സിറിയയില്‍ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബഷീര്‍; ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ നിയന്ത്രണത്തില്‍ ഇഡ്‌ലിബ് ഭരിക്കുന്ന സാല്‍വേഷന്‍ സര്‍ക്കാരിന്റെ മേധാവിക്ക് പുതിയ പദവി; ശരിയത്ത് നിയമത്തില്‍ ബിരുദമുള്ള എന്‍ജിനീയര്‍; അല്‍ ബാഷര്‍ സിറിയക്ക് പുതിയ മുഖം നല്‍കുമോ? മാതൃരാജ്യമണയാന്‍ തിരക്കു കൂട്ടി 74 ലക്ഷം അഭയാര്‍ഥികള്‍

സിറിയയില്‍ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബഷീര്‍

Update: 2024-12-11 00:55 GMT

ഡമാസ്‌കസ്: പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതര്‍ സര്‍ക്കാര്‍ രൂപകരണത്തിലേക്ക് കടക്കുന്നു. നിലവില്‍ ഭരണപരിചയമുള്ളയാളെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിശ്ചയിച്ചു കൊണ്ട് ഭരണനടപടികള്‍ തുടരാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബഷീറിനെ നിയമിച്ചു. 2025 മാര്‍ച്ച് ഒന്നുവരെയാണ് അല്‍ ബഷീറിന്റെ കാലാവധി.

വിമതര്‍ക്കു നേതൃത്വം നല്‍കുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നിയന്ത്രണത്തില്‍ ഇഡ്ലിബ് ഭരിക്കുന്ന സാല്‍വേഷന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാണ് നാല്‍പ്പത്തിയൊന്നുകാരനായ അല്‍ ബഷീര്‍. ഈ ഭരണപരിചയാണ് പുതിയൊരു സിറിയന്‍ സര്‍ക്കാറിനെ കെട്ടിപ്പെടുക്കാന്‍ അല്‍ ബഷീറിനെ നിയമിക്കാന്‍ കാരണം. എന്‍ജിനിയറായ ഇദ്ദേഹത്തിന് ഇഡ്ലിബ് സര്‍വകലാശാലയില്‍നിന്ന് ശരിയത്ത് നിയമത്തില്‍ ബിരുദമുണ്ട്. പുതിയ സര്‍ക്കാര്‍ ഇസ്ലാമിക സ്വഭാവത്തിലുള്ളതാകുമെന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അല്‍ബാഷറിന്റെ നിയമം.

അതേസമയം സിറിയയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിനിടെ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. വിമതര്‍ കൈയടക്കിയ സിറിയന്‍ സൈനികത്താവളങ്ങളില്‍ ഇസ്രയേല്‍ ചൊവ്വാഴ്ചയും വ്യോമാക്രമണം തുടര്‍ന്നു. ഡമാസ്‌കസിനടുത്തുവരെയെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രയേല്‍ സൈന്യം നിഷേധിച്ചു. സിറിയയ്ക്കുള്ളില്‍ 400 ചതുരശ്രകിലോമീറ്റര്‍വരുന്ന കരുതല്‍മേഖലയ്ക്കപ്പുറം കടന്നിട്ടില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. 1973-ലെ യുദ്ധത്തിലാണ് ഇസ്രയേല്‍ ഈ പ്രദേശം പിടിച്ചെടുത്തത്.

എന്നാല്‍, കരുതല്‍മേഖലയ്ക്ക് കിഴക്ക് കിലോമീറ്ററുകള്‍ അകലെ ഖതാനയില്‍ ഇസ്രയേല്‍ സൈന്യമെത്തിയെന്ന് സിറിയന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു. ഇവിടെനിന്ന് ഏതാനും കിലോമീറ്റര്‍മാത്രം അകലെയാണ് ഡമാസ്‌കസ്. ഡമാസ്‌കസിനു വടക്ക് ബര്‍സേഹിലുള്ള പ്രതിരോധമന്ത്രാലയത്തിന്റെ ഗവേഷണകേന്ദ്രം വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ തകര്‍ത്തു. ലടാക്കിയ തീരത്ത് നങ്കൂരമിട്ടിരുന്ന 10 നാവികസേനാകപ്പലുകളും തകര്‍ത്തുവെന്ന് യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. രാസായുധനിര്‍മാണശാലയെന്നുപറഞ്ഞ് 2018-ല്‍ യു.എസുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ബര്‍സേഹ് കേന്ദ്രം ആക്രമിച്ചിട്ടുണ്ട്.

അതേസമയം, സിറിയയിലെ പുതിയ അധികാരികളുമായി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. പക്ഷേ, ഞായറാഴ്ച അസദ് സര്‍ക്കാര്‍ വീണുകഴിഞ്ഞുള്ള ദിവസങ്ങളിലായി ഇസ്രയേല്‍ സിറിയയില്‍ 310 വ്യോമാക്രമണം നടത്തി. സിറിയന്‍ സംഘര്‍ഷത്തില്‍ ഇടപെടുകയല്ല, ആത്മരക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ യു.എന്‍. രക്ഷാസമിതിയില്‍ പറഞ്ഞു.

