ട്രംപിന്റെ അവകാശവാദം പൊളിച്ച് പാക് വിദേശകാര്യ മന്ത്രിയുടെ അപൂര്‍വമായ തുറന്നുപറച്ചില്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇന്ത്യ മൂന്നാം കക്ഷിയുടെ ഇടപെടല്‍ പാടേ തള്ളി; അമേരിക്കയുടെ ഇടപെടലില്‍ തങ്ങള്‍ക്ക് വിരോധമില്ലെങ്കിലും ഇന്ത്യ ഉഭയകക്ഷി വിഷയമായി കാണുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി; യാഥാര്‍ഥ്യം ശരിവച്ച് ഇഷാഖ് ധര്‍
ട്രംപിന്റെ അവകാശവാദം പൊളിച്ച് പാക് വിദേശകാര്യ മന്ത്രിയുടെ അപൂര്‍വമായ തുറന്നുപറച്ചില്‍
ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനുമിടയില്‍, മൂന്നാം കക്ഷിയുടെ പങ്കാളിത്തം ഇന്ത്യ തള്ളിയെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ധര്‍. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ വഹിക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം പാടേ തള്ളുന്ന തരത്തിലാണ് പാക് മന്ത്രിയുടെ അപൂര്‍വ തുറന്നുപറച്ചില്‍.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ മൂന്നാം കക്ഷിയുടെ പങ്കാളിത്തം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ഇഷാഖ് ധാര്‍ വ്യക്തമാക്കി. അമേരിക്ക വഴി വെടിനിര്‍ത്തല്‍ വാഗ്ദാനം വന്നിരുന്നെങ്കിലും, വിഷയം ഇരു രാജ്യങ്ങള്‍ക്കിടയില്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കാനുള്ള സാധ്യത ആരാഞ്ഞപ്പോള്‍, പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന്് മെയ് മാസത്തില്‍ അമേരിക്ക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. നിഷ്പക്ഷ വേദിയില്‍ വച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്താമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ജൂലൈ 25 ന് മാര്‍ക്കോ റൂബിയോയെ വാഷിങ്ടണില്‍ വച്ച് കണ്ടപ്പോള്‍, ഇന്ത്യ ആ നിര്‍ദ്ദേശം അംഗീകരിച്ചില്ല എന്നാണ് അദ്ദേഹം അറിയിച്ചത്.
'മൂന്നാം കക്ഷിയുടെ ഇടപെടലില്‍ ഞങ്ങള്‍ക്ക് വിരോധമില്ല, പക്ഷേ, എല്ലാ വിഷയങ്ങളും, അതായത് ഭീകരവാദം, വ്യാപാരം, സാമ്പത്തികം, ജമ്മു കശ്മീര്‍ തുടങ്ങിയവ സമഗ്രമായി ചര്‍ച്ച ചെയ്യണമെന്നാണ് പാകിസ്ഥാന്റെ നിലപാട്. എന്നാല്‍, ഇന്ത്യ ഇതൊരു ഉഭയകക്ഷി വിഷയമായി കണക്കാക്കുന്നു. ഞങ്ങള്‍ ഒന്നും യാചിക്കുന്നില്ല. സമാധാനം കാംക്ഷിക്കുന്ന രാജ്യമാണ് ഞങ്ങളുടേത്. ഇക്കാര്യത്തില്‍, ഇരു കൂട്ടരുടെയും സഹകരണം ആവശ്യമാണ്,' ധര്‍ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യ അനുകൂലമായി പ്രതികരിച്ചാല്‍, ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്‍ വിഷയത്തില്‍ ഒരു തരത്തിലുള്ള മൂന്നാം കക്ഷി ഇടപെടലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കിയിരുന്നു. ' ഇന്ത്യ ഒരിക്കലും മധ്യസ്ഥ ചര്‍ച്ച അംഗീകരിച്ചിട്ടില്ല, ഇനി അംഗീകരിക്കുകയുമില്ല', മോദി ട്രംപിനോട് തുറന്നടിച്ചു.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും, താന്‍ ഇടപെട്ടാണ് ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതെന്ന് ആവര്‍ത്തിക്കാന്‍ ട്രംപ് മടി കാട്ടാറില്ല.