ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കാന്‍ ഇസ്രായേല്‍ ശ്രമം; ബെയ്‌റൂത്തിലെ ആശുപത്രിക്കടിയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ പണവും സ്വര്‍ണവും ഒളിപ്പിച്ചു; ഇസ്രായേലിനെ ആക്രമിക്കാന്‍ പണം ഹിസ്ബുള്ള ഉപയോഗിക്കരുതെന്ന് ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ്
ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കാന്‍ ഇസ്രായേല്‍ ശ്രമം
ബെയ്‌റൂത്ത്: ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ നിര്‍മിച്ച രഹസ്യ ബങ്കറിനുള്ളില്‍ ഹിസ്ബുല്ല ദശലക്ഷക്കണക്കിന് ഡോളര്‍ പണവും സ്വര്‍ണവും ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായാണ് ഇസ്രായേല്‍ രംഗത്തുവന്നത്.
ഇസ്രായേല്‍ വ്യോമസേന അല്‍-സഹേല്‍ ആശുപത്രിക്ക് താഴെ സ്ഥിതി ചെയ്യുന്ന നിലവറ നിരീക്ഷിച്ചു വരികയാണെന്നും എന്നാല്‍ ഇതിനെ ലക്ഷ്യമിടാന്‍ പദ്ധതിയില്ലെന്നും ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. വളരെ കൃത്യതയോടെ ആസൂത്രിതമായിട്ടാണ് ആശുപത്രിയുടെ അടിയില്‍ ബങ്കര്‍ നിര്‍മിച്ചിരിക്കുന്നത്. അതിനുള്ളില്‍ അര ബില്യണ്‍ ഡോളറിലധികം പണവും സ്വര്‍ണവും ഉണ്ട്. ഞാന്‍ ലെബനീസ് സര്‍ക്കാരിനോടും ലബനാന്‍ അധികാരികളോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെടുന്നു.. ഇസ്രായേലിനെ ആക്രമിക്കാന്‍ പണം ഉപയോഗിക്കാന്‍ ഹിസ്ബുല്ലയെ അനുവദിക്കരുത്,'' ഹഗാരി പറഞ്ഞു.
''ആ പണം ലബനാന്റെ പുനരധിവാസത്തിന് ഉപയോഗിക്കാമായിരുന്നു, പക്ഷേ അത് ഹിസ്ബുല്ലക്കാണ് പ്രയോജനപ്പെടുന്നത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ഇസ്രായേല്‍ വധിച്ച ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസ്സന്‍ നസ്‌റുല്ലയാണ് ബങ്കര്‍ നിര്‍മിച്ചതെന്ന് ഹഗാരി ഒരു ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലബനാന്‍ ജനതയില്‍ നിന്ന് മോഷ്ടിച്ച പണം കണ്ടുകെട്ടണമെന്ന് ഇസ്രായേല്‍ ലബനാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ആശുപത്രി ഒഴിപ്പിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഹിസ്ബുല്ല ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. ഇസ്രായേല്‍ തെറ്റായതും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ആശുപത്രിയിലെത്തി തെളിവുകള്‍ കാണിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടതായി ഷിയാ പാര്‍ട്ടിയുടെ അമാല്‍ മൂവ്മെന്റിന്റെ നേതാവും ആശുപത്രി ഡയറക്ടറുമായ അല്‍-സാഹെല്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഹിസ്ബുല്ലയുടെ പലിശരഹിത ജനകീയ ബാങ്കിങ് സംവിധാനമായ അല്‍-ഖര്‍ദ് അല്‍-ഹസന്റെ 30 ഓളം ബ്രാഞ്ചുകളില്‍ ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയില്‍ ഒറ്റരാത്രി കൊണ്ട് ആക്രമണം നടത്തിയതായി ഇസ്രായേല്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഹെര്‍സി ഹലേവി പറഞ്ഞു. തെക്കന്‍ ലബനനിലും വടക്ക് കിഴക്കന്‍ ബഖ്വാ താഴ്വവരയിലുമാണ് ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തിയത്. ജനങ്ങള്‍ അഭയസ്ഥാനങ്ങള്‍ തേടി പരക്കം പാച്ചില്‍ നടത്തുന്ന കാഴ്ചകളും കാണാമായിരുന്നു. ഹിസ്ബുളള ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അല്‍-ഖ്വാഡ് അല്‍ ഹാസന്‍ എന്ന സ്ഥാപനത്തിന്റെ ബെയ്‌റൂട്ടിലെ എല്ലാ ബ്രാഞ്ചുകളും ഇസ്രയേല്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കി.
ഔദ്യോഗികമായ അംഗീകാരങ്ങളൊന്നും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഹിസ്ബുള്ളക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം എത്തുന്നത് ഈ സ്ഥാപനം വഴിയാണ്. ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ് ഇതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അല്‍-ഖ്വാഡ് അല്‍ ഹാസനുമായി ജനങ്ങള്‍ ഒരു തരത്തിലും സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്ക വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ സ്ഥാപനവുമായി സാമ്പത്തിക ഇടപാട് നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുപ്പതോളം ബ്രാഞ്ചുകളാണ് അല്‍-ഖ്വാഡ് അല്‍ ഹാസന് ബെയ്്‌റൂട്ടില്‍ ഉള്ളത്. ഇതില്‍ പതിനഞ്ച് ബ്രാഞ്ചുകള്‍ സ്ഥിതി ചെയ്യുന്നത് ബെയ്‌റൂട്ടിലെ ഏറ്റവും തിരക്കേറിയ മേഖലകളിലാണ്. ഇറാനില്‍ നിന്ന് പണം കൈപ്പറ്റി തീവ്രവാദ സംഘടനകളെ സഹായിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇതൊരു താക്കീതായിരിക്കും എന്ന് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി വ്യക്തമാക്കി.
ബെയ്‌റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും ഹിസ്ബുള്ള ഭീകരരുടെ ശക്തികേന്ദ്രമായി ദഹിയയിലും ഇസ്രയേല്‍ സൈന്യം ഇന്നലെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. മേഖലകളില്‍ പത്തോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും പുകച്ചുരുളുകള്‍ ഉയരുന്നത് കണ്ടതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല കൂറ്റന്‍ കെട്ടിടങ്ങളും നിലംപരിശായിട്ടുണ്ട്. എന്നാല്‍ ഈ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ നേരത്ത തന്നെ സ്ഥലം വിട്ടത് കൊണ്ട് വന്‍തോതില്‍ ആളപായം ഉണ്ടായിട്ടില്ല.
സുരക്ഷിത സ്ഥാനങ്ങള്‍ തേടി ജനങ്ങള്‍ പരക്കം പായുന്ന തിരക്കില്‍ പല സ്ഥലങ്ങളിലും ഗതാഗതതടസം അനുഭവപ്പെടുകയാണ്. ഇന്നലെ ഇരുനൂറോളം റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് അയച്ചത് ഇതിന് തിരിച്ചടി ആയിട്ടാണ് ഇസ്രയേല്‍ ഇത്രയും ശക്തമായ തോതില്‍ ആക്രമണം നടത്തിയത്. ശാഖകള്‍ സൈനികലക്ഷ്യമായി കണക്കാക്കാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'യുദ്ധസമയത്തും അതിനുശേഷവും പുനര്‍നിര്‍മാണത്തിനും സജ്ജീകരണത്തിനുമുള്ള ഹിസ്ബുള്ളയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതായി' മുതിര്‍ന്ന ഇസ്രയേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി.