'യഹൂദരോടുള്ള വെറുപ്പ് ഹൃദയങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സമയമായി'; ജൂത വിരുദ്ധ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം; സിഡ്‌നി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഹ്വാനവുമായി മാര്‍പാപ്പ; ബോണ്ടി ബീച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ഥിച്ചു പോപ്പ് ലിയോ പതിനാലാമന്‍

'യഹൂദരോടുള്ള വെറുപ്പ് ഹൃദയങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സമയമായി'

Update: 2025-12-16 02:14 GMT

വത്തിക്കാന്‍ സിറ്റി: ജൂതവിരുദ്ധ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കത്തോലിക്ക സഭയുടെ പരമാധ്യക്ഷ്യന്‍ പോപ്പ് ലിയോ പതിനാലാമന്‍. യഹൂദരോടുള്ള വെറുപ്പ് ഹൃദയങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സമയമായെന്ന് പോപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സിഡ്നി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പോപ്പിന്റെ പ്രസ്താവന. സിഡ്നി ബീച്ചില്‍ ജൂതമതസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവര്‍ക്കായി മാര്‍പാപ്പ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. 10 നും 87 നും ഇടയില്‍ പ്രായമുണ്ടായിരുന്ന പതിനാറുപേരെ കൊന്നുതള്ളിയത് ഒരച്ഛനും മകനും ചേര്‍ന്നാണ്. 40 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ജൂത വിശ്വാസികളുടെ വെളിച്ചത്തിന്റെ ഉത്സവമാണ് ഹനുക്ക. യഹൂദന്‍മാരുടെ മേല്‍ ഗ്രീക്ക് സംസ്‌കാരവും മതവും അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച ആന്റിയോക്കസ് നാലാമന്‍ രാജാവിനെതിരെ യൂദാസ് മക്കാബിയസ് നയിച്ച വിജയകരമായ യുദ്ധത്തെയും ഈ ഉത്സവം അടയാളപ്പെടുത്തുന്നു. ഞായറാഴ്ച വൈകുന്നേരം ഈ സവിശേഷ ആഘോഷത്തിന് ഒത്തുകൂടിയവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ജൂത വിശ്വാസികളുടെ ഉത്സവത്തിന് നേരെ നടന്ന വെടിവയ്പിന്റെ കാരണങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

50കാരനായ സാജിദ് അക്രവും 24കാരനായ മകന്‍ നവീദ് അക്രവുമാണ് ആബാലവൃദ്ധം ജനങ്ങള്‍ക്കും നേരെ നിറയൊഴിച്ചത്. ഭീകരാക്രമണമാണ് നടന്നെതെന്ന് ഞായറാഴ്ച തന്നെ ഓസ്ട്രേലിയയും ഇസ്രയേലും പറഞ്ഞിരുന്നു. അതേസമയം, അച്ഛനും മകനും ഉപയോഗിച്ച കാറില്‍ നിന്ന് കടകടഉമായി ബന്ധമുള്ള ചില പതാകകള്‍ ലഭിച്ചു എന്ന് പറയുന്നതല്ലാതെ ഇരുവരുടെയും ഭീകരസംഘടനാ ബന്ധം ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. പൊതു ജനത്തിനുനേരെ നിറയൊഴിച്ച സാജിദ് അക്രം പൊലീസിന്റെ വെടിയേറ്റ് ബോണ്ടി ബീച്ചില്‍ വച്ചുതന്നെ കൊല്ലപ്പെട്ടു. മകന്‍ നവീദ് അക്രം പരിക്കുകളോടെ ആശുപത്രിയിലാണ്. ജീവനോടെ പിടികൂടിയ നവീദിനെ പ്രത്യേക സുരക്ഷയൊരുക്കിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നത്.

ഓസ്ട്രേലിയയിലെ പ്രാന്തപ്രദേശത്ത് താമസിച്ചിരുന്ന നവീദിന്റെ അച്ഛന്‍ സാജിദിന്റെ കൈവശം ആറ് തോക്കുകള്‍ നിയമപരമായി തന്നെ ഉണ്ടായിരുന്നു. കൂടാതെ ഒരു റൈഫിള്‍ ക്ലബില്‍ സ്ഥിരം പ്രാക്ടീസ് ചെയ്യുന്നയാളുമായിരുന്നു സാജിദ്. പാകിസ്ഥാന്‍ പൗരനായ സാജിദ് 1998ല്‍ സ്റ്റുഡന്റ് വിസയിലാണ് ഓസ്ട്രേലിയയിലെത്തിയത്. മകന്‍ നവീദ് 2001ല്‍ ഓസ്ട്രേലിയയില്‍ തന്നെയാണ് ജനിച്ചത്. ഓസ്ട്രേലിയന്‍ പൗരത്വവുമുണ്ട്. റൈഫിളും ഷോട്ട് ഗണ്ണും ഉള്‍പ്പടെ നാല് ആയുധങ്ങളാണ് ബോണിറിഗിലുള്ള ഇവരുടെ വാടകവീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് രഹസ്യത്താവളത്തിലേക്ക് മാറ്റി. ഇതാരൊക്കെയാണെന്ന ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല.

ഹനുക്കാ ആഘോഷങ്ങളുടെ ഭാഗമായി ലോകത്തിലെ പ്രധാന നഗരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ന്യൂയോര്‍ക്ക്, ബെര്‍ളിന്‍, ലണ്ടന്‍ ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളിലും ജൂതരുടെ ഹനുക്കാ ആഘോഷങ്ങള്‍ നടക്കുന്നയിടങ്ങളിലും പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്.

Tags:    

Similar News