ഗാസയിലെ ഹമാസ് നേതാക്കളെ ഒന്നൊന്നായി എലിമിനേറ്റ് ചെയ്യും; സൈന്യം നേരിട്ട് നിയന്ത്രണം ഏറ്റെടുത്ത് ഭരണം നടത്തും; സഹായ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കും; ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ മന്ത്രിയും ഉന്നതസംഘവും ചര്‍ച്ചകള്‍ക്കായി യുഎസില്‍; ഗാസയില്‍ സൈനിക നടപടികള്‍ തുടരാന്‍ ഇസ്രായേല്‍
ഗാസയിലെ ഹമാസ് നേതാക്കളെ ഒന്നൊന്നായി എലിമിനേറ്റ് ചെയ്യും
ടെല്‍ അവീവ്: ഒന്നര വര്‍ഷമായി ആക്രമണം തുടരുന്ന ഗാസയില്‍ അധിനിവേശം പൂര്‍ണമാക്കി സൈനിക ഭരണം ഏര്‍പ്പെടുത്താന്‍ ഇസ്രയേല്‍. അവശ്യ വസ്തുക്കളുടെ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുത്ത് നിയന്ത്രണം സൈന്യം നേരിട്ട് നടത്തുന്ന പദ്ധതി അമേരിക്കന്‍ ഉന്നത നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാള്‍ട്‌സ്, രഹസ്യാന്വേഷണ, പ്രതിരോധ, നയതന്ത്ര വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇസ്രയേല്‍ നയകാര്യ മന്ത്രി റോണ്‍ ഡെര്‍മറാണ് ചര്‍ച്ച നടത്തുക.
ഇതിനായി ഞായറാഴ്ചയോടെ യുഎസിലേയ്ക്ക് തിരിച്ച ഡെര്‍മര്‍ക്കൊപ്പം ഇസ്രയേല്‍ ദേശീയ സുരക്ഷ കൗണ്‍സില്‍, ഐഡിഎഫ്, മൊസാദ്, വിദേശകാര്യമന്ത്രാലയം, ആണവോര്‍ജ ഏജന്‍സി എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘവുമുണ്ട്. ഗാസയെ സൈനിക ഭരണത്തിലാക്കുന്ന തീരുമാനം ഇതുവരെ ഇസ്രയേല്‍ സ്വീകരിച്ചിരുന്നില്ല.
നേരത്തേ പ്രതിരോധമന്ത്രി ആയിരുന്ന യവ് ഗാലന്റും സൈനിക മേധാവിയായിരുന്ന ഹെര്‍സല്‍ ഹലേവിയും ഗാസയിലേക്ക് അവശ്യേ വസ്തുക്കള്‍ എത്തിക്കുന്നത് തടയണമെന്ന പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദ്ദേശത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിനൊപ്പം തന്നെ ഇസ്രയേലില്‍ പുതിയ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ചുമതലയേറ്റിരുന്നു.
ഗാസയെ പൂര്‍ണമായും വരുതിയിലാക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന്റെ അഞ്ച് ഡിവിഷനുകള്‍ വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ട്രംപ് അധികാരമേറ്റയുടന്‍ ഗാസ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനൊപ്പം ട്രംപിന്റെ നീക്കത്തിന് ബദലായി അറബ് രാജ്യങ്ങള്‍ ഗാസ പുനര്‍നിര്‍മാണ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇസ്രയേല്‍ നേരിട്ട് സമ്പൂര്‍ണ അധിനിവേഷവും സൈനിക ഭരണവും നടപ്പാക്കൊരുങ്ങുന്നത്.
അതിനിടെ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കത്തില്‍ കൊല്ലപ്പെടുന്ന ഫലസ്തീന്‍ പൗരന്‍മാരുടെ എണ്ണം അന്‍പതിനായിരം പിന്നിട്ടു. ഗാസ ആരോഗ്യ മന്ത്രാലയമാണ് മരിച്ചവരുടെ എണ്ണം സംബന്ധിച്ച പുതിയ കണക്കുകള്‍ പങ്കുവച്ചത്. 2023 ഒക്ടോബര്‍ എട്ട് മുതല്‍ ഇതുപ്രകാരം ഞായറാഴ്ച വരെ ഗാസയില്‍ 50,021 പേര്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിശദീകരണം. മരണ സംഖ്യയുടെ ഇരട്ടിയാണ് ഗാസയില്‍ പരിക്കേറ്റവരുടെ എണ്ണം.
113,274 പേര്‍ക്ക്് പരിക്കേറ്റതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇസ്രയേലിന്റെ ഏറ്റവും പുതിയ സൈനിക നടപടിയില്‍ ഗാസ മുനമ്പില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ മാത്രം 35 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളില്‍ ഹമാസിന്റെ ഉന്നത നേതാക്കളില്‍ ഒരാളായ സലാഹ് അല്‍- ബര്‍ദാവിലും കുടുംബവും കൊല്ലപ്പട്ടെതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസ് രാഷ്ട്രീയത്തിലും പലസ്തീന്‍ നിയമനിര്‍മ്മാണ കൗണ്‍സിലിലും അംഗമായിരുന്നു ബര്‍ദാവില്‍.
ഗാസയില്‍ വരും ദിവസങ്ങളിലും ഇസ്രയേല്‍ സൈനിക നടപടി ശക്തമായി തുടരും എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഹമാസിനെതിരായ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുകയാണെന്നും റഫ നഗരത്തില്‍ നിന്നും ജനങ്ങള്‍ മാറണമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഫലസ്തീന്‍കാര്‍ ഗാസയുടെ വടക്കോട്ട് നീങ്ങണമെന്നാണ് മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് ഇസ്രയേല്‍ സൈനിക വക്താവ് എക്‌സില്‍ മുന്നറിയിപ്പ് നല്‍കിയതിന് ഒപ്പം മേഖലയില്‍ ഡ്രോണുകളില്‍ ലഘുലേഖകളും വിതരണം ചെയ്തിരുന്നു.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇന്നലെ ഫോണില്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു.