ഹിസ്ബുള്ളക്ക് മുട്ടന്‍ പണി കൊടുത്ത് ഡബിള്‍ ഏജന്റുമാര്‍..! ലബനനില്‍ നിന്ന് പിടികൂടിയ ഹിസ്ബുളള പ്രവര്‍ത്തകര്‍ ഇസ്രായേല്‍ ചാരനെന്ന് സംശയം; അപ്പാര്‍ട്ട്‌മെന്റില്‍ ഇരച്ചുകയറിയ ഇസ്രയേല്‍ സേന അഹ്‌മാസിനെ തട്ടിക്കൊണ്ടു പോയി; അടിമുടി ദുരൂഹതകള്‍
ഹിസ്ബുള്ളക്ക് മുട്ടന്‍ പണി കൊടുത്ത് ഡബിള്‍ ഏജന്റുമാര്‍..!
ബെയ്‌റൂത്ത്: ലബനനില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഹിസ്ബുളള പ്രവര്‍ത്തകനെ കുറിച്ചുള്ള ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു. ഇയാള്‍ യഥാര്‍ത്ഥത്തില്‍ ഇസ്രയേല്‍ ചാരനായിരുന്നോ എന്നാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്. ലബനന്‍കാരനും കപ്പിത്താനുമായ ഇഹാദ് അഹംസിനെ കഴിഞ്ഞ ദിവസമാണ് വടക്കന്‍ ലബനനിലെ നഗരമായ ബട്രൗണില്‍ നിന്ന് പിടികൂടിയത്. പന്ത്രണ്ട് പേരടങ്ങുന്ന ഇസ്രയേല്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍മാരാണ് ഇയാളെ പിടികൂടിയത്.
നേവിയുടെ ബോട്ടില്‍ എത്തിയ സൈനികര്‍ അഹ്‌മാസിനെ മെഡിറ്ററേനിയന്‍ കടലിലെ അജ്ഞാത കേന്ദ്രത്തിലേക്കാണ് കൊണ്ട് പോയിരിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം നടന്നത്. അഹ്‌മാസ് ഒരു ഇസ്രയേല്‍ ചാരനായിരുന്നോ എന്ന് സംശയിക്കത്തക്ക രീതിയിലാണ് കാര്യങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അഹമാസിന്റെ അപ്പാര്‍ട്ട്മെന്റില്‍ ലബനീസ് പട്ടാളക്കാരാണെന്ന് വിശേഷിപ്പിച്ചാണ് സംഘം ഇരച്ചുകയറി തട്ടിക്കൊണ്ട് പോയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നിരവധി ഹമാസ് ഉന്നതരെയാണ് ഇസ്രയേല്‍ പിടികൂടിയത്. എന്നാല്‍ ലബനനില്‍ ഹിസ്ബുളളക്കെതിരെ ആക്രമണം തുടങ്ങിയതിന് ശേഷം ഇസ്രയേല്‍ അവരുടെ നേതാക്കളെ ബോംബാക്രമണത്തിലൂടെയും മറ്റും വധിക്കുകയായിരുന്നു. എന്നാല്‍ ആരേയും ജീവനോടെ പിടികൂടാന്‍ അവര്‍ ശ്രമിച്ചിരുന്നില്ല. ഇത് ത്ന്നെയാണ് ഇഹാദ് അഹംസിനെ ത്ട്ടിക്കൊണ്ട് പോയ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. നടപടി അസാധാരണമെന്നാണ് പല പ്രതിരോധ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
അഹംസിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സിംകാര്‍ഡുകളും ഇയാളുടെ പേരിലുള്ള ഒന്നിലധികം പാസ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് അഹംസ് ഒരു ഇസ്രയേല്‍ ചാരനായിരുന്നു എന്ന് തന്നെയാണ്. ഹിസ്ബുളള ഭീകരര്‍ക്ക് വേണ്ടി ആയുധങ്ങളും ഇലക്ട്രോണിക്ക് സാധനങ്ങളും എല്ലാം എത്തിക്കുന്നത് ഹിസ്ബുള്ള മുതിര്‍ന്ന നേതാവ് എന്നറിയപ്പെട്ടിരുന്ന അഹംസാണ്. എന്നാല്‍ ഇപ്പോള്‍ സംശയിക്കപ്പെടുന്നത് ഇയാള്‍ ഇസ്രയേലിന് വേണ്ടി ജോലി ചെയ്തിരുന്ന ചാരനാണ് എന്ന് തന്നെയാണ്.
കൂടാതെ അഹംസിനെ തട്ടിക്കൊണ്ട് പോയവര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കാത്തതും സംശയകരമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം അഹംസിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഐക്യരാഷ്ട്രരക്ഷാ സമിതിക്ക് പരാതി നല്‍കുമെന്ന് ലബനനിലെ താത്ക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു. ലബനന്റെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ഇസ്രായേല്‍ ചാരനായിരുന്നു എന്ന വെളിപ്പെടുത്തല്‍ മുന്‍ ഇറാന്‍ പ്രസിഡന്റ് അഹമ്മദിനെജാദ് നടത്തിയിരുന്നു. ഇസ്രായേലി ചാരവൃത്തിയെ പ്രതിരോധിക്കാന്‍ ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ ഒരു ഇസ്രായേല്‍ ചാരനായിരുന്നുവെന്ന് എന്നാണ് നെജാദ് പറഞ്ഞത്.
പ്രത്യേക യൂണിറ്റില്‍ ഡബിള്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ ഇറാനിയന്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇസ്രായേലിന് നല്‍കുന്നുവെന്നും പറഞ്ഞ അഹമ്മദിനെജാദ്, ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ മൊസാദ് ഏജന്റായിരുന്നുവെന്നും കൂട്ടിചേര്‍ത്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2024 ജൂണില്‍ നടക്കുന്ന ഇറാന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വം അഹമ്മദിനെജാദ് നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.
ഇറാന്‍ പൗരനായ ഇസ്രയേല്‍ ചാരന്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്രള്ള ഉണ്ടായിരുന്ന ഇടത്ത് ഇസ്രയേല്‍ സൈന്യം മിസൈല്‍ വര്‍ഷിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെയ്റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയില്‍ വെച്ച് ഉന്നതതല അംഗങ്ങളുമായി ഹസന്‍ നസ്രള്ള യോഗം ചേരുന്നുവെന്നായിരുന്നു ചാരന്‍ ഇസ്രയേല്‍ സൈന്യത്തെ അറിയിച്ചത്.