ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയിയിലെ വംശീയ പരാമര്‍ശം; മനുഷ്യത്വ രഹിതവും അമാന്യവുമായ പ്രസ്താവനയെന്ന് പറഞ്ഞ് ആഞ്ഞടിച്ച് ജെന്നിഫര്‍ ലോപ്പസ്; കമല ഹാരിസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു ഹോളിവുഡ് നടി; അവസാന ഘട്ടത്തില്‍ ട്രംപിന് മുന്‍തൂക്കം

ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയിയിലെ വംശീയ പരാമര്‍ശം

Update: 2024-11-01 11:58 GMT

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവിലെ സര്‍വ്വേ പ്രകാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നിലാണെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് പ്രചാരണരംഗത്ത് സജീവമാണ്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം ജെന്നിഫര്‍ ലോപ്പസ് കമലാ ഹാരീസിന് വേണ്ടി പ്രചാരണത്തിനിറങ്ങി. വേദിയില്‍ ഡൊണാള്‍ഡ് ട്രംപിന് എതിരെ ആഞ്ഞടിച്ച ജെന്നിഫര്‍ കമലാഹാരീസിന് ഹോളിവുഡ് സിനിമകളിലെ പോലെ ശുഭകരമായ അന്ത്യം ഉറപ്പാക്കണമെന്ന് ആഹ്വാനം ചെയ്തു.

ട്രംപിന്റെ റാലികളില്‍ നടക്കുന്ന വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് ഹോളിവുഡ് നടി രംഗത്തുവന്നത്. കഴിഞ്ഞ ദിവസം മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ കമലാഹാരീസിന് എതിരെ നടത്തിയ മോശം പരാമര്‍ശങ്ങളയും അവര്‍ ചോദ്യം ചെയ്തു. ട്രംപിന്റെ റാലിയില്‍ യു.എസ് ഹാസ്യനടന്‍ ടോണി ഹിഞ്ച്ക്ലിഫ് നടത്തിയ വംശീയ പരാമര്‍ശത്തിനെതിരെയാണ് നടി ആഞ്ഞടിച്ചത്.

ലാസ് വേഗാസിലാണ് ജെന്നിഫര്‍ ലോപ്പസ് പങ്കെടുത്ത പരിപാടി നടന്നത്. തെരഞ്ഞടുപ്പ് അങ്ങേയറ്റം ചൂട് പിടിച്ച ഈ വേളയില്‍ കൂടുതല്‍ രാഷ്ട്രീയം സംസാരിക്കുന്നില്ലെന്ന് പറഞ്ഞ അവര്‍ രാജ്യം ഒഴുകുന്ന മാലിന്യക്കൂമ്പാരമാണന്ന ട്രംപ് ക്യാമ്പിന്റെ അധിക്ഷേപ പരാമര്‍ശങ്ങളെ ചോദ്യം ചെയ്തു.

കരീബിയന്‍ ദ്വീപസമൂഹത്തിലും പ്യൂര്‍ട്ടോറിക്കോ ദ്വീപിലും നിന്നുള്ള ജനവിഭാഗമായ പ്യൂര്‍ട്ടോറിക്കന്‍മാരെ 'മാലിന്യങ്ങളുടെ പൊങ്ങിക്കിടക്കുന്ന ദ്വീപ്' എന്നായിരുന്നു ഹാസ്യനടന്‍ വിശേഷിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ലാസ് വെഗാസില്‍ നടന്ന റാലിയിലാണ് ജെന്നിഫര്‍ ലോപസ് ഹാസ്യ നടനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചത്. 'അന്ന് പ്യൂര്‍ട്ടോറിക്കക്കാര്‍ മാത്രമല്ല, ഈ രാജ്യത്തെ എല്ലാ ലാറ്റിനോകളും വ്രണപ്പെട്ടു. ആ പ്രസ്താവന മനുഷ്യത്വ രഹിതവും അമാന്യവുമായിരുന്നു. താന്‍ പ്യൂര്‍ട്ടോറിക്കന്‍ ആണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ജെന്നിഫര്‍ താന്‍ ഇവിടെയാണ് ജനിച്ചത്, തങ്ങള്‍ അമേരിക്കക്കാരാണ് എന്നും പ്രസ്താവിച്ചു.

