ആ ദീര്‍ഘദൂര മിസൈലുകള്‍ ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമോ? യുക്രൈന് മിസൈലുകള്‍ നല്‍കാനുള്ള ബൈഡന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് ജൂനിയര്‍; പടിയിറങ്ങും മുമ്പ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം; രോഷാകുലനായ പുടിന്റെ പ്രതികരണം എങ്ങനെയാകുമെന്ന് ലോകത്തിന് ആശങ്ക

ആ ദീര്‍ഘദൂര മിസൈലുകള്‍ ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമോ?

Update: 2024-11-19 01:05 GMT

ന്യൂയോര്‍ക്ക്: മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കമിട്ടയാള്‍ എന്ന ചീത്തപ്പേരാകുമോ ലോകം ജോ ബൈഡനായി കാത്തു വെക്കുക? അത്തരം ചോദ്യങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇതിന് കാരണായത് യുക്രൈന്‍-റഷ്യ വിഷയത്തില്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന നയംമാറ്റമാണ്. യുക്രൈന് ദ്വീര്‍ഘദൂര മിസൈലുകള്‍ നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തെ ലോകം അതീവ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ബൈഡന്‍ ട്രംപിന് പണികൊടുത്തതാണ് എന്ന വികാരമാണ് ശക്തമായിരിക്കുന്നത്. ഇതിനിടെ ബൈഡനെതിരെ ട്രംപിന്റെ മകനും ബൈഡനെതിരെ രംഗത്തുവന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ട്രംപ് ജൂനിയര്‍ ആരോപിച്ചു. . ബൈഡന്‍ ഭരണകൂടം യുക്രൈന് അടുത്തിടെ നല്‍കിയ സഹായം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ജൂനിയറിന്റെ ആരോപണം. റഷ്യയെ ലക്ഷ്യമിട്ട് അമേരിക്ക നല്‍കുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രേനിയന്‍ സൈന്യത്തിന് അനുമതി നല്‍കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപ് ജൂനിയറിന്റെ പ്രതികരണം. നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്ന ജനുവരി 20നാണ് ബൈഡന്റെ കാലാവധി അവസാനിക്കുന്നത്.

ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് യുഎസ് നീക്കിയത്. റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ യുഎസ് നയത്തിലുണ്ടാകുന്ന സുപ്രധാന മാറ്റമാണ് ദീര്‍ഘദൂര മിസൈലുകള്‍ക്കുള്ള വിലക്ക് നീക്കിക്കൊണ്ട് ബൈഡനെടുത്ത തീരുമാനം. യുദ്ധമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ബൈഡന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

വിലക്ക് നീക്കയിതിന് പിന്നാലെ ആദ്യഘട്ടമായി പശ്ചിമ റഷ്യയിലെ കസ്‌ക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍ - ഉത്തര കൊറിയന്‍ സംയുക്ത സേനയ്‌ക്കെതിരെയാകും യുക്രൈന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ തീരുമാനം സംബന്ധിച്ച് വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളുണ്ടായിട്ടില്ല. എന്നാല്‍ വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയുടെ പ്രതികരണം.

മാധ്യമങ്ങളിലെ ചര്‍ച്ച ഉചിതമായ നടപടി സ്വീകരിക്കാന്‍ അനുമതി ലഭിച്ചെന്നാണ്, വാക്കുകള്‍ കൊണ്ടല്ല പോരാട്ടം നടക്കേണ്ടത്. അതിനാല്‍ അത്തരം കാര്യങ്ങളൊന്നും പ്രഖ്യാപിക്കുന്നില്ല, മറുപടി മിസൈലുകള്‍ പറയുമെന്നുമായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. വരും ദിവസങ്ങളില്‍ ആദ്യത്തെ ദീര്‍ഘദൂര ആക്രമണം നടത്താന്‍ യുക്രൈന്‍ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. 190 മൈല്‍ (306 കിലോമീറ്റര്‍) വരെ ദൂരപരിധിയുള്ള റോക്കറ്റുകള്‍ ഉപയോഗിച്ചായിരിക്കും റഷ്യക്ക് മേല്‍ യുക്രൈന്‍ സ്‌ട്രൈക്ക് നടത്തുക.

അതിനിടെ ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ബ്രിട്ടന്‍. യുക്രെയ്‌നെതിരെയുള്ള യുദ്ധത്തില്‍ ഉപയോഗിക്കാന്‍ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നല്‍കിയതിനാണ് ഇറാനെതിരെ യുകെയുടെ നടപടി. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ തുടര്‍ച്ചയാണ് പുതിയ ഉപരോധം.

യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്‌നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നീക്കിയതിനു പിന്നാലെയാണ് റഷ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന ബ്രിട്ടന്റെ നടപടി. അതേസമയം ദ്വീര്‍ഘദൂര മിസൈലുകള്‍ നല്‍കി കൊണ്ടുള്ള അമേരിക്കയുടെ നടപടിക്കെതിരെ പുടിന്‍ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കടുത്തതീരുമാനങ്ങളിലേക്ക് പുടിന്‍ പോയതാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിതുറക്കുമെന്ന വിലയിരുത്തലുകള്‍ വരുന്നുണ്ട്.

Tags:    

Similar News