ഇസ്രയേലിന്റെ ആക്രമണത്തെ ഈജിപ്തും ഖത്തറും സൗദി അറേബ്യയും അപലപിച്ചു. സുരക്ഷിതത്വം വീണ്ടെടുക്കാനുള്ള സിറിയയുടെ സാധ്യതകളെ തകര്‍ക്കുന്ന നീക്കമാണിതെന്ന് സൗദി പറഞ്ഞു. അതിനിടെ, ഡമാസ്‌കസില്‍ ജീവിതം സാധാരണനിലയിലായിത്തുടങ്ങി. അസദിന്റെ പതനത്തിനുശേഷം ആദ്യമായി ചൊവ്വാഴ്ച ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. കടകളും തുറന്നു. റോഡുഗതാഗതം സാധാരണനിലയിലായി. ശുചീകരണത്തൊഴിലാളികളും നിര്‍മാണത്തൊഴിലാളികളും പണിക്കെത്തി.

13 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധംമൂലം മറ്റു രാജ്യങ്ങളില്‍ അഭയം തേടേണ്ടിവന്ന അനേക ലക്ഷങ്ങള്‍ക്ക് തിരിച്ചുവരവിന് അവസരം ഒരുങ്ങിയതോടെ സിറിയയിലേക്ക് അഭായര്‍ഥികല്‍ ഒഴുകി എത്തിയേക്കും. 2011ല്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തില്‍ അഞ്ചു ലക്ഷം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 1.3 കോടി പേരാണ് നാടുവിട്ടത്. 2024ലെ കണക്കുകള്‍ പ്രകാരം അവരില്‍ 74 ലക്ഷം പേര്‍ ഇപ്പോഴും അഭയാര്‍ഥികളായി കഴിയുകയാണ്. ഇതില്‍ 49 ലക്ഷവും അയല്‍ രാജ്യങ്ങളിലാണ്. തുര്‍ക്കി, ലബനാന്‍, ജോര്‍ഡന്‍, ഇറാഖ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതലുള്ളത്. തുര്‍ക്കി 31 ലക്ഷം, ലബനാന്‍ 7,74,000, ജര്‍മനി 7,17,000, ജോര്‍ഡന്‍ 6,28,000, ഇറാഖ് 2,86,000, ഈജിപ്ത് 1,56,500, ഓസ്ട്രിയ 98,000, സ്വീഡന്‍ 87,000, നെതര്‍ലന്‍ഡ്‌സ് 65,500, ഗ്രീസ് 51,000 എന്നിങ്ങനെയാണ് കണക്കുകള്‍.

ഏറ്റവും കൂടുതല്‍ പേരുള്ള തുര്‍ക്കി ഇവര്‍ക്ക് പൗരത്വം നല്‍കിയില്ലെങ്കിലും മറ്റ് ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ലബനാനില്‍ ഔദ്യോഗികമായി ഏഴര ലക്ഷത്തിലേറെയാണെങ്കിലും രേഖപ്പെടുത്താത്തവര്‍ കൂടി ചേരുമ്പോള്‍ 15 ലക്ഷം വരും. അഥവാ, രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നും സിറിയന്‍ അഭയാര്‍ഥികളാണ്. കൂട്ടമായി അഭയം നല്‍കി അംഗല മെര്‍കല്‍ ആണ് ജര്‍മനിയെ സിറിയന്‍ അഭയാര്‍ഥികളുടെ ഇഷ്ട താവളമാക്കിയത്.

അടുത്തിടെ വിവിധ വിമതകക്ഷികള്‍ പല ഭാഗങ്ങളിലും പിടിമുറുക്കുകയും ബശ്ശാറിന് നിയന്ത്രണം കുറയുകയും ചെയ്തതോടെ അയല്‍രാജ്യങ്ങളില്‍നിന്ന് തിരികെ പോക്ക് തുടങ്ങിയത് സമീപനാളുകളില്‍ കൂടുതല്‍ ശക്തമായതായാണ് കണക്കുകള്‍. 2024ലെ ആദ്യ എട്ട് മാസങ്ങളില്‍ 34,000 പേര്‍ സിറിയയില്‍ തിരിച്ചെത്തിയിരുന്നു. അതിനാണ് ഇപ്പോള്‍ കൂടുതല്‍ തീവ്രത കൈവന്നിരിക്കുന്നത്. എന്നാല്‍, ഏറെ പേരും അനിശ്ചിതത്വം നിലനില്‍ക്കുന്ന മാതൃരാജ്യത്തേക്ക് ഉടനൊന്നും മടങ്ങിയേക്കില്ല. നൂറുകണക്കിന് അഭയാര്‍ഥികള്‍ തുര്‍ക്കിയുടെ ദക്ഷിണ മേഖലയിലെ രണ്ട് അതിര്‍ത്തികളില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സില്‍വെഗോസു, ഒന്‍കുപിനാര്‍ അതിര്‍ത്തി ഗേറ്റുകള്‍വഴിയാണ് മടക്കം.

Tags:    

Similar News