സിറിയയെ നിരായുധീകരിച്ചു ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ഇറാനോ? ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ നീക്കമെന്ന് വാര്‍ത്തകള്‍; അസദിന്റെ വീഴ്ചക്ക് പിന്നില്‍ യു.എസും ഇസ്രായേലുമെന്ന് ഇറാന്‍ പരമോന്നത നേതാവ്; സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഞങ്ങള്‍ കൂടുതല്‍ കരുത്തരാകുമെന്നു ഖമേനി

സിറിയയെ നിരായുധീകരിച്ചു ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ഇറാനോ?

Update: 2024-12-13 07:22 GMT

ടെല്‍ അവീവ്: സിറിയയില്‍ വലിയ ആക്രമണം നടത്തിയ ഇസ്രായേല്‍ അവരുടെ സൈനിക ശക്തിയെ ഇല്ലാതാക്കിയെന്നാണ് അവകാശപ്പെടുന്നത. സിറിയന്‍ നാവിക സേനയുടെ കപ്പലുകള്‍ അടക്കം വ്യോമാക്രമണത്തില്‍ തവിടുപൊടിയാക്കി. ഇതിന് പിന്നാലെ ഇറാനെയും ഇസ്രായേല്‍ ലക്ഷ്യമിടുന്നതായാണ് വാര്‍ത്തകള്‍. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ഇസ്രായേല്‍ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടം വീണതിന് പിന്നാലെ ഇസ്രായേല്‍ പ്രതിരോധസേന ഇതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്രായേല്‍ എയര്‍ ഫോഴ്‌സ് ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്ക് മേലുള്ള നിരീക്ഷണം തുടരുകയാണെന്നും അവസരം ലഭിച്ചാല്‍ ആക്രമിക്കുമെന്നുമാണ് പ്രതിരോധസേന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അസദിന്റെ വീഴ്ചയോടെ മേഖലയില്‍ ഇറാന്‍ ഒറ്റപ്പെട്ടുവെന്നാണ് ഇസ്രായേല്‍ വിലയിരുത്തല്‍. ലബനാനില്‍ ഹിസ്ബുല്ലയുടെ കരുത്ത് ചോര്‍ന്നതും ഇറാനുള്ള തിരിച്ചടിയാണെന്നാണ് പ്രതിരോധസേനയുടെ വിലയിരുത്തല്‍.

സിറിയക്ക് മേലുള്ള ആകാശത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം തങ്ങള്‍ക്ക് ലഭിച്ചുവെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. ഇത് ഇറാനിലേക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്നാണ് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. അസദിന്റെ കാലത്തുണ്ടായ വ്യോമപ്രതിരോധ സംവിധാനത്തിന്റെ 86 ശതമാനവും നശിപ്പിച്ചുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

സിറിയയില്‍ നീണ്ട 50 വര്‍ഷത്തിനിടെ സാധ്യമാകാത്തതാണ് രണ്ടു ദിവസത്തിനിടെ ഇസ്രായേല്‍ പൂര്‍ത്തിയാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 480 വ്യോമാക്രമണങ്ങളിലായി സിറിയയുടെ കര, നാവിക, വ്യോമസേനകളും ആയുധശേഷിയും സമ്പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അധിനിവിഷ്ട ഗോലാന്‍ കുന്നുകള്‍ക്കപ്പുറത്തെ ബഫര്‍ സോണും കടന്ന് സിറിയക്കുള്ളില്‍ ഇസ്രായേല്‍ കരസേനാ സാന്നിധ്യമെത്തി. ആയുധമുക്ത സിറിയയെന്ന ലക്ഷ്യം അങ്ങനെ ഒട്ടും എതിര്‍പ്പില്ലാതെ എളുപ്പത്തില്‍ സാക്ഷാത്കരിക്കപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍.

അതേസമയം സിറിയയില്‍ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ പതനത്തിന് പിന്നില്‍ ഇസ്രായേലും യു.എസുമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പ്രതികരിച്ചു. തെഹ്‌റാനില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് ഖാംനൗവിന്റെ പരാമര്‍ശം. സിറിയയില്‍ എന്ത് സംഭവിച്ചുവെന്നതിന് ഒരു സംശയവുമില്ല. അമേരിക്കയുടേയും സിയോണിസത്തിന്റേയും സംയുക്ത പദ്ധതിയാണ് അതെന്ന് അദ്ദേഹം പറഞ്ഞു.

അസദിന്റെ വീഴ്ചക്ക് പിന്നില്‍ അയല്‍രാജ്യത്തെ സര്‍ക്കാറിനും പങ്കുണ്ട്. എന്നാല്‍, ഏത് രാജ്യമാണെന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഖാംനൗ വ്യക്തമാക്കി. സിറിയയുടെ സുസ്ഥിരതക്ക് ഭീഷണിയുണ്ടെന്ന് ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം മൂന്ന് മാസം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ശത്രുവിനെ സിറിയ അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസദിന്റെ വീഴ്ചക്ക് പിന്നില്‍ യു.എസും ഇസ്രായേലുമാണെന്നതിന് തന്റെ കൈവശം തെളിവുകളുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ യാതൊരു സംശയത്തിനും വകയില്ല. ഇസ്രായേലില്‍ നിന്നും ആക്രമണമുണ്ടാവുമ്പോള്‍ ഡമാസ്‌കസില്‍ നടക്കുന്ന ആഘോഷങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയിലെ യുവത്വം കരുത്തരോടെ നിന്ന് പ്രതിസന്ധിയെ മറികടക്കണം. ഇറാന്റെ ഭാവിയെ സംബന്ധിച്ചും ഖാംനൗ പ്രതികരണം നടത്തി. കൂടുതല്‍ സമ്മര്‍ദ്ദം നിങ്ങള്‍ ചെലുത്തിയാല്‍ ഞങ്ങള്‍ കൂടുതല്‍ കരുത്തരാകുമെന്നായിരുന്നു ഇറാന്റെ ഭാവി സംബന്ധിച്ച് ഖമേനിയുടെ പരോക്ഷ പ്രതികരണം.

Tags:    

Similar News