ഉദ്യോഗസ്ഥരും മുന്‍ ഉദ്യോഗസ്ഥരും ജനഹിതം മാനിച്ച് അടിയന്തരമായി അധികാരം കൈമാറണം. അക്രമരഹിതമായി അധികാരം ജനങ്ങള്‍ക്ക് വിട്ടുനല്‍കി 'ലയണ്‍ ആന്‍ഡ് സണ്‍' വിപ്ലവത്തിനൊപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാമിക് റിപ്പബ്ലിക്കിന് പകരമായി 'ഇറാന്‍ പ്രോസ്പിരിറ്റി പ്രോജക്ട്' മുന്നോട്ടുവെക്കുന്ന പരിവര്‍ത്തന സംവിധാനമാണ് ഏക പോംവഴി. ജനാധിപത്യപരമായ ഒരു ദേശീയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ഈ സംവിധാനം രാജ്യത്തെ നയിക്കും.

ഇറാന്‍ ഭരണകൂടത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാകണം. ഇറാനിലെ ജനതയുടെ യഥാര്‍ത്ഥ പ്രതിനിധികളായി പരിവര്‍ത്തന സംവിധാനത്തെ അംഗീകരിക്കണമെന്നും പഹ്ലവി അഭ്യര്‍ത്ഥിച്ചു. 'വിജയം അരികിലെത്തിക്കഴിഞ്ഞു. ഇറാന്‍ ഉടന്‍ സ്വതന്ത്രമാകും. പ്രയാസകരമായ ഈ ഘട്ടത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവരെ ഇറാനിലെ ജനത എന്നും ഓര്‍മ്മിക്കും.' - റെസാ പഹ്ലവി വ്യക്തമാക്കി. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമങ്ങളെ പിന്തുണക്കണമെന്നും റെസ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

ഇറാനിലെ നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പഹ്ലവിയുടെ പ്രസ്താവന വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.അക്രമരഹിതമായി ഉടന്‍ ഭരണം കൈമാറണമെന്നും 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് മുമ്പ് ഇറാന്‍ ഭരിച്ചിരുന്ന മുഹമ്മദ് റെസ പഹ്ലവി ഷായുടെ മകനാണ് റെസ പഹ്ലവി. നിലവില്‍ യുഎസില്‍ പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം, ഇറാനിലെ ഭരണം മാറണമെന്ന് ആഗ്രഹിക്കുന്ന പ്രതിപക്ഷ ഗ്രൂപ്പുകളുടെ പ്രധാന മുഖമാണ്. ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ ട്രംപിന് നന്ദി പറഞ്ഞും റെസ രംഗത്തെത്തിയിരുന്നു.

ഖമനേയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനേയി എത്തുമെന്ന് സൂചനകളുണ്ട്. ഇതിനിടയിലാണ് റെസയുടെ പോസ്റ്റ്. നിലവിലെ ഭരണകൂടം തകര്‍ന്നാല്‍ രാജ്യം അരാജകത്വത്തിലേക്ക് പോകാതിരിക്കാന്‍ 'പരിവര്‍ത്തന ഘട്ടം' വേണമെന്നാണ് റെസയുടെ ആവശ്യം. എന്നാല്‍ ഒരു കുടുംബവാഴ്ചയിലേക്ക് രാജ്യം വീണ്ടും പോകുന്നത് ഇറാനിലെ പല വിഭാഗങ്ങളും എതിര്‍ക്കുന്നുണ്ട്.

ഇറാന്‍ ഭരണഘടനയനുസരിച്ച് അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് ആണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. 88 മതപണ്ഡിതന്മാര്‍ അടങ്ങുന്ന സമിതി രഹസ്യ വോട്ടെടുപ്പിലൂടെയാണ് നേതാവിനെ തീരുമാനിക്കുക. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആരെ പിന്തുണയ്ക്കുന്നു എന്നത് നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാകും. രാജ്യത്തിനകത്ത് പ്രതിഷേധങ്ങള്‍ ശക്തമായാല്‍, താരതമ്യേന മിതമായ നിലപാടുള്ള ഒരാളെ നേതാവാക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായേക്കാം. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രസിഡന്റ്, ജുഡീഷ്യറി തലവന്‍, ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗം എന്നിവരടങ്ങുന്ന സമിതിക്കായിരിക്കും ഭരണചുമതല.

Tags:    

Similar News