എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേര് ഒന്നിലധികം തവണ; അറ്റോര്‍ണി ജനറല്‍ അമേരിക്കന്‍ പ്രസിഡന്റിനെ അറിയിച്ചതായി റിപ്പോര്‍ട്ട്; ബാലപീഡകനുമായുള്ള ബന്ധത്തില്‍ ട്രംപിന് ഉറക്കം പോകുന്നു; മസ്‌ക്കിനെ പിണക്കിയതും തിരിച്ചടിയായോ?

എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേര് ഒന്നിലധികം തവണ

Update: 2025-07-24 11:45 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് ഒന്നിലധികം പരാമര്‍ശിക്കപ്പെട്ടതായി അദ്ദേഹത്തെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇക്കാര്യം നടന്നതെന്നാണ് പ്രമുഖ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ട്രംപിനെ യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയാണ് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കേസ് പുനഃപരിശോധിച്ചതിന് ശേഷമുള്ള നീതിന്യായ വകുപ്പിന്റെ വിശദീകരണത്തിന്റെ ഭാഗമായിട്ടാണ് പാം ബോണ്ടി ട്രംപിനെ ഇക്കാര്യങ്ങള്‍ അറിയിച്ചതെന്നാണ് സൂചന. എപ്സ്റ്റീന്‍ ഫയലുകളില്‍ നിരവധി പ്രുഖ വ്യക്തികളുടെ പേരുകള്‍ ഉണ്ടെന്നും ബോണ്ടി പ്രസിഡന്റിനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എപ്സ്റ്റീന്റെ ഇടപാടുകാരുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെ വ്യാജവാര്‍ത്ത എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.

അതേസമയം ചില ഫയലുകളില്‍ ട്രംപിന്റെ പേര് പ്രത്യക്ഷപ്പെട്ടതിനെ ഭരണകൂടം നിഷേധിച്ചിട്ടില്ലെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബോണ്ടിയും ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചും വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് നേരിട്ട് സ്ഥിരീകരിക്കാതെ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഫയലുകളില്‍ കൂടുതല്‍ അന്വേഷണത്തിന്റെയോ പ്രോസിക്യൂഷന്റെയോ ആവശ്യമില്ല എന്നും പതിവ് ബ്രീഫിംഗിന്റെ ഭാഗമായിട്ടാണ് കണ്ടെത്തലുകള്‍ തങ്ങള്‍ പ്രസിഡന്റിനെ അറിയിച്ചത് എന്നും ഇരുവരും വ്യക്തമാക്കി.

1990കളിലും 2000 ത്തിന്റെ തുടക്കത്തിലും ട്രംപ് എപ്സ്റ്റീനുമായി സൗഹൃദത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അക്കാലത്തെ എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിനായുള്ള വിമാന ലോഗുകളില്‍ ട്രംപിന്റെ പേര് നിരവധി തവണ പ്രത്യക്ഷപ്പെടുന്നതായി രേഖകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പേരുകള്‍ എപ്സ്റ്റീന്റെ കോണ്‍ടാക്റ്റ് ബുക്കില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എപ്സ്റ്റീന്റെ മുന്‍ കൂട്ടാളിയായ ഗിസ്ലെയ്ന്‍ മാക്സ്വെല്ലിനെതിരായ ക്രിമിനല്‍ കേസിനിടെയാണ് കേസുമായി ബന്ധപ്പെട്ട മിക്ക വിവരങ്ങളും പുറത്തുവന്നത്.

കുട്ടികളെ ലൈംഗികമായി കടത്തുന്നതിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും മാക്സ്വെല്ലിന് 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ട്രംപ് എപ്സ്റ്റീന്റെ വിമാനത്തില്‍ പലതവണ പറന്നതായി എപ്സ്റ്റീന്റെ പൈലറ്റ് മാക്സ്വെല്ലിന്റെ വിചാരണയ്ക്കിടെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് ഇത് നിഷേധിച്ചിരുന്നു. എപ്സ്റ്റീന്‍ കേസില്‍ അന്വേഷിണം തുടരേണ്ട ആവശ്യമില്ലെന്ന് നീതിന്യായ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ എപ്സ്റ്റീന്‍ ഫയലുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഇലോണ്‍ മസ്‌കും എത്തിയിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു.

2003 ല്‍ എപ്സ്റ്റീന് അയച്ച പിറന്നാള്‍ ആശംസാ കാര്‍ഡില്‍ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നെന്ന് നേരത്തെ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ വാള്‍ സ്ട്രീറ്റ് ജേണലിനും റൂപര്‍ട്ട് മാര്‍ഡോക്കിനും രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്കുമെതിരെ ട്രംപ് മാനഷ്ടക്കേസ് നല്‍കിയിരുന്നു. 10 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടത്. ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി പ്രായപൂര്‍ത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ടയാളാണ് ജെഫ്രി എപ്‌സിറ്റീന്‍.

കരീബിയന്‍ ദ്വീപിലും ന്യൂയോര്‍ക്ക്, ഫ്‌ലോറിഡ, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി സ്ത്രീകള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. 2005 ല്‍ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുടര്‍ന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തില്‍ എപ്സ്റ്റീന്‍ 36 പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും 2008-ല്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.

പിന്നീട് 2019 ജൂലൈയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയെന്ന കുറ്റത്തിന് എപ്സ്റ്റീന്‍ വീണ്ടും അറസ്റ്റിലായി. ബാല ലൈംഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ എപ്സ്റ്റീന്‍ 2019 ഓഗസ്റ്റില്‍ ജയിലില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചിരുന്നു. ട്രംപ്, പോപ്പ് ഐക്കണ്‍ മൈക്കല്‍ ജാക്സണ്‍, നടന്‍ അലക് ബാള്‍ഡ്വിന്‍, ചലച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ എന്നിവര്‍ ജെഫ്രി എപ്സ്റ്റീന്റെ കോണ്‍ടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളില്‍ ഉള്‍പ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയില്‍ അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ ഒരു രേഖയില്‍ വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News