ഇറാനു വേണ്ടി യഹൂദര്‍ക്ക് മേല്‍ ചാരപ്പണി നടത്തി; ഒരു ഇറാനിയന്‍ പൗരനടക്കം നാലുപേര്‍ അറസ്റ്റില്‍; സ്വയം തീപിടിക്കുന്ന പാഴ്‌സലുകള്‍ യൂറോപ്പില്‍ ഭീതി പടര്‍ത്തുന്നു; പിന്നില്‍ റഷ്യന്‍ ചാരസംഘടനയെന്ന് സംശയം
ബ്രിട്ടനിലെ ജൂതസമൂഹത്തിനു മേല്‍ നിരീക്ഷണം നടത്തി വന്നിരുന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇറാന് വേണ്ടിയായിരുന്നു ഇവര്‍ ചാരപ്പണി നടത്തിയിരുന്നത് എന്ന് സംശയിക്കുന്നതായി മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു. ചില പ്രദേശങ്ങളെയും ചില വ്യക്തികളെയുമായിരുന്നു ഇവര്‍ നിരീക്ഷണവിധേയമാക്കിയിരുന്നത്. ഒരു ഇറാനിയന്‍ പൗരനും, ബ്രിട്ടീഷ് - ഇറാനിയന്‍ ഇരട്ട പൗരത്വമുള്ള മൂന്നു പേരുമാണ് അറസ്റ്റിലായത്. ഇന്നലെ അതിരാവിലെ 1 മണിയോടെ വടക്കന്‍ ലണ്ടനിലെ ബാര്‍നെറ്റ്, ഹാരോ എന്നിവിടങ്ങളില്‍ നിന്നും, ഹേര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ വാറ്റ്‌ഫോര്‍ഡില്‍ നിന്നുമാണ് ഇവര്‍ പിടിയിലാകുന്നത്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കൗണ്ടര്‍ ടെററിസം പോലീസിംഗിലെ ഉദ്യോഗസ്ഥരാണ് ഇവരെ ഒരു വിദേശരാജ്യത്തിനായി ചാരവൃത്തി നടത്തുന്നു എന്ന പേരില്‍ അറസ്റ്റ് ചെയ്തത്. ബാര്‍നെറ്റില്‍ നിന്നും 40 ഉം 55 ഉം വയസ്സ് വീതമുള്ള രണ്ട് പുരുഷന്മാരും, വാറ്റ്‌ഫോര്‍ഡില്‍ നിന്നും ഒരു 53 കാരനും, ഹാരോയില്‍ നിന്നും ഒരു 22 കാരനുമാണ് പിടിയിലായത് എന്നാണ് പോലീസിന്റെ കുറിപ്പില്‍ പറയുന്നത്. ബാര്‍നെറ്റ്, വാറ്റ്‌ഫോര്‍ഡ് എന്നിവിടങ്ങളിലും വെംബ്ലിയിലെ ഒരു മേല്‍വിലാസത്തിലും പരിശോധനകള്‍ നടന്നതായും പോലീസ് അറിയിച്ചു.
ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി എന്ന സംശയത്തില്‍ മറ്റ് ആറ് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ പേരില്‍ കൃത്യനിര്‍വ്വഹണത്തിനിടെ പോലീസിനെ മര്‍ദ്ധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. പത്ത് പേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പൊതുജനങ്ങള്‍, പ്രത്യേകിച്ചും ജൂത വിഭാഗത്തില്‍ പെട്ടവര്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യൂറോപ്പിലെ സ്വയം കത്തുന്ന പാഴ്‌സലുകള്‍ക്ക് പിന്നില്‍ റഷ്യയെന്ന് സംശയം
ബ്രിട്ടനിലെ ബിര്‍മ്മിംഗ്ഹാമില്‍ നിന്നുള്‍പ്പടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, പാഴ്‌സലുകള്‍ക്ക് സ്വയം തീപിടിക്കുന്ന സംഭവങ്ങള്‍ക്ക് പിറകില്‍ റഷ്യന്‍ ചാരസംഘടനയാണെന്ന് സംശയം. പാഴ്‌സലുകള്‍ക്ക് തീപിടിക്കുന്ന നിരവധി സംഭവങ്ങള്‍ യൂറോപ്പിന്റെ പല ഭാഗങ്ങളില്‍ നിന്നായി രേഖപ്പെടുത്തിയതിനു പിന്നാലെ, വിവിധ രാജ്യങ്ങളിലെ അന്വേഷണ സംഘങ്ങള്‍ യോജിച്ചുകൊണ്ടുള്ള ഒരു അന്വേഷണം നടക്കുകയാണെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. 2024 ജൂലായില്‍ ബിര്‍മ്മിംഗ്ഹാമിലെ ഒരു ഡി എച്ച് എല്‍ ഡിപ്പോയില്‍ നടന്ന തീപിടുത്തത്തിന് യൂറോപ്പിലെ മറ്റ് സംഭവങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം, ഒരു വിദേശ ചാരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന സംശയത്തില്‍ 38 വയസ്സുള്ള ഒരു റൊമേനിയന്‍ പൗരനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ വിട്ടയച്ചെങ്കിലും ഇപ്പോഴും പോലീസിന്റെ നിരീക്ഷണ വലയത്തിലാണ് ഇയാള്‍. റഷ്യന്‍ മിലിറ്ററി ഇന്റലിജന്‍സാണ് ഈ സംഭവങ്ങള്‍ക്ക് പുറകിലെന്ന് സംശയിക്കുന്നതായാണ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ വിക്കി ഇവാന്‍സ് പറയുന്നത്. 2024 ല്‍ ലിത്വാനിയയില്‍ നിന്നും ബ്രിട്ടനിലേയും പോളണ്ടിലേയും വിവിധ മേല്‍വിലാസങ്ങളിലേക്ക് നാല് പാഴ്‌സലുകള്‍ അയച്ചിരുന്നതായി സംയുക്താന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതില്‍ ഒന്ന് ലീപ്‌സിംഗ് വിമാനത്താവളത്തില്‍ ട്രാന്‍സിറ്റിനിടയില്‍ തീപിടിച്ചിരുന്നു. വിമാനത്തില്‍ കയറ്റുന്നതിനിടയിലായിരുന്നു തീപിടുത്തം ഉണ്ടായത്. മറ്റൊന്ന് പോളണ്ടില്‍, ഒരു ട്രക്കിനുള്ളില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നാമതൊരു പാഴ്‌സല്‍ സുരക്ഷിതമായി പിടിച്ചെടുത്തപ്പോള്‍, നാലാമത്തേത് ബിര്‍മ്മിംഗ്ഹാമില്‍ തീപിടിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ടെസ്റ്റ് പാഴ്‌സലുകള്‍ അമേരിക്കയിലേക്കും കാനഡയിലെക്കും അയച്ചിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. വടക്കെ അമേരിക്കയിലേക്ക് അയച്ച രണ്ട് പാഴ്‌സലുകള്‍ ആംസ്റ്റര്‍ഡാമില്‍ വെച്ച് പിടിച്ചെടുത്തിരുന്നു.
ലിത്വാനിയയിലും പോളണ്ടിലുമായി റഷ്യന്‍ മിലിറ്ററി ഇന്റലിജന്‍സിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ എന്ന് സംശയിക്കുന്ന 22 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഓണ്‍ലൈന്‍ മെസേജിംഗ് സംവിധാനം വഴിയാണ് ഇവരെ റിക്രൂട്ട് ചെയ്തിരുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു ഇവര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നത്. പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബാള്‍ട്ടിക് രാജ്യങ്ങളില്‍ നിന്നായിരുന്ന് പണം വന്നിരുന്നത്.
