സിറിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം സ്‌ഫോടനങ്ങള്‍; സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേര്‍ക്ക് ഇസ്രയേല്‍ വ്യോമാക്രമണം; മതന്യൂനപക്ഷമായ ഡ്രൂസ് വിഭാഗക്കാരെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍; വ്യോമാക്രമണത്തിനിടെ എണ്ണീറ്റോടുന്ന സര്‍ക്കാര്‍ ടെലിവിഷനിലെ അവതാരകയുടെ ദൃശ്യങ്ങള്‍ പുറത്ത്
സിറിയയ്ക്ക് നേരേ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍
ഡമാസ്‌കസ്:സിറിയയ്ക്ക് നേരേ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍.ദമാസ്‌കസില്‍, പ്രസിഡന്റിന്റെ കൊട്ടാരത്തിന് അടുത്തും, സൈനിക ആസ്ഥാനത്തും, പ്രതിരോധ മന്ത്രാലയത്തിലും ഐഡിഎഫ് വ്യോമാക്രമണം നടത്തി. തെക്കന്‍ സിറിയയില്‍ ഡ്രൂസ് വിഭാഗക്കാര്‍ക്ക് എതിരെ സിറിയന്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിന് മറുപടിയായാണ് കടന്നുകയറിയുളള ആക്രമണം. പ്രാദേശികമായ വെടിനിര്‍ത്തല്‍ തകര്‍ന്നതോടെ, തെക്കന്‍ സിറിയയില്‍ ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷമായിരിക്കുകയാണ്.
സിറിയന്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപം സൈനിക താവളത്തിന് നേരേയായിരുന്നു ആക്രമണം. ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിക്കടുത്ത് ഭീഷണി ഒഴിവാക്കുകയാണ് മുഖ്യലക്ഷ്യം. സ്വെയ്ദ പ്രവിശ്യയില്‍ വീണ്ടും ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കെ, ഡ്രൂസ് ജനവിഭാഗത്തെ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് വ്യോമാക്രമണം എന്നാണ് ഇസ്രയേലിന്റെ അറിയിപ്പ്.
ബോംബ് വീണപ്പോള്‍ എണീറ്റോടി അവതാരക
ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍ സിറിയയില്‍ ബോംബിട്ടപ്പോള്‍ സര്‍ക്കാര്‍ ടെലിവിഷനിലെ അവതാരക തല്‍സമയ സംപ്രേഷണത്തിനിടെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് എണ്ണീറ്റോടി.
' ഡമാസ്‌കസിനുള്ള മുന്നറിയിപ്പുകള്‍ അവസാനിച്ചു. ഇനി വേദനാകരമായ അടികള്‍ കിട്ടും'- ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. സുവെയ്ദയില്‍, ഇസ്രയേല്‍ സൈന്യം ശക്തമായി ആഞ്ഞടിക്കുമെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇസ്രയേല്‍ സിറിയയില്‍ ആക്രമണം നടത്തുന്നത്.
ബെദുയിനുകളും ഡ്രൂസുകളും തമ്മില്‍ ഏറ്റുമുട്ടല്‍
ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിനുപിന്നാലെ സമാധാനസൂചനകള്‍ കണ്ടുതുടങ്ങിയ സിറിയയില്‍ വീണ്ടും ആഭ്യന്തരസംഘര്‍ഷത്തിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. സ്വെയ്ദ പ്രവിശ്യയില്‍ സുന്നി ഗോത്രവിഭാഗമായ ബെദൂയിനുകളും, മതന്യൂനപക്ഷമായ ഡ്രൂസ് എന്ന ദുറൂസികളും തമ്മില്‍ രണ്ടുദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ നൂറോളം പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 75ഓളം പേര്‍ ഡ്രൂസ് വിഭാഗക്കാരും 25ഓളം പേര്‍ ബെദൂയിന്‍നുകളുമാണ്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയുടെ സര്‍ക്കാര്‍ മേഖലയില്‍ സൈന്യത്തെ വിന്യസിച്ചുതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം ഐസിസിന്റെയടക്കം പിന്തുണയോടെ ഡ്രൂസിനെ ഉന്‍മൂലം ചെയ്യാനുള്ള ശ്രമമാണ് സുന്നികളായ ബദുക്കള്‍ ചെയ്യുന്നത് എന്ന് ആക്ഷേപമുണ്ട്. നേരത്തെയും ഇവിടെ നിരവധി ഡ്രൂസ് കൊല്ലപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച സ്വെയ്ദയിലെ ഹൈവേയില്‍ ഡ്രൂസ് പച്ചക്കറിക്കച്ചവടക്കാരനെ ബെദൂയിന്‍ ഗോത്രക്കാര്‍ തട്ടിക്കൊണ്ടുപോവുകയും കൊള്ളയടിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. ഹൈവേയില്‍ ബെദൂയിനുകള്‍ സ്ഥാപിച്ച ചെക്ക്പോയിന്റിലായിരുന്നു സംഭവം. പ്രതികാരനടപടിയായി ചില ബെദൂയിനുകളെ ഡ്രുസുകളും തട്ടിക്കൊണ്ടുപോയി. ഇവരെയെല്ലാം വിട്ടയച്ചെങ്കിലും ഇതോടെ സംഘര്‍ഷം പ്രവിശ്യയാകെ വ്യാപിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളുടെയും നേതാക്കളോട് പ്രവിശ്യാ ഗവര്‍ണര്‍ മുസ്തഫ അല്‍ ബക്കുര്‍ വെടിനിര്‍ത്തലിന് ആഹ്വാനംചെയ്തു. ജനങ്ങളോട് സംയമനം പാലിക്കണമെന്നും നിര്‍ദേശിച്ചു.
