ഇസ്മായില്‍ ഹനിയ്യയെ തീര്‍ത്തത് ഇറാന്റെ മടയില്‍ കയറി; പകരക്കാരനായി എത്തിയ യഹിയ സിന്‍വറിനെയും വധിച്ച് ഇസ്രായേല്‍ പ്രതികാരം; ഹമാസിന് ഇത് മേധാവിമാര്‍ വാഴാത്ത കാലം; സിന്‍വറിനെ തീര്‍ത്ത ഇസ്രായേലിനെ അഭിനന്ദിച്ച് അമേരിക്കയും; പ്രതികരിക്കാന്‍ പോലും കെല്‍പ്പില്ലാതെ ഹമാസും

യഹിയ സിന്‍വറിനെയും വധിച്ച് ഇസ്രായേല്‍ പ്രതികാരം

Update: 2024-10-18 00:55 GMT

ഗസ്സ സിറ്റി: ഹമാസിന് മേധാവിമാര്‍ മാറാത്ത കാലമാണ് ഇപ്പോള്‍. ഇറാന്റെ മടയില്‍ കയറി ഇസ്മായില്‍ ഹനിയ്യയെ ഇസ്രായേല്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പകരക്കാരനായി യഹിയ സിന്‍വറിനെ നിയോഗിച്ചത്. ഇപ്പോഴിതാ ഹനിയ്യയുടെ വഴിയെ മരിച്ചിരിക്കയാണ് സിന്‍വറും. ഹിമാസ് നേതാക്കളെ മുച്ചോടും മുടിക്കുമെന്ന ഇസ്രായേല്‍ പ്രതിജ്ഞ പതിയെ ശരിയാകുകയാണ്. ഹമാസിന് ഇപ്പോള്‍ മേധാവിമാര്‍ വാഴാത്ത കാലമായി മാറിയിട്ടുണ്ട്.

ഹമാസ് മേധാവി യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത് ഇസ്രായേല്‍ സൈന്യമായിരുന്നു. തെക്കന്‍ ഗസ്സയിലെ റഫയിലെ താല്‍ അല്‍ സുല്‍ത്താനിലെ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ മൂന്നുപേരില്‍ ഒരാള്‍ സിന്‍വാറാണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനക്കായി ഇസ്രായേലിലേക്ക് കൊണ്ടുപോയിരുന്നു. കൊല്ലപ്പെട്ടത് സിന്‍വറാണെന്ന് ഇസ്രായേല്‍ പറയുമ്പോഴും അതിനോട് പ്രതികരിക്കാന്‍ പോലും ഹമാസിന് സാധിക്കുന്നില്ല.

അതേസമയം സിന്‍വറിനെ വധിച്ച ഇസ്രായേലിനെ അഭിനന്ദിച്ച് അമേരിക്കയും രംഗത്തെത്തി. ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ആവശ്യമായത് ചെയ്യാമെന്ന് യുഎസ് വ്യക്തമാക്കി. ഗാസയിലെ തീവ്രവാദത്തെ അമര്‍ച്ച ചെയ്യുന്നതില്‍ സിന്‍വര്‍ ഒരു തടസ്സമായിരുന്നു. ആ തടസ്സമാണ് ഇപ്പോള്‍ നീങ്ങി. എങ്കിലും ഒരുപാട് ജോലികള്‍ ഇനിയും ബാക്കിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

ബുധനാഴ്ച രാത്രി തെക്കന്‍ ഗസ്സയിലുള്ള സതേണ്‍ കമാന്‍ഡ് 828-ാം ബ്രിഗേഡിലെ ഇസ്രായേല്‍ സൈനികരാണ് ആക്രമണം നടത്തിയയത്. ഈ ആക്രമണത്തിലാണ് സിന്‍വര്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ ഏറ്റവും കരുത്തനും കാര്‍ക്കശ്യക്കാരനുമായ നേതാവായിരുന്നു സിന്‍വാര്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ തൂഫാനുല്‍ അഖ്‌സ ഓപറേഷന്റെ സൂത്രധാരനെന്ന് ഇസ്രായേല്‍ ആരോപിക്കുന്ന നേതാവാണ് സിന്‍വാര്‍. ഇസ്മാഈല്‍ ഹനിയ്യ തെഹ്‌റാനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ഹമാസ് മേധാവിയായി ചുമതലയേറ്റത്. 23 വര്‍ഷം ഇസ്രായേല്‍ ജയിലില്‍ കിടന്ന അദ്ദേഹം ഹീബ്രു പഠിക്കുകയും ഇസ്രായേല്‍ കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു.