'താന്‍ ടി.വിയിലും സിനിമയിലും അഭിനയം തുടങ്ങിയപ്പോള്‍ വേലക്കാരിയുടെയും ഉച്ചത്തില്‍ സംസാരിക്കുന്ന ലാറ്റിനയുടെയും വേഷങ്ങള്‍ ചെയ്തു തുടങ്ങി. എന്നാല്‍ കൂടുതല്‍ ചെയ്യാനുണ്ടെന്ന് തനിക്കറിയാമായിരുന്നു'. 'തെരഞ്ഞെടുപ്പുകള്‍ നേതാക്കളെ കണ്ടെത്തുന്നതിനെക്കുറിച്ചാണ്, അതിന് തടസ്സം നില്‍ക്കുന്ന ഒന്നല്ല' അവര്‍ പറഞ്ഞു. ചൈല്‍ഡ് ടാക്സ് ക്രെഡിറ്റും മധ്യവര്‍ഗ നികുതി വെട്ടിക്കുറവും ഉള്‍പ്പെടെ കമല ഹാരിസ് മുന്നോട്ടുവെച്ച ചില നയങ്ങള്‍ അവര്‍ വിശദീകരിച്ചു.

നവംബര്‍ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് വോട്ട് ചെയ്യാന്‍ ജെന്നിഫര്‍ ലോപസ് ആഹ്വാനം ചെയ്തു. കൂടാതെ കമലാ ഹാരീസിന് വേണ്ടി രംഗത്തിറങ്ങിയ അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ് ഡിക്ചിനിയുടെ മകള്‍ ലിസ് ചിനിയെ കുറിച്ചും മോശമായ പരാമര്‍ശങ്ങള്‍ ട്രംപ് നടത്തിയിരുന്നു. ലിസ് ചിനി യുദ്ധക്കൊതിയുള്ള സ്ത്രീയാണെന്നും ട്രംപ് മോശമായ പദപ്രയോഗങ്ങളിലൂടെ കളിയാക്കിയിരുന്നു.

ഇതിനും ജെന്നിഫര്‍ ലോപ്പസ് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. കൂടാതെ കമലാ ഹാരീസിന്റെ അനുയായികള്‍ ട്രംപ് നടത്തിയ ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ട്രംപിന് എതിരെ പലരും ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. രാജ്യത്തെ കുട്ടികള്‍ക്ക് പോലും സുരക്ഷിതത്വം തോന്നുന്ന തരത്തിലുളള ഒരാളായിരിക്കണം പ്രസിഡന്റായി വരേണ്ടതെന്നും ജെന്നിഫര്‍ ലോപ്പസ് ചൂണ്ടിക്കാട്ടി. താന്‍ ഒരു കുട്ടിയായിരുന്ന കാലത്തെ അന്ന് രാജ്യത്തെ പ്രസിഡന്റുമാര്‍ ആയിരുന്ന മഹാന്‍മാര്‍ തനിക്ക് എത്ര ധൈര്യമാണ് നല്‍കിയിരുന്നതെന്നും ട്രംപിനെ വ്യംഗ്യമായി വിമര്‍ശിച്ച് കൊണ്ട് അവര്‍ പറഞ്ഞു.

അതിനിടെ, ടോണി ഹിഞ്ച്ക്ലിഫിന്റെ പരാമര്‍ശം വിവാദമായതിനിടെ, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപിനെ പിന്തുണയ്ക്കുന്നവരെ 'മാലിന്യങ്ങള്‍' എന്ന് വിളിച്ചത് വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ താന്‍ ടോണി ഹിഞ്ച്ക്ലിഫിനെയാണ് ഉദ്ദേശിച്ചതെന്ന് ബൈഡന്‍ പിന്നീട് വ്യക്തമാക്കിയെങ്കിലും വിവാദം അവസാനിച്ചില്ല. അതേസമയം അഭിപ്രായ സര്‍വേകളില്‍ ട്രംപിനാണ് അവസാന നിമിഷം മുന്‍തൂക്കം പ്രവചിക്കുന്നത്.

Tags:    

Similar News