ഇന്ത്യയും പാകിസ്ഥാനും മോചിപ്പിക്കുന്ന തടവുകാരുടെ പട്ടിക കൈമാറി; ഇന്ത്യ കൈമാറിയത് വിട്ടയക്കുന്ന 463 പേരുടെ പട്ടിക; പാകിസ്ഥാന്‍ 246 പേരെയും കൈമാറും; ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ നയതന്ത്ര ഇടപെടല്‍

ഇന്ത്യയും പാകിസ്ഥാനും മോചിപ്പിക്കുന്ന തടവുകാരുടെ പട്ടിക കൈമാറി

Update: 2025-07-01 12:18 GMT

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും കസ്റ്റഡിയിലുള്ള സിവിലിയന്‍ തടവുകാരുടെയും മത്സ്യത്തൊഴിലാളികളെയും പരസ്പരം കൈമാറും. ന്യൂഡല്‍ഹിയിലും ഇസ്ലാമാബാദിലും ഇന്ന് നടന്ന നയതന്ത്ര ചര്‍ച്ചകളില്‍ തടവുകാരെ കൈമാറുന്ന കാര്യത്തില്‍ തീരുമാനമായത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ നടപടിയാണിത്.

മോചിപ്പിക്കുന്ന തടവുകാരുടെ പട്ടിക ഇരുരാജ്യങ്ങളും കൈമാറിയിട്ടുണ്ട്. 2008 ലെ ഉഭയകക്ഷി കോണ്‍സുലാര്‍ ആക്സസ് കരാറിലെ വ്യവസ്ഥകള്‍ പ്രകാരം എല്ലാ വര്‍ഷവും ജനുവരി 1 നും ജൂലൈ 1 നും ഇത്തരം പട്ടികകള്‍ കൈമാറാറുണ്ട്. വിട്ടയക്കുന്ന 463 പേരുടെ പട്ടികയാണ് ഇന്ത്യ കൈമാറിയത്. പാകിസ്ഥാന്‍ 246 പേരെയും കൈമാറും.

ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 382 സിവിലിയന്‍ തടവുകാരുടെയും 81 മത്സ്യത്തൊഴിലാളികളുടെയും പേരുകളാണ് പട്ടികയിലുള്ളത്. കസ്റ്റഡിയിലുള്ള 53 സിവിലിയന്‍ തടവുകാരെയും 193 മത്സ്യത്തൊഴിലാളികളെയുമാണ് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുന്നത്. പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള സിവിലിയന്‍ തടവുകാരെയും, മത്സ്യത്തൊഴിലാളികളെയും, അവരുടെ ബോട്ടുകളെയും, കാണാതായ ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരെയും എത്രയും വേഗം മോചിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചയയ്ക്കണമെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 159 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും, സിവിലിയന്‍ തടവുകാരെയും മോചിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നത് വേഗത്തിലാക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി കേന്ദ്രം അറിയിച്ചു. പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള 26 സിവിലിയന്‍ തടവുകാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഉടനടി കോണ്‍സുലാര്‍ പ്രവേശനം നല്‍കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോചനം ലഭിച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതുവരെ എല്ലാ ഇന്ത്യന്‍ സിവിലിയന്‍ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കാന്‍ പാകിസ്ഥാനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 80 പാകിസ്ഥാന്‍ സിവിലിയന്‍ തടവുകാരുടെ മത്സ്യത്തൊഴിലാളികളുടെയും ദേശീയത പരിശോധിച്ച് ഉറപ്പുവരുത്തുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാനില്‍ നിന്ന് ദേശീയത സ്ഥിരീകരിക്കാത്തതിനാല്‍ ഇവരെ സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള സമയപരിധി നീട്ടിവച്ചു. 2014 മുതല്‍ 2,661 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും 71 ഇന്ത്യന്‍ സിവിലിയന്‍ തടവുകാരെയും പാകിസ്ഥാനില്‍ നിന്ന് തിരിച്ചയച്ചു. 2023 മുതല്‍ പാകിസ്ഥാനില്‍ 500 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും 13 ഇന്ത്യന്‍ സിവിലിയന്‍ തടവുകാരെയുമാണ് തിരിച്ചയച്ചത്.

Tags:    

Similar News