ട്രംപുമായി ഏറ്റുമുട്ടി മടുത്തു; 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' പ്രസ്ഥാനത്തിന്റെ ഐക്കണ്‍ മാര്‍ജോറി ടെയ്ലര്‍ രാജിവെച്ചു; ഇരുവരും തമ്മില്‍ ഉടക്കിയത് 'എപ്സ്റ്റീന്‍' ഫയലുകള്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍
ട്രംപുമായി ഏറ്റുമുട്ടി മടുത്തു; 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' പ്രസ്ഥാനത്തിന്റെ ഐക്കണ്‍ മാര്‍ജോറി ടെയ്ലര്‍ രാജിവെച്ചു
വാഷിങ്ടണ്‍: അമേരിക്കയിലെ തീവ്ര വലതുപക്ഷ സമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' (മാഗ) പ്രസ്ഥാനത്തിന്റെ ഐക്കണുമായ റിപ്പബ്ലിക്കന്‍ നിയമസഭാംഗം മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ കോണ്‍ഗ്രസിലെ തന്റെ സ്ഥാനം രാജിവെച്ചു. ലൈംഗികക്കുറ്റകൃത്യവുമായി ബന്ധപ്പെട്ട 'എപ്സ്റ്റീന്‍' ഫയലുകള്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഗ്രീന്‍ രാജിവെച്ചത്.
ട്രംപ് ഭരണകൂടത്തിന് കീഴില്‍ മാറ്റിനിര്‍ത്തപ്പെട്ടതായി ഗ്രീന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച നീണ്ട രാജി പ്രസ്താവയില്‍ പറഞ്ഞു. തന്റെ രാജി പ്രസ്താവനയില്‍ ഗ്രീന്‍ 'എപ്സ്റ്റീന്‍' വിവാദത്തെയും പരാമര്‍ശിച്ചു. ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള സര്‍ക്കാറിന്റെ ഫയലുകള്‍ പുറത്തുവിട്ടതിന് ട്രംപുമായുള്ള തന്റെ തുറന്ന വാദമാണ് ഗ്രീനിനെ പുറത്തേക്ക് നയിച്ചത്. '14 വയസ്സുള്ളപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട, കടത്തിക്കൊണ്ടുപോകപ്പെട്ട, ധനികരും ശക്തരുമായ പുരുഷന്മാര്‍ ഉപയോഗിച്ച അമേരിക്കന്‍ സ്ത്രീകള്‍ക്കുവേണ്ടി നിലകൊള്ളുന്നത് എന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതിലേക്കും അമേരിക്കന്‍ പ്രസിഡന്റ് എന്നെ ഭീഷണിപ്പെടുത്തുന്നതിലേക്കും നയിക്കരുതെന്ന്' ഗ്രീന്‍ പറഞ്ഞു.
'പ്രതിനിധിസഭയിലെ അംഗമെന്ന നിലയില്‍ താന്‍ എല്ലായ്‌പ്പോഴും സാധാരണക്കാരായ അമേരിക്കന്‍ പുരുഷന്‍മാരെയും സ്ത്രീകളെയും പ്രതിനിധീകരിച്ചു. അതുകൊണ്ടാണ് വാഷിങ്ടണ്‍ ഡി.സിയില്‍ ഞാന്‍ വെറുക്കപ്പെട്ടത്. ഇനി ഒരിക്കലും അതില്‍ ചേരില്ല. നമ്മളെല്ലാവരും പോരാടിയ പ്രസിഡന്റില്‍ നിന്ന് വേദനാജനകവും വെറുപ്പുളവാക്കുന്നതുമായ വാക്കുകള്‍ എന്റെ അനുയായികളും കുടുംബവും സഹിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും' ഗ്രീന്‍ വ്യക്തമാക്കി. അവസാന ദിവസം 2026 ജനുവരി 5 ആയതിനാല്‍ ആ ദിവസം താന്‍ ഓഫിസില്‍ നിന്നും രാജിവെക്കുമെന്നും അവര്‍ പറഞ്ഞു.
എപ്സ്റ്റീന്‍ വിഷയം ഒരു ഡെമോക്രാറ്റ് തട്ടിപ്പ് എന്ന് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. കൂടാതെ കേസിലെ സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിടുമെന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെച്ചൊല്ലി അദ്ദേഹത്തിന്റെ 'മാഗ' ഫാന്‍ ബേസില്‍നിന്നും പ്രതിഷേധം നേരിടേണ്ടി വന്നു. എന്നാല്‍, സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഡെമോക്രാറ്റുകളില്‍ നിന്നുമുള്ള വര്‍ധിച്ചുവരുന്ന സമ്മര്‍ദത്തെത്തുടര്‍ന്ന് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാനുള്ള പ്രമേയം ഹൗസിലും സെനറ്റിലും വന്‍ പിന്തുണയോടെ പാസായതിനെത്തുടര്‍ന്ന് ട്രംപ് ഈ ആഴ്ച ഒരു ബില്ലില്‍ ഒപ്പുവെക്കുകയുണ്ടായി. രാജ്യത്തിന് ഇതൊരു വലിയ വാര്‍ത്തയാണെന്ന് താന്‍ കരുതുന്നു എന്ന് പ്രസിഡന്റ് ട്രംപ് ഗ്രീനിന്റെ രാജി വാര്‍ത്തയോട് പ്രതികരിച്ചു. ഇത് വളരെ മികച്ചതാണെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞതായി എ.ബി.സി ന്യൂസ് ഉദ്ധരിച്ചു.
