കുടിയേറ്റ കാര്യത്തില്‍ കര്‍ക്കശ നിലപാടുമായി ട്രംപ്; അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ കാനഡയുടെയും മെക്‌സികോയുടെയും ഇറക്കുമതിക്ക് നികുതി ഉയര്‍ത്തുമെന്ന് പ്രഖ്യാപനം; അതിര്‍ത്തി അടക്കില്ലെന്ന് മെക്‌സികോ; ഉറക്കം നഷ്ടപ്പെട്ട് അനധികൃത കുടിയേറ്റക്കാര്‍

കുടിയേറ്റ കാര്യത്തില്‍ കര്‍ക്കശ നിലപാടുമായി ട്രംപ്

Update: 2024-11-29 01:27 GMT

വാഷിങ്ടണ്‍: യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാട് എടുക്കുന്നതിന്റെ സൂചനയായി കാനഡക്കും മെക്‌സിക്കോക്കുമെതിരെ ശക്തമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ കാനഡയുടെയും മെക്‌സികോയുടെയും ഇറക്കുമതിക്ക് നികുതി ഉയര്‍ത്തുമെന്നാണ്് ട്രംപിന്റെ പ്രഖ്യാപനം. ഇതിന് മെക്‌സിക്കോ സമ്മതിച്ചുവെന്നും ട്രംപ് വാദിച്ചിരുന്നു.

എന്നാല്‍, അനധികൃത കുടിയേറ്റം തടയുമെന്ന് സമ്മതിച്ചതായുള്ള നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി മെക്‌സികോയും രംഗത്തുണ്ട്. അതിര്‍ത്തികള്‍ അടക്കില്ലെന്നും സര്‍ക്കാറുകളുമായും ജനങ്ങളുമായും ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പാര്‍ദോ പറഞ്ഞു.

മെക്‌സികോയുടെ പുതിയ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചതായും തെക്കന്‍ അതിര്‍ത്തി അടച്ച് യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്ന് അവര്‍ സമ്മതിച്ചതായും സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പറഞ്ഞത്. അതേസമയം, ട്രംപുമായി മെക്‌സികോയുടെ കുടിയേറ്റ നിലപാട് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്ന കാര്യം ക്ലോഡിയ സ്ഥിരീകരിച്ചു.

യു.എസിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്കുള്ള കുടിയേറ്റക്കാരെ മെക്‌സികോ തടഞ്ഞതായി ട്രംപിനെ അറിയിച്ചതായും അവര്‍ പറഞ്ഞു. സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനെയും ലഹരി കടത്ത് തടയുന്നതിനെയും കുറിച്ച് ചര്‍ച്ച ചെയ്തതായും ക്ലോഡിയ കൂട്ടിച്ചേര്‍ത്തു. മെക്‌സികോയുമായി സഹകരിച്ച് ജോ ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നടപടികളെ തുടര്‍ന്ന് അനധികൃത കുടിയേറ്റത്തില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

അതേസമയം അനധികത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന അവസ്ഥകള്‍ വന്നതോടെ കുടിയേറ്റ കേസുകള്‍ വാദിക്കുന്ന അഭിഭാഷകരുടെ തിരക്ക് പതിന്‍മടങ്ങ് വര്‍ധിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കാനായി ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വിവര മീറ്റിങ്ങുകളില്‍ ഇപ്പോള്‍ ആളുകള്‍ തള്ളിക്കയറുകയാണ്. ജനുവരി 20ന് അധികാരം ഏറ്റെടുത്ത ശേഷം ട്രംപ് വാഗ്ദാനം ചെയ്ത വ്യാപകമായ കുടിയേറ്റ വിരുദ്ധ നടപടികളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ അനധികൃത കുടിയേറ്റക്കാര്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍ അഭയം തേടാന്‍ ശ്രമിക്കുകയാണ്. യുഎസ് പൗരന്മാരുമായി ബന്ധമുള്ള ആളുകള്‍ വിവാഹത്തിലേക്ക് ആ ബന്ധം എത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയിരിക്കുകയാണ്. കാരണം വിവാഹത്തിലൂടെ അവര്‍ ഗ്രീന്‍ കാര്‍ഡിന് അര്‍ഹരാകും. നിയമപരമായി സ്ഥിരതാമസമുള്ള 13 ദശലക്ഷത്തോളം പേരുണ്ട്. ലഭ്യമായ ഏറ്റവും പുതിയ കണക്ക് പ്രകാരം 2022ല്‍ 11.3 ദശലക്ഷം അനധികൃത ആളുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നത്.

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും തന്റെ ലക്ഷ്യം കൈവരിക്കാന്‍ യുഎസ് സൈന്യത്തെ ഉപയോഗിക്കാനുമാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ചതും അനധികൃത കുടിയേറ്റക്കാരെ പരിഭ്രാന്തരാക്കുന്നുണ്ട്. ടെക്സസിലെ സ്റ്റേറ്റ് ലാന്‍ഡ് കമ്മിഷണര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി അതിര്‍ത്തിക്ക് സമീപം 1,000 ഏക്കറിലധികം ഫെഡറല്‍ ഗവണ്‍മെന്റിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം അമേരിക്കയുടെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെയോ നീതിന്യായ വകുപ്പിന്റെയോ തലവനായി നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേലിനെ നിയമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. . പ്രധാന സ്ഥാപനങ്ങളില്‍ തന്റെ വിശ്വസ്തരെ നിയമിക്കാനുള്ള ട്രംപിന്റെ നീക്കത്തിന്റെ ഭാഗമായാണ് കശ്യപിന്റെ പേരുംകേള്‍ക്കുന്നത്. ഗുജറാത്തില്‍ വേരുകളുള്ള കശ്യപ് ഒന്നാം ട്രംപ് സര്‍ക്കാരില്‍ പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Similar News