2011ല്‍ ഹമാസ് പിടികൂടിയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ മോചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ ജയിലില്‍നിന്ന് വിട്ടയച്ചു. മോചിതനായശേഷം സിന്‍വാര്‍ ഹമാസിന്റെ മുന്‍നിര നേതാവായി വളര്‍ന്നു. 2012ല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം ഹമാസ് ഉന്നത നേതാവ് യഹ്യ സിന്‍വര്‍ വധിക്കപ്പെട്ടത് മറ്റ് ആക്രമണങ്ങള്‍ക്കിടെ യാദൃച്ഛികമായി സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായ ആസൂത്രണത്തിലൂടെയാണ് കഴിഞ്ഞകാലങ്ങളില്‍ ഹമാസ് ഉന്നതരെ ഇസ്രയേല്‍ ഇല്ലാതാക്കിയിരുന്നത്. എന്നാല്‍, ഇസ്രയേലിന്റെ ചാരക്കണ്ണുകള്‍ വെട്ടിച്ചാണ് കഴിഞ്ഞ ഒരുവര്‍ഷം സിന്‍വര്‍ യുദ്ധഭൂമിയില്‍ കഴിഞ്ഞത്. സിന്‍വറിന്റെ വധത്തോടെ ബന്ദികളുടെ മോചനം ഉടനുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതീക്ഷിക്കുന്നു. നേതൃനിര ശൂന്യമായതോടെ ഹമാസിന്റെ അടുത്ത നീക്കം എന്താകുമെന്നും എല്ലാവരും ഉറ്റുനോക്കുന്നു.

തെക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിലെ അഭയാര്‍ഥിക്യാംപില്‍ 1962ലാണ് യഹ്യ സിന്‍വര്‍ ജനിച്ചത്. 1948ല്‍ ഇസ്രയേല്‍ രൂപീകൃതമായപ്പോള്‍ ആഷ്‌കെലോന്‍ ആയിത്തീര്‍ന്ന മജ്ദല്‍ അസ്‌കലമില്‍നിന്നുള്ള അഭയാര്‍ഥികളായിരുന്നു സിന്‍വറിന്റെ കുടുംബം. ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ 1988ല്‍ അറസ്റ്റിലായി. 22 വര്‍ഷം ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞു. തടവുകാരുടെ കൈമാറ്റത്തിലൂടെ 2011ല്‍ മോചിതനായി. രണ്ടുദശകത്തിലേറെ നീണ്ട ജയില്‍ജീവിതം സിന്‍വറിന്റെ പോരാട്ടവീര്യം ഉയര്‍ത്തി. സായുധസമരമല്ലാതെ പലസ്തീന്‍കാര്‍ക്കു മറ്റുവഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.

ജയില്‍വാസത്തിനിടെ ഹീബ്രുവില്‍ പരിജ്ഞാനം നേടി. ഇസ്രയേല്‍ നേതാക്കളുടെ മനസ്സ് പഠിക്കാന്‍ ഹീബ്രൂ പഠനം സഹായിച്ചെന്ന് സിന്‍വര്‍ പറയുകയുണ്ടായി. 2017ല്‍ ഇസ്മായില്‍ ഹനിയ ഖത്തറില്‍ പ്രവാസിയായി ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായതോടെ ഗാസയിലെ മേധാവിയായി സിന്‍വര്‍ സ്ഥാനമേറ്റു. ഹനിയ കൊല്ലപ്പെട്ടശേഷം ഹമാസിന്റെ നിയന്ത്രണം സിന്‍വറിനായിരുന്നു.

വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ പട്ടണങ്ങളില്‍ ഇസ്രയേല്‍ വന്‍തോതില്‍ കുടിയേറ്റം ആരംഭിക്കുകയും പലസ്തീന്‍കാരെ ബലമായി പുറത്താക്കുകയും ചെയ്തുകൊണ്ടിരുന്നതാണ് ഹമാസിനെ കടന്നാക്രമണത്തിനു പ്രേരിപ്പിച്ചതെന്നു പറയുന്നു. അതിനിടെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ കടന്നുകയറിയതും വലിയ പ്രകോപനമായി. ഇസ്രയേലില്‍ കടന്നാക്രമണം നടത്തുകയെന്ന പദ്ധതി സിന്‍വറിന്റേതായിരുന്നുവെന്നും ഹനിയ ഇതിനോടു പൂര്‍ണമായി യോജിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Tags:    

Similar News