'ഇന്ത്യയുടെ നടപടി ഖേദകരം; ഇന്ത്യയും പാകിസ്ഥാനും വേര്‍പെടുത്താന്‍ കഴിയാത്ത അയല്‍ക്കാര്‍; ഇരു രാജ്യങ്ങളും സംയമനം പാലിക്കണം'; പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനോട് വിയോജിച്ച് ചൈന; സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ചൈന

'ഇന്ത്യയുടെ നടപടി ഖേദകരം; ഇന്ത്യയും പാകിസ്ഥാനും വേര്‍പെടുത്താന്‍ കഴിയാത്ത അയല്‍ക്കാര്‍

Update: 2025-05-07 05:23 GMT

ബെയ്ജിങ്: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ആശങ്ക അറിയിച്ച് ചൈന. ഇന്ത്യയുടെ ഓപ്പറേഷനോട് വിയോജിച്ചു കൊണ്ടാണ് ചൈനയുടെ പ്രതികരണം. ഇന്ത്യയുടെ നടപടി ഖേദകരമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്ന എല്ലാ സാഹചര്യങ്ങളില്‍ നിന്നും രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റേതാണ് പ്രതികരണം.

'നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ട്. ഇന്ത്യയും പാക്കിസ്താനും ഇപ്പോഴും ഭാവിയിലും അയല്‍ക്കാരായിരിക്കും. ഇരുവരും ചൈനയുടെ അയല്‍രാജ്യങ്ങള്‍ കൂടിയാണ്. എല്ലാ ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നു. സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി നിലകൊള്ളണമെന്ന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുകയാണ്. സംയമനം പാലിക്കുക. സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക', എന്നായിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം.

അതേസമയം ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം വര്‍ധിക്കാതിരിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് മുന്നറിയിപ്പു നല്‍കിയത്. സംഘര്‍ഷം വളരെ വേഗം അവസാനിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു മാര്‍ക്കോ റൂബിയോയുടെ പ്രതികരണം.

അതേ സമയം, ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകവെ ഇന്ത്യന്‍ സേനയുടെ ശക്തമായ തിരിച്ചടിയില്‍ പാക് കരസേനാംഗള്‍ക്ക് ആള്‍നാശം സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് പാക് സൈന്യം പീരങ്കികള്‍ പ്രയോഗിച്ചതിനുള്ള ശക്തമായ തിരിച്ചടിയില്‍ പാക് കരസേനാംഗങ്ങളെ വധിച്ചതായാണ് വിവരം. ദൗത്യത്തില്‍ പങ്കെടുത്ത വ്യോമസേന പൈലറ്റുമാര്‍ എല്ലാം സുരക്ഷിതരെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് നാശ നഷ്ടങ്ങള്‍ സംഭവിച്ചതായാണ് ഔദ്യോഗിക വിവരം.

കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷന്‍ സിന്ദൂരി'ലൂടെയാണ് ഇന്ത്യ പാകിസ്താന് മറുപടി നല്‍കിയത്. ഭീകരരുടെ കേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്‌ഷെ മുഹ്‌മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനവും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 55 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.

അതേസമയം ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് കുട്ടികളടക്കം 10 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായാണ് പുതിയ വിവരം. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. മുഹമ്മദ് ആദില്‍, സലീം ഹുസൈന്‍, റൂബി കൗര്‍, മുഹമ്മദ് അക്രം, അംറിക് സിങ്, രഞ്ജിത്ത് സിങ്, മുഹമ്മദ് റാഫി, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് സെയ്ന്‍ (12 വയസ്), സോയ ഖാന്‍ (10 വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്.

പാക്കിസ്ഥാന്‍ നിയന്ത്രണരേഖയില്‍ കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. പൂഞ്ച് സെക്ടറിലെ ഇന്ത്യ പ്രദേശങ്ങളിലെ ഗ്രാമങ്ങളും വീടുകളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. പാക്കിസ്ഥാന്‍ വെടിവെപ്പിന് പിന്നാലെ സുരക്ഷാസേന കനത്ത തിരിച്ചടി നല്‍കി. തിരിച്ചടിയില്‍ പാക് സൈന്യത്തില്‍ ആള്‍നാശം ഉണ്ടായെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി. അതേസമയം, പാക് വെടിവെപ്പിന് പിന്നാലെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അതിര്‍ത്തി ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം വെടിവെപ്പ് നടത്തിയതായി ഇന്ത്യന്‍ സുരക്ഷാസേന. പാക് വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മൂന്നു സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും സേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News