'വൃദ്ധൻ സിംഹാസനത്തിൽ മുറുകെ പിടിക്കുന്നു, വിട്ടുകൊടുക്കാൻ ഭയക്കുന്നു..'; യുക്രെയ്നിനെതിരെയുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിച്ച് നൂറുകണക്കിന് ആളുകൾ; സെന്റ് പീറ്റേഴ്‌സ്ബർഗിലെ കസാൻസ്കായ സ്ക്വയറിൽ കണ്ടത് പുടിനെതിരെയുള്ള ജനരോഷം
സെന്റ് പീറ്റേഴ്‌സ്ബർഗ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിന് റഷ്യക്കാർ തെരുവിലിറങ്ങി. ഒക്ടോബർ 13-ന് സെന്റ് പീറ്റേഴ്‌സ്ബർഗിലെ കസാൻസ്കായ സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരോധിച്ച യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിക്കാൻ സംഗീതജ്ഞർക്കൊപ്പം നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. യുക്രെയ്ൻ അനുകൂല റാപ്പറായ നോയ്സ് എം.സി.യുടെ (Noize MC) 'കോ-ഓപ്പറേറ്റീവ് സ്വാൻ ലേക്ക്' എന്ന ഗാനമാണ് സംഗീതജ്ഞർക്കൊപ്പം ജനങ്ങൾ ഏറ്റുപാടയത്.
'എട്ട് വർഷമായി നിങ്ങൾ എവിടെയായിരുന്നു, ഈ ഭീകരന്മാരേ? എനിക്ക് ബാലെ കാണണം, ഹൻസുകൾ നൃത്തം ചെയ്യട്ടെ. നിങ്ങളുടെ മുത്തച്ഛൻ ആവേശത്തോടെ സ്വാൻ ലേക്കിനായി വിറയ്ക്കട്ടെ,' എന്നൊക്കെയുള്ള വരികളോടെയാണ് ഗാനം പുരോഗമിച്ചത്. 'രാജാവ് മരിക്കുമ്പോൾ ഞങ്ങൾ വീണ്ടും നൃത്തം ചെയ്യും. വൃദ്ധൻ സിംഹാസനത്തിൽ മുറുകെ പിടിക്കുന്നു, വിട്ടുകൊടുക്കാൻ ഭയക്കുന്നു. ബങ്കറിലുള്ള വൃദ്ധൻ ഇപ്പോഴും കരുതുന്നത് 1985 ആണെന്ന്,' എന്ന വരികളും ഗാനത്തിലുണ്ടായിരുന്നു.
റഷ്യയുടെ യുവാക്കൾക്കിടയിൽ പുടിന്റെ ഭരണത്തിനും യുക്രെയ്നിനെതിരെയുള്ള ആക്രമണത്തിനും എതിരെ വലിയ എതിർപ്പ് നിലനിൽക്കുന്നുണ്ട്. അടുത്തിടെയായി യുക്രെയ്ൻ നടത്തുന്ന ദീർഘദൂര ആക്രമണങ്ങൾ റഷ്യൻ മണ്ണിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, നോയ്സ് എം.സി.യുടെ 'കോ-ഓപ്പറേറ്റീവ് സ്വാൻ ലേക്ക്' എന്ന ഗാനം റഷ്യൻ യുവാക്കൾക്കിടയിൽ യുദ്ധവിരുദ്ധ ഗാനമായി മാറിയിരുന്നു.
നോയ്സ് എം.സി.യുടെ യഥാർത്ഥ പേര് ഇവാൻ അലെക്സേവ് എന്നാണ്. 2022-ൽ റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ അദ്ദേഹം ലിത്വാനിയയിലേക്ക് പലായനം ചെയ്തിരുന്നു. ഈ ഗാനം വിതരണം ചെയ്യുന്നതിന് സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഒരു കോടതി മെയ് മാസത്തിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഏപ്രിലിൽ ഒരു കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് ഈ നടപടി.
അതേസമയം, ഗാനം ആലപിക്കാൻ നേതൃത്വം നൽകിയ 18 വയസ്സുകാരിയായ ഡയാന ലോഗിനോവയെ പോലീസ് അറസ്റ്റ് ചെയ്തതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതുസ്ഥലത്ത് വലിയൊരു സംഘത്തെ സംഘടിപ്പിച്ചതിനുള്ള ഭരണഘടനാപരമായ കുറ്റമാണ് അവർക്കെതിരെ ചുമത്തുക. തന്റെ മകൾക്ക് രാഷ്ട്രീയ താല്പര്യങ്ങളില്ലെന്നും ഗാനം വളരെ പ്രചാരമുള്ളതുകൊണ്ട് മാത്രമാണ് തിരഞ്ഞെടുത്തതെന്നും ഡയാനയുടെ അമ്മ ഇറിന പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 'ഡയാന എന്റെ കൂടെയാണ് താമസിക്കുന്നത്, എപ്പോഴും എന്റെ നിരീക്ഷണത്തിലാണ്. പലപ്പോഴും അവളുടെ പ്രകടനങ്ങളിൽ ഞാൻ പങ്കെടുക്കാറുണ്ട്, ശേഷം അവളെ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ട്. ഞങ്ങൾ വളരെ അടുത്ത ബന്ധത്തിലാണ്, അവൾക്ക് രാഷ്ട്രീയത്തിൽ യാതൊരു താല്പര്യവുമില്ലെന്ന് എനിക്കറിയാം,' ഇറിന കൂട്ടിച്ചേർത്തു.