കൂട്ടക്കൊല നേരത്തെയും
2024 ഡിസംബറിലാണ് വിമതവിപ്ലവത്തിലൂടെ അല്‍ഷാരയുടെ നേതൃത്വത്തില്‍ സുന്നിവിഭാഗക്കാരായ ഹയാത് തഹ്രീര്‍ അല്‍ ഷാം (എച്ച്ടിഎസ്) എന്ന സായുധസംഘടന സിറിയയില്‍ അധികാരം പിടിച്ചത്. അതിനുശേഷം പുതിയ ഭരണകൂടം തങ്ങളെ അടിച്ചമര്‍ത്തുമോയെന്ന ആശങ്കയിലാണ് ഡ്രൂസ്. ഐഎസ്ഐഎസ്, അല്‍ഖായിദ, തഹ്രീര്‍ അല്‍-ഷാം എന്നീ തീവ്രവാദ സുന്നി ഭീകര സംഘടനകളാണ് ബെദൂവിയന്‍ മിലിഷ്യകളെ സഹായിക്കുന്നത്. ഏപ്രില്‍-മേയ് മാസങ്ങളിലായി തലസ്ഥാനമായ ഡമാസ്‌കസിലെയും സ്വെയ്ദയിലെയും ദുറൂസി ഭൂരിപക്ഷമേഖലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 100-ലേറെപ്പേര്‍ മരിച്ചിരുന്നു. അന്നത്തെ നടപടിയില്‍ ബെദൂയിനുകള്‍ സൈന്യത്തെ സഹായിച്ചു. മറ്റൊരു ന്യൂനപക്ഷവിഭാഗമായ അലാവൈറ്റുകളെ (അലവികള്‍) ലക്ഷ്യമിട്ട് മാര്‍ച്ചിലുണ്ടായ ആഭ്യന്തരകലാപത്തില്‍ 1700 പേരും മരിച്ചിരുന്നു.
അതിനിടെ ഡ്രൂസിനെ സംരക്ഷിക്കാനും ഇടപെടുന്നത് ഇസ്രയേല്‍ തന്നെയാണ്. ഇപ്പോള്‍ ആക്രമണം ഉണ്ടായ, സ്വെയ്ദ പ്രവിശ്യയില്‍ യുദ്ധടാങ്കുകള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഡ്രൂസിനെ സംരക്ഷിക്കാനായി സിറിയയിലെ ആഭ്യന്തരസംഘര്‍ഷങ്ങളില്‍ ഇടപെടുമെന്ന് ഇസ്രയേല്‍ നേരത്തേ മുന്നറിയിപ്പുനല്‍കിയിരുന്നു.
1.52 ലക്ഷം ഡ്രൂസുകളാണ് ഇസ്രയേലിലുള്ളത്. അതില്‍ 24,000 പേര്‍ അധിനിവേശ ഗോലാന്‍ കുന്നുകളിലാണ്. അതില്‍ അഞ്ചുശതമാനത്തില്‍ത്താഴെപ്പേര്‍ക്ക് ഇസ്രയേല്‍ പൗരത്വമുണ്ട്. 1967-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തിലൂടെയാണ് ഇസ്രയേല്‍ സിറിയയില്‍നിന്ന് ഗോലാന്‍ കുന്നുകള്‍ പിടിച്ചത്. സിറിയയില്‍ എച്ച്ടിഎസിന്റെ വിമതവിപ്ലവമുണ്ടായപ്പോള്‍ ഇവിടെ സേനാവിന്യാസം വര്‍ധിപ്പിച്ചിരുന്നു.