ട്രംപിന്റെ വെടിനിര്‍ത്തല്‍ കരാറെല്ലാം ജലരേഖയായി! ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 32 മരണം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട ആക്രമണം; സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരില്‍; ഖാന്‍ യൂനിസില്‍ അഭയാര്‍ഥി ടെന്റിനു നേരെയും ഇസ്രായേല്‍ ബോംബിംഗ്
ട്രംപിന്റെ വെടിനിര്‍ത്തല്‍ കരാറെല്ലാം ജലരേഖയായി! ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 32 മരണം;
ഗാസ: പശ്ചിമേഷ്യയില്‍ സമാധാനത്തിന് വഴിയൊരുക്കി പ്രഖ്യാപിക്കപ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍പ്പറത്തി ഗാസയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം.ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗാസയില്‍ 2 സ്ത്രീകളും 6 കുട്ടികളും ഉള്‍പ്പെടെ 32 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഗാസയില്‍ ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട ആക്രമണമാണിത്.
ഗാസ സിറ്റിയില്‍ ഹമാസ് നിയന്ത്രണത്തിലുള്ള ഷെയ്ഖ് റദ്വാന്‍ പൊലീസ് സ്റ്റേഷനു നേരെ നടന്ന വ്യോമാക്രമണത്തില്‍ ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. സമീപമുള്ള ഒരു അപ്പാര്‍ട്‌മെന്റില്‍ ബോംബ് വീണ് 3 കുട്ടികളും 2 സ്ത്രീകളും കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന ടെന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയിലെ സെയ്തുന്‍ പരിസരത്തുള്ള ജനവാസ മേഖലയിലാണ് ഇസ്രയേല്‍ പ്രധാനമായും ബോംബ് വര്‍ഷിച്ചത്. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അഭയം പ്രാപിച്ച കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 10 പേര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലും റഫയിലുമുണ്ടായ ഷെല്ലാക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ആരോപണങ്ങളുമായി ഇസ്രയേല്‍
തങ്ങളുടെ സൈനികര്‍ക്കു നേരെ ഹമാസ് വെടിയുതിര്‍ത്തെന്നും ഇതിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വിശദീകരണം. എന്നാല്‍ ഹമാസ് ഈ ആരോപണം പൂര്‍ണ്ണമായും നിഷേധിച്ചു.
റഫയില്‍ ഒരു തുരങ്കത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 3 ഹമാസ് പ്രവര്‍ത്തകരെ വധിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. ഒരു ഹമാസ് കമാന്‍ഡര്‍ അറസ്റ്റിലായിട്ടുമുണ്ട്. ഇസ്രയേല്‍ സൈനികര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വെടിനിര്‍ത്തല്‍ ലംഘിക്കാന്‍ ഇസ്രയേല്‍ മനഃപൂര്‍വം നടത്തുന്ന പ്രകോപനമാണിതെന്നും ഹമാസ് വക്താക്കള്‍ അറിയിച്ചു.
ഒക്ടോബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് പുതിയ ആക്രമണങ്ങള്‍ കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിനോടകം നൂറുകണക്കിന് തവണ ഇസ്രയേല്‍ കരാര്‍ ലംഘിച്ചതായി യുഎന്‍ നിരീക്ഷകരും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. ഗാസയില്‍ പട്ടിണിയും പകര്‍ച്ചവ്യാധികളും പടരുന്നതിനിടയിലുണ്ടായ ഈ പുതിയ കടന്നാക്രമണം മേഖലയിലെ മാനുഷിക ദുരിതം ഇരട്ടിയാക്കും.
മധ്യഗാസയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ നീക്കം സമാധാന കരാറിനെ അട്ടിമറിക്കാനാണെന്ന് പലസ്തീന്‍ അതോറിറ്റി കുറ്റപെടുത്തി. വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ 513 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ ഇറാനുമേല്‍ ആക്രമണ ഭീതി ഉരുണ്ടുകൂടിയതിനിടെ, ഇസ്രായേലിന് 667 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി യു.എസ്. വെള്ളിയാഴ്ച യു.എസ് കോണ്‍ഗ്രസ് അംഗീകരിച്ച ഇടപാടില്‍, സൗദി അറേബ്യക്ക് 900 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 30 അപ്പാച്ചെ ഹെലികോപ്ടറും അനുബന്ധ ഉപകരണങ്ങളുമാണ് ഇസ്രായേലിന് നല്‍കുന്നത്.
730 പാട്രിയറ്റ് മിസൈലുകളടക്കമാണ് സൗദിക്ക് നല്‍കുന്നതെന്നും നാറ്റോക്ക് പുറത്തുള്ള തങ്ങളുടെ പ്രധാന സഖ്യകക്ഷി രാജ്യത്തിന്റെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതാണ് ഇടപാടെന്നും യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.
