ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധ്യത; കൈലാസ് മാനസ സരോവര്‍ യാത്രയും വീണ്ടും തുടങ്ങും; കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷത്തില്‍ അയവുവന്നതോടെ വിസ സൗകര്യങ്ങളും മെച്ചപ്പെട്ടേക്കും; ബന്ധം പുതിയ വഴിത്തിരിവിലെന്ന് വിദേശകാര്യമന്ത്രിമാര്‍
ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുളള വിദേശ വിമാന സര്‍വീസുകള്‍ പുനരംരംഭിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തില്‍ വലിയ പുരോഗതിയുടെ സൂചന നല്‍കി കൊണ്ട് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നേരിട്ടുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആലോചന. വിമാനയാത്ര മാത്രമല്ല. കൈലാസ് മാനസ സരോവര്‍ യാത്രയും വീണ്ടും തുടങ്ങും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ വഴിത്തിരിവിലാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.
ജി 20 ഉച്ചകോടിയോട് അനുബന്ധിച്ച് ബ്രസീസിലെ റയോ ഡി ജനീറോയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. കിഴക്കന്‍ ലഡാക്കിലെ, ഡെപ്‌സാങ്, ഡെംചോക് മേഖലകളില്‍ നിന്ന് സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇരുനേതാക്കളുടെയും നിര്‍ണായക കൂടിക്കാഴ്ച.
വിസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് ചൈനയുടെ മറ്റൊരു നിര്‍ദേശം. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇരു നേതാക്കളും ബ്രസീലിലെത്തിയത്. അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നതിന്റെ പുരോഗതിയും മറ്റ് ആഗോള പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചൈനയുടെയും ഇന്ത്യയുടെയും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
നിലവില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ട് വിമാന സര്‍വീസില്ല. യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്നതിന് മൂന്നാമതൊരു രാജ്യത്തിലൂടെ സഞ്ചരിക്കണം. ഇതുമൂലം കൂടുതല്‍ യാത്രാനിരക്ക് നല്‍കേണ്ടിവരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബിസിനസുകാര്‍ക്കും മറ്റ് സ്ഥിരം യാത്രക്കാര്‍ക്കും ഇത് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇടപെടല്‍.
2020ല്‍, കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ്, ഇന്ത്യ ചൈനീസ് പൗരന്മാര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും ചെയ്തത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ പരസ്പര വിശ്വാസത്തിന്റെയും സംശയം കുറയുന്നതിന്റെയും ആവശ്യകതയെക്കുറിച്ചും ചര്‍ച്ചയായി.
കൈലാസ് മാനസ സരോവര്‍ യാത്രയും 2020 ല്‍ കോവിഡിന് ഇടയിലാണ് നിര്‍ത്തി വച്ചത്. നേരിട്ടുള്ള വിമാന യാത്ര സര്‍വീസ്, കൈലാസ മാനസ സരോവര്‍ യാത്ര, അതിര്‍ത്തി കടന്നൊഴുകുന്ന നദികളെ കുറിച്ചുള്ള വിവരം പങ്കുവയ്ക്കല്‍ എന്നീ കാര്യങ്ങള്‍ ഇരുപക്ഷവും തമ്മില്‍ ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.