ഗാസയില്‍ വെടിയൊച്ചകള്‍ നിലയ്ക്കുന്ന പുതിയൊരു ലോകക്രമത്തിന് ഇന്ത്യ ചുക്കാന്‍ പിടിക്കുമോ? ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച് നരേന്ദ്ര മോദി; ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരമായ ബന്ധം; മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് അറബ് ലീഗ
മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് അറബ് ലീഗ
ന്യൂഡല്‍ഹി: ഗാസയില്‍ വെടിയൊച്ചകള്‍ നിലയ്ക്കുന്ന പുതിയൊരു ലോകക്രമത്തിന് ഇന്ത്യ ചുക്കാന്‍ പിടിക്കുമോ? അന്താരാഷ്ട്ര നയതന്ത്ര വേദികളില്‍ ഇന്ത്യയുടെ കരുത്ത് വിളിച്ചോതി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നിര്‍ണ്ണായക നീക്കങ്ങളാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത്. രണ്ടാമത് ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പലസ്തീന് ഇന്ത്യയുടെ ഉറച്ച പിന്തുണ ആവര്‍ത്തിച്ച മോദി, സമാധാന ചര്‍ച്ചകളില്‍ ഇന്ത്യയുടെ റോളും വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ കുറിച്ചും മോദി പരാമര്‍ശിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ അറബ് ലീഗിന്റെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയില്‍ അറിയിച്ചു.
'പ്രധാനമന്ത്രി പലസ്തീന്‍ ജനതയോടുള്ള ഇന്ത്യയുടെ പിന്തുണ പ്രത്യേകം എടുത്തുപറയുകയും ഗാസ സമാധാന പദ്ധതി ഉള്‍പ്പെടെയുള്ള സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു,' പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇത് വര്‍ഷങ്ങളായി ഇരുപക്ഷങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ക്ക് പ്രചോദനവും ശക്തിയും പകര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ-അറബ് പങ്കാളിത്തത്തിനായുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി വിശദീകരിക്കുകയും സഹകരണം വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്തു.
എക്‌സ് പോസ്റ്റിലൂടെ പ്രധാനമന്ത്രി അറബ് മന്ത്രിമാരോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെക്കുകയും ഇങ്ങനെ കുറിക്കുകയും ചെയ്തു: 'ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സിലെ വിദേശകാര്യ മന്ത്രിമാരെയും പ്രതിനിധികളെയും സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അറബ് ലോകം ഇന്ത്യയുടെ വിശാലമായ അയല്‍രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ആഴത്തിലുള്ള നാഗരിക ബന്ധങ്ങള്‍, ഊര്‍ജ്ജസ്വലരായ ജനങ്ങള്‍ തമ്മിലുള്ള ബന്ധം, ശക്തമായ സാഹോദര്യ ബന്ധം, സമാധാനം, പുരോഗതി, സ്ഥിരത എന്നിവയോടുള്ള പൊതുവായ പ്രതിബദ്ധത ഞങ്ങള്‍ പങ്കിടുന്നു. സാങ്കേതികവിദ്യ, ഊര്‍ജ്ജം, വ്യാപാരം, നവീകരണം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് പുതിയ സാധ്യതകള്‍ തുറക്കുമെന്നും നമ്മുടെ പങ്കാളിത്തത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.'
ഗാസയിലെ സംഘര്‍ഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'ബോര്‍ഡ് ഓഫ് പീസ്' സംരംഭത്തില്‍ ചേരുന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഗാസ സമാധാന പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ട്രംപ് പ്രധാനമന്ത്രി മോദിയ്ക്ക് അയച്ച ക്ഷണം ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. 2025 ഒക്ടോബറില്‍ ഇസ്രയേലും ഹമാസും ഒപ്പുവെച്ച ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ട്രംപ് 'ബോര്‍ഡ് ഓഫ് പീസ്' അവതരിപ്പിച്ചത്.
ഇസ്രയേലിനും പലസ്തീനും ഇടയില്‍ സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനായി ഇന്ത്യയ്ക്ക് മധ്യസ്ഥം വഹിക്കാന്‍ കഴിയുമെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രി വര്‍സെന്‍ അഘബെക്കിയന്‍ പറഞ്ഞു. ഇനി യുദ്ധങ്ങള്‍ക്ക് സമയമില്ല എന്ന് പറഞ്ഞ അദ്ദേഹം സംഭാഷണം, നയതന്ത്രം, അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനം എന്നിവയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഇന്ത്യയുടെ റോള്‍ നിര്‍ണ്ണായകം
ഈജിപ്ത് വഴി ഗാസയിലേക്ക് ആദ്യമായി സഹായമെത്തിച്ച രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ, ഒരേസമയം ഇസ്രയേലിനോടും അറബ് രാജ്യങ്ങളോടും സുഹൃദ്ബന്ധം പുലര്‍ത്തുന്നുണ്ട്. ട്രംപിന്റെ പദ്ധതിയില്‍ ഇന്ത്യ കൂടി ഭാഗമായാല്‍ പശ്ചിമേഷ്യയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നരേന്ദ്ര മോദിയുടെ ഈ നയതന്ത്ര നീക്കം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. ലോകത്തിന്റെ സമാധാന പാലകനായി മോദി മാറുമോ എന്നാണ് ഇനി അറിയേണ്ടത്.
