ഇന്ത്യക്കാരുടെ നരകഭൂമിയായി പൊടുന്നനെ അയര്‍ലന്‍ഡ്; കൊച്ചു കുട്ടികളോട് പോലും ക്രൂരത വര്‍ധിക്കുന്നു; വര്‍ധിച്ചു വരുന്ന ഇന്ത്യന്‍ ആഘോഷങ്ങളെ കുറ്റപ്പെടുത്തി ചിലര്‍; നാളെ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച; കടുത്ത പ്രതിഷേധത്തില്‍ ഐറിഷ് എംബസ്സി
ന്യൂഡല്‍ഹി: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളെ ന്യൂഡല്‍ഹിയിലെ അയര്‍ലന്‍ഡ് എംബസി കടുത്ത ഭാഷയില്‍ അപലപിച്ചു. അയര്‍ലന്‍ഡ് എന്നും മുറുകെ പിടിക്കുന്ന സമത്വം, മാനവികത എന്നീ ആശയങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് അത്തരം നടപടികള്‍ എന്നും എംബസി അപലപന കുറിപ്പില്‍ പറയുന്നു. വംശീയ വിദ്വേഷത്തിനും, വിദേശീയരോടുള്ള വെറുപ്പിനും ഐറിഷ് സമൂഹത്തില്‍ സ്ഥാനമില്ലെന്നും എംബസി കുറിപ്പില്‍ അറിയിച്ചു. ഏതാനും ചില സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍, ഐറിഷ് സമൂഹത്തിന്റേതായി തെറ്റിദ്ധരിക്കപ്പെടരുതെന്നും എംബസി പറഞ്ഞു.
ഏകദേശം 1 ലക്ഷത്തിലധികം ഇന്ത്യാക്കാര്‍ ഇപ്പോള്‍ അയര്‍ലന്‍ഡിനെ സ്വന്തം രാജ്യമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കുറിപ്പില്‍, രാജ്യത്തിന്റെ പുരോഗതിക്കും, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും അവര്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കും എടുത്തു പറയുന്നുണ്ട്. വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ള ഇന്ത്യന്‍ കുടിയേറ്റക്കാര്‍, ഐറിഷ് സമൂഹത്തില്‍ ഇമ്പമാര്‍ന്ന ബഹുസ്വരത കൊണ്ടുവരുന്നു എന്നും കുറിപ്പില്‍ പറയുന്നു. അടുത്തിടെ ഇന്ത്യന്‍ വംശജര്‍ക്കെതിരെ അയര്‍ലന്‍ഡില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി നാളെ ഐറിഷ് ഉപപ്രധാനമന്ത്രി അയര്‍ലന്‍ഡിലെ ഇന്ത്യന്‍ വംശജരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നുമുണ്ട്.
അടുത്തിടെ തെക്കന്‍ ഡുബ്ലിനില്‍ 51 കാരനായ ഒരു ഇന്ത്യന്‍ വംശജന്‍ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിന് വിധേയനായിരുന്നു. ആക്രമണത്തിന് ശേഷം ഇരയെ കൊള്ളയടിച്ചാണ് സംഘം സഥലം വിട്ടത്. അതിനു മുന്‍പായി തന്നെ ഇന്ത്യന്‍ വംശജരെ ഉന്നം വെച്ച് ഒന്നിലധികം ആക്രമണ സംഭവങ്ങള്‍ നടന്നിരുന്നു. ആറ് വയസ്സുകാരിയായ ഒരു പെണ്‍കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണം ഉള്‍പ്പടെയാണിത്. ഒട്ടുമിക്ക ആക്രമണങ്ങളിലും, അക്രമികള്‍ വംശീയവെറി സൂചിപ്പിക്കുന്ന അസഭ്യവര്‍ഷങ്ങളും നടത്തിയിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം ആഗസ്റ്റ് 1 ന് അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ വംശജരോട് കൂടുതല്‍ മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അടുത്തകാലത്ത് ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചുറ്റുപാടുകള്‍ വിലയിരുത്തി പ്രവര്‍ത്തിക്കണമെന്നും എംബസി ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട എഡ്യൂക്കേഷന്‍ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ് അയര്‍ലന്‍ഡ്.
പ്രത്യേകിച്ചും, എഞ്ചിനീയറിംഗ്, ടെക്‌നോളജി, മെഡിസിന്‍, മാനേജ്‌മെന്റ് എന്നീ മേഖലകളിലെ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡൊക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ കോഴ്സുകള്‍ക്കാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തുന്നത്. നിലവില്‍ അയര്‍ലന്‍ഡിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 10,000 ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് എന്റോള്‍ ചെയ്തിരിക്കുന്നത്.
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആറുവയസ്സുകാരിയ്ക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെ ഇന്ത്യന്‍ വംശജനായ 51കാരനാണ് ആക്രമണത്തിനിരയായത്. ഡബ്ലിനിലെ ഹോട്ടലില്‍ ഷെഫായ ലക്ഷ്മണ്‍ ദാസാണ് ആക്രമിക്കപ്പെട്ടത്. 22 വര്‍ഷമായി അയര്‍ലന്‍ഡില്‍ കഴിയുന്ന വ്യക്തിയാണ് ഇയാള്‍. ഒരു സംഘം ലക്ഷ്മണ്‍ ദാസിനെ ആക്രമിച്ച ശേഷം കൊള്ളയടിച്ച് കടന്നുകളയുകയായിരുന്നു.
മൂന്ന് വ്യക്തികള്‍ ചേര്‍ന്ന് ലക്ഷ്മണിനെ ആക്രമിക്കുകയും ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട്, 2600 യൂറോ പണം, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ലക്ഷ്മണിന്റെ തലയ്ക്കും, മറ്റ് ശരീരഭാഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ലക്ഷ്മണ്‍ ദാസിനെ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടിയ ലക്ഷ്മണ്‍ ആശുപത്രി വിട്ടു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.