കിമ്മിന്റെ നാട്ടില്‍ അവധി ആഘോഷിക്കാന്‍ പോയ റഷ്യക്കാരി ഞെട്ടിത്തരിച്ചു..! ആ ബീച്ച് റിസോര്‍ട്ടില്‍ അവരെ കാത്തിരുന്നത് അദൃശ്യമായ ചങ്ങല വലയങ്ങള്‍; ആഢംബര സൗകര്യങ്ങള്‍ക്ക് നടുവിലും ഡാരിയ സുബ്കോവ കഴിച്ചുകൂട്ടിയത് ഭയപ്പാടില്‍; ഉത്തരകൊറിയയില്‍ എത്തിയ വിനോദ സഞ്ചാരിക്ക് സംഭവിച്ചത്..

കിമ്മിന്റെ നാട്ടില്‍ അവധി ആഘോഷിക്കാന്‍ പോയ റഷ്യക്കാരി ഞെട്ടിത്തരിച്ചു..!

Update: 2025-08-14 10:11 GMT

പ്യോങ്യാങ്: ഉത്തരകൊറിയയില്‍ എല്ലാ കാര്യത്തിനും കര്‍ശന നിയന്ത്രണങ്ങളാണ്. നിങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും രാജ്യത്തെ ഏകാധിപതിയായ കിംജോങ് ഉന്നിന്റെ ആളുകളുടെ നിരീക്ഷണത്തിലായിരിക്കും. ഉത്തരകൊറിയയിലെ ഒരു ബീച്ച് റിസോര്‍ട്ട് സന്ദര്‍ശിച്ച സ്ത്രീ താന്‍ അവിടെ കണ്ട കാഴ്ചകളെ കുറിച്ച് മനസ് തുറന്നത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറുന്നു. കഴിഞ്ഞ ജൂണില്‍ തുറന്ന കടല്‍ത്തീര വിശ്രമ കേന്ദ്രമായ വോണ്‍സാന്‍ കല്‍മ, രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത്, കാങ്വോണ്‍ മേഖലയിലെ ഒരു വിമാനത്താവളത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

സര്‍ക്കാര്‍ മാധ്യമങ്ങള്‍ എല്ലാം തന്നെ ഇതൊരു വമ്പന്‍ പദ്ധതിയാണെന്നും രാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റും എന്നൊക്കെയാണ് വീമ്പടിച്ചിരുന്നത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് ആദ്യം പദ്ധതിയിട്ടിരുന്നത്. തുറന്നതിനുശേഷം, റഷ്യയില്‍ നിന്നുള്ളവര്‍ ഒഴികെയുള്ള എല്ലാ വിനോദസഞ്ചാരികളെയും റിസോര്‍ട്ട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

റഷ്യന്‍ ബ്ലോഗറായ ഡാരിയ സുബ്കോവ റിസോര്‍ട്ട് സന്ദര്‍ശിക്കുകയും യഥാര്‍ത്ഥത്തില്‍ ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന കാര്യം വെളിപ്പെടുത്തുകയും ചെയ്തു. അവര്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് റഷ്യയിലെ വ്‌ളാഡിവോസ്റ്റോക്കിലേക്കും തുടര്‍ന്ന് പ്യാങ്യാങ്ങിലേക്കുമാണ് അവര്‍ യാത്ര ചെയ്തത്. പ്യോങ്യാങ്ങില്‍ മൂന്ന് ദിവസം ചെലവഴിച്ച ശേഷം, 2.5 മൈല്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന വോണ്‍സാന്‍ കല്‍മ റിസോര്‍ട്ടില്‍ അവര്‍ താമസിച്ചു.





 


ബെനിഡോര്‍മിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഈ വിശ്രമ കേന്ദ്രത്തില്‍ 20,000 സന്ദര്‍ശകരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കൂടാതെ 40-ലധികം ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയുമുണ്ട്. എല്ലാ ആധുനിക സംവിധാനങ്ങളും ഉള്ള ഇവിടുത്തെ താമസം സുഖകരമായിരുന്നു എങ്കിലും ഏതോ ഒരു ഭീതി തനിക്ക് തോന്നിയിരുന്നതായിട്ടാണ് ഡാരിയ പറയുന്നത്. ആരോ തന്നെ നിരീക്ഷിക്കുന്നതായും പിന്തുടരുന്നതായും നിരന്തരം അനുഭവപ്പെട്ടിരുന്നു എന്നാണ് അവര്‍ ഓര്‍ക്കുന്നത്.

ഹോട്ടലില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി പുലര്‍ച്ചെ 2 മണിക്ക്, ബീച്ചിലൂടെ ഒറ്റയ്ക്ക് നടന്നു എന്നും ഒരു പ്രശ്നവും ഉണ്ടായില്ല എന്നുമാണ്

ഡാരിയ പറയുന്നത്. റിസോര്‍ട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിദേശ വിനോദസഞ്ചാരികളെ വിലക്കിയതിന്് ശേഷമാണ് ഇത് സംഭവിക്കുന്നത്. ജൂലൈ 12 ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇവിടം സന്ദര്‍ശിച്ചിരുന്നു.

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ലാവ്‌റോവിനെ റിസോര്‍ട്ടിലെ 'ആദ്യത്തെ വിദേശ അതിഥി' എന്ന് വിശേഷിപ്പിച്ചിരുന്നു. അതേ സമയം റഷ്യ ഒഴികെയുളള രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇവിടെ വിലക്ക് ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് ഇനിയും വിശദീകരിച്ചിട്ടില്ല. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ഏതെങ്കിലും വിദേശികള്‍ പകര്‍ത്തുന്നത് തടയാനാണ് വിലക്കെന്നുമാണ് പറയപ്പെടുന്നത്.

Tags:    

Similar News