ഘട്ടം ഘട്ടമായി സേനകള്‍ പിന്‍മാറും; ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കും; മാനുഷിക സഹായത്തിനായുള്ള കൂടുതല്‍ ഇടങ്ങള്‍ തുറക്കും; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ ഇടപെടല്‍ ഗാസയില്‍ വെടിനിര്‍ത്തലായി; ട്രംപിന്റെ മുന്നറിയിപ്പില്‍ സഹകരിച്ചു ഹമാസും; ചര്‍ച്ചകളില്‍ ഇടനിന്ന് ഖത്തറും; ഗാസയില്‍ സമ്പര്‍ണ വെടിനിര്‍ത്തല്‍ സമാധാനം കൊണ്ടുവരുമോ?
ഘട്ടം ഘട്ടമായി സേനകള്‍ പിന്‍മാറും; ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കും
ദോഹ: ഈമാസം 20ാം തീയ്യതിയാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. ഇതിന് മുന്നോടിയായി ഹമാസിനോട് ബന്ദികളെ കൈമാറാന്‍ അടക്കം ശക്തമായ ഭാഷയില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപ് അധികാരമേറ്റാല്‍ എന്തു സംഭവിക്കുമെന്ന സംശയങ്ങള്‍ പലരിലും നിലനില്‍ക്കുന്നതിനാല്‍ ലോകരാജ്യങ്ങള്‍ പലതും പരക്കംപായുന്ന അവസ്ഥയാണ് ഉള്ളത്. ഇതിനിടെയാണ് ഗാസയില്‍ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തലിന് കളമൊരുങ്ങിയതും.
ജോ ബൈഡന്‍ സ്ഥാനമൊഴിയുന്നതിന് മുമ്പ് നടത്തിയ നിര്‍ണായക ഇടപെടല്‍ അടക്കമാണ് ഗാസയില്‍ സമാധാന സാധ്യത തുറന്നിട്ടത്. ഇത് എത്രകണ്ട് മുന്നോട്ടുപോകുമെന്നാണ് ഇനി അറിയേണ്ടത്. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലിനും ഹമാസിനും ഖത്തര്‍ കൈമാറിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഗാസയില്‍ സമാധാനം സാധ്യമായാല്‍ അത് ബൈഡന് നേട്ടമാകും. ട്രംപിന് പണി എളുപ്പമാക്കുകയും ചെയ്യും. ഇസ്രായേലും വെടിനിര്‍്ത്തലിന് വഴങ്ങുന്നു എന്നതാണ് ആശ്വാസകരമായ കാര്യം. കരാറിന്റെ ഭാഗമായി 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും.
ഒരിക്കല്‍ നിന്നുപോയ ഇടത്ത് നിന്നാണ് ഗാസയിലെ സമാധാന ശ്രമങ്ങള്‍ വീണ്ടും ശുഭ പ്രതീക്ഷയുടെ സൂചനകളിലേക്ക് എത്തുന്നത്. മേഖലയിലെ പ്രധാന രാഷ്ട്രങ്ങളിലെ നേതാക്കളെല്ലാം ആള്‍നാശം ഒഴിവാക്കാന്‍ ഉള്ള നിരന്തരസമ്മര്‍ദം ഉയര്‍ത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ഞായറാഴ്ച അര്‍ധരാത്രി ദോഹയില്‍ നടന്ന ചര്‍ച്ചകളാണ് വെടിനിര്‍ത്തല്‍ അന്തിമ ധാരണയിലേക്ക് എത്തിച്ചതെന്നാണ് പ്രമുഖ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
അന്തിമ ധാരണ കരാര്‍ ഇരു കക്ഷികള്‍ക്കും അംഗീകാരത്തിനായി കൈമാറിയിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമേരിക്ക, ഖത്തര്‍, ഇസ്രായേല്‍, ഹമാസ് എന്നിവര്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ക്കായി ദോഹയിലെത്തിയ ഹമാസ് സംഘം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിര്‍ന്ന ഹമാസ് നേതാവ് ഡോ. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
ഫലസ്തീനിയന്‍ ജനതക്ക് നീതി ഉറപ്പാക്കുന്നതിലും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിലും ഖത്തറിന്റെ ശക്തമായ നിലപാട് അമീര്‍ ഹമാസ് നേതാക്കളെ അറിയിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി അമീര്‍ ഫോണില്‍ ചര്‍ച്ച നടത്തി. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ദോഹയിലുള്ള നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ മിഡില്‍ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ബ്രെറ്റ് മക്ഗര്‍ക് എന്നിവര്‍ തിങ്കളാഴ്ച ലുസൈല്‍ പാലസില്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഘട്ടം ഘട്ടമായുള്ള സേനകളുടെ പിന്‍ വാങ്ങല്‍, ബന്ദികളുടെ കൈമാറ്റം, മാനുഷിക സഹായത്തിനായുള്ള കൂടുതല്‍ ഇടങ്ങള്‍ തുറക്കല്‍ എന്നിവയാണ് കരാറിലെ ധാരണയെന്നാണ് വിവരം. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചാല്‍ പകരം ഇസ്രായേല്‍ ജയിലിലുള്ള പലസ്തീനികളെയും മോചിപ്പിച്ചേക്കും. സംഘര്‍ഷ മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് നിലവിലെ ചര്‍ച്ചകള്‍.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുമ്പ് വെടി നിര്‍ത്തല്‍ ധാരണയില്‍ എത്തിച്ചേരാന്‍ കഴിയുന്നത് ജോ ബൈഡനെ സംബന്ധിച്ചടുത്തോളം നേട്ടമാണ്. ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുനായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ ചര്‍ച്ച സമാധാന ശ്രമത്തിന് ഗുണമായി എന്ന വിലയിരുത്തലുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ വച്ചാണ് വെടിനിര്‍ത്തല്‍ ധാരണയിലേക്കെത്തിയത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഖത്തിറിന്റെ പ്രസക്തിയും ഏറുകയാണ്. സമാധാന ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോയ ഖത്തറിനും ആശ്വാസിക്കാം.
എല്ലാവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള കരട് രേഖക്ക് മേല്‍ ഇനി ബന്ധപ്പെട്ട കക്ഷികളുടെ നിലപാട് അറിയുകയാണ് പ്രധാനം. ചര്‍ച്ചകള്‍ പോസിറ്റീവായി മുന്നോട്ടു കൊണ്ടുപോകുക എന്നതും പ്രധാനമാണ്. ചര്‍ച്ചകളില്‍ ഇടപെട്ട അമേരിക്ക, ഖത്തര്‍, ഹമാസ്, ഇസ്രായേല്‍ എന്നിവരാരും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ ചര്‍ച്ചകള്‍ വളരെ പോസിറ്റീവ് ആണെന്നും സമാധാനത്തിലേക്ക് അകലം കുറഞ്ഞു വരുന്നുവെന്നും ആണ് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ തലവനും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയും ഖത്തര്‍ പ്രധാനമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ട്രംപ് അധികാരമേല്‍ക്കും മുമ്പ് വെടിനിര്‍ത്തല്‍ സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ ഗസ്സ സിറ്റിയിലെ സലാ അല്‍-ദിന്‍ സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഗസ്സയില്‍ 26 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.