കാല്‍ നൂറ്റാണ്ട് മുന്‍പത്തെ പീഡന കേസ്; ഭരണകക്ഷി എംപിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പോലീസ്; ഉടനടി ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നേതാക്കള്‍: മറ്റൊരു എംപി കൂടി പുറത്താവുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് പേടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍

കാല്‍ നൂറ്റാണ്ട് മുന്‍പത്തെ പീഡന കേസ്; ഭരണകക്ഷി എംപിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-04-06 09:45 GMT

ലണ്ടന്‍: മുന്‍ മന്ത്രിയും ലേബര്‍ പാര്‍ട്ടി എം പിയുമായ ഡാന്‍ നോറിസിനെ പീഢനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതായി മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റ് മണ്ഡലത്തില്‍ നിന്നും മുന്‍മന്ത്രി ജേക്കബ് റീസ് - മോഗിനെ പരാജയപ്പെടുത്തിയാണ് ഡാന്‍ നോറിസ് ജനപ്രതിനിധി സഭയില്‍ എത്തിയത്.ല്‍; അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിലുള്ള വീട് റെയ്ഡ് ചെയ്തായിരുന്നു വെള്ളിയാഴ്ച നോറിസിനെ അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലപീഡനവും നോറിസിന് മേല്‍ ചുമത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.

എന്‍ എസ് പി സി സി പരിശീലനം നേടുകയും അധ്യാപകനായും ശിശു സംരക്ഷണ ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചിട്ടുള്ള നോറിസിനെ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നതിനാലാണിത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടിക്ക് നേരെ നടത്തിയ ചില ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു പോലീസ് ഫോഴ്സില്‍ നിന്നും തങ്ങള്‍ക്ക് 2024 ഡിസംബറില്‍ റെഫറല്‍ ലഭിച്ചിരുന്നു എന്നാണ് അവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസ് വക്താവ് പറഞ്ഞത്.

നോറിസ് ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ ഏറെയും 2000 നും 2010 നും ഇടയിലാണ് നടന്നിരിക്കുന്നത്. 2020 കളില്‍ നടന്നു എന്ന് പറയപ്പെടുന്ന ഒരു ബലാത്സംഗത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗ കേസുകളും ഗുരുതരമായ മറ്റ് ലൈംഗിക അതിക്രമ കേസുകളും അന്വേഷിക്കുന്ന പ്രത്യേക സംഘമായ ഓപ്പറേഷന്‍ ബ്ലൂസ്റ്റോണ്‍ ടീമംഗങ്ങളാണ് ഈ കേസുകള്‍ അന്വേഷിക്കുന്നത്. അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് അറിയിച്ചു.

പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ ഇരയ്ക്ക് ആവശ്യമായ കൗണ്‍സിലിംഗും മറ്റ് സഹായങ്ങളും നല്‍കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. 1956 ലെ ലൈംഗികാതിക്രമ നിയമം, 2003 ലെ ലൈംഗികാതിക്രമ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ്, പെണ്‍കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ഔദ്യോഗിക പദവിയുടെ ദുരുപയോഗം എന്നീ കുറ്റങ്ങള്‍ക്ക് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അന്വേഷണം നടക്കുന്നതിനാതിനാല്‍ ഇപ്പോള്‍ നോറിസ്സിനെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താരതമ്യേന നേരിയ ഭൂരിപക്ഷത്തിനാണ് സോമര്‍സെറ്റില്‍ നോറിസ് ജയിച്ചത്. അതുകൊണ്ടു തന്നെ ഒരു ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അത് സര്‍ കീര്‍ സ്റ്റാര്‍മറിന് വലിയ തലവേദന ആയിരിക്കും സൃഷ്ടിക്കുക. 5319 വോട്ടുകള്‍ക്കായിരുന്നു നോറിസ് ജയിച്ചത്. അതേസമയം, റിഫോം പാര്‍ട്ടി 7,424 വോട്ടുകള്‍ പിടിച്ചില്ലായിരുന്നെങ്കില്‍ റീസ് - മോഗ് തന്നെ ജയിക്കുമായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Tags:    

Similar News