ഒരേസമയം കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനം; 350 കിലോമീറ്റര്‍ വേഗതയില്‍ പറന്നെത്തി തളിക്കുന്നത് 16,000 ഗാലണ്‍ വെള്ളം; ലോസ് ആഞ്ജലിസില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാന്‍ കാനഡയുടെ 'സൂപ്പര്‍ സ്‌കൂപ്പറുകള്‍'
ലോസ് ആഞ്ജലിസില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാന്‍ കാനഡയുടെ 'സൂപ്പര്‍ സ്‌കൂപ്പറുകള്‍'
ലോസ് ആഞ്ജലിസ്: അമേരിക്കയില്‍ നിരവധി പേരുടെ മരണത്തിനും പതിനായിരക്കണക്കിന് പേരുടെ താമസസ്ഥലങ്ങളും കെട്ടിടങ്ങളും കത്തിച്ചാമ്പലാക്കിയ ലോസ് ആഞ്ജലിസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ അണയ്ക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്. നൂറ്റാണ്ടിലെ തന്നെ ഏറ്റവം വലിയ കാട്ടുതീയില്‍ 25 പേര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. 40,300 ഏക്കര്‍ സ്ഥലത്തെ 1,2,300 ഓളം കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്. ഇതില്‍ വീടുകള്‍ മാത്രം 40, 000 വരും.
തീയണയ്ക്കാനുള്ള യു.എസ്. അഗ്‌നിരക്ഷാ സേനയുടെ ഏറ്റവും ശക്തനായ പോരാളിയാവുകയാണ് കാനഡയില്‍ നിന്ന് എത്തിച്ച സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനം. ഒരേസമയം കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനമാണ് സൂപ്പര്‍ സ്‌കൂപ്പറുകള്‍. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ രാജിയില്‍ കലാശിച്ച കാനഡയിലെ രാഷ്ട്രീയ പ്രതിസന്ധിയെ പരിഹസിച്ച ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണവും തര്‍ക്കവുമൊക്കെ ഒരു ഭാഗത്ത് ഉയരുമ്പോഴും അമേരിക്ക നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ സഹായത്തിന് എത്തിയിരിക്കുകയാണ് കാനഡ.
കാട്ടുതീ അണയ്ക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ളതാണ് സി.എല്‍.-415 എന്ന ഈ വിമാനം. ലോസ് ആഞ്ജലിസില്‍ എത്തിയിരിക്കുന്ന സൂപ്പര്‍ സ്‌കൂപ്പര്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 16,000 ഗാലണ്‍ വെള്ളമാണ് തീപടരുന്ന പ്രദേശങ്ങള്‍ക്ക് മുകളില്‍ തളിക്കുന്നത്. ഹെലികോപ്ടറുകളെക്കാളും എയര്‍ ടാങ്കറുകളെക്കാളും പ്രവര്‍ത്തന ക്ഷമതയും എളുപ്പവുമാണ് സൂപ്പര്‍ സ്‌കൂപ്പറിന്റെ പ്രവര്‍ത്തനം.
ജലാശയങ്ങളില്‍ അടിഭാഗം മുട്ടുംവിധം താഴ്ന്നുപറന്ന്, ടാങ്കുകളില്‍ വലിയതോതില്‍ വെള്ളം നിറച്ച്, പ്രത്യേകതരം പതയുമായി കൂട്ടിക്കലര്‍ത്തി തീയുള്ള പ്രദേശങ്ങള്‍ക്ക് മുകളിലൂടെ പറന്ന്, ഈ വെള്ളം വലിയ അളവില്‍ താഴേക്ക് തളിക്കുന്നതാണ് സൂപ്പര്‍ സ്‌കൂപ്പറിന്റെ രീതി. ജലാശയങ്ങള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വിമാനത്തിന്റെ വേഗതയ്ക്ക് അനുസൃതമായാണ് എതിര്‍ദിശയില്‍ ഘടിപ്പിച്ചിട്ടുള്ള ടാങ്കുകളിലേക്ക് വെള്ളം നിറയുന്നത്.
അതായത്, ജലാശയത്തിന് മുകളിലൂടെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് സൂപ്പര്‍ സ്‌കൂപ്പര്‍ സഞ്ചരിക്കുക. ഈ വേഗതയ്ക്ക് അനുസൃതമായാണ് വിമാനത്തിലെ ടാങ്കുകളില്‍ വെള്ളം നിറയുക. ഹെലികോപ്ടറുകളെയോ എയര്‍ ടാങ്കറുകളെ പോലെയോ സൂപ്പര്‍ സ്‌കൂപ്പറിന് എവിടെയും വിമാനം ലാന്‍ഡ് ചെയ്യിക്കേണ്ടി വരുന്നില്ല. പറക്കലിന്റെ ഇടയില്‍ തന്നെ വെള്ളം നിറയ്ക്കലും, അതും മറ്റുള്ളവയേക്കാള്‍ വേഗത്തിലും കൂടുതലും നടക്കുന്നു.
ടാങ്ക് നിറയ്ക്കാന്‍, അതായത്, 16,000 ഗാലണ്‍ വെള്ളം നിറയ്ക്കാന്‍ 12 സെക്കന്‍ഡ് മതിയാവും സൂപ്പര്‍ സ്‌കൂപ്പറിന്. ഇതുകൂടാതെ ഹോസ് ഉപയോഗിച്ചും വെള്ളം നിറയ്ക്കാം. ടാങ്ക് നിറച്ചാല്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് തീപിടിച്ച ഇടത്തെത്തും. ഒറ്റയടിയ്ക്കോ, നാല് ഡോറുകള്‍ വഴി വിവിധ ഘട്ടങ്ങളിലൂടെയോ പൈലറ്റിന് വെള്ളം തളിക്കാം. അതുകൊണ്ടുതന്നെ, കാട്ടുതീ അണയ്ക്കുന്നതിന് ഏറ്റവും ഫലവത്തായ മാര്‍ഗമാണ് സൂപ്പര്‍ സ്‌കൂപ്പറുകളുടെ ഉപയോഗം എന്നാണ് വിലയിരുത്തല്‍.
ബക്കറ്റുകളും എയര്‍ ടാങ്കറുകളും ഘടിപ്പിച്ച ഹെലികോപ്റ്ററുകളേക്കാള്‍ സൂപ്പര്‍ സ്‌കൂപ്പറുകള്‍ ഫലപ്രദമായ അഗ്നിശമന പരിഹാരമാണെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിമാനങ്ങള്‍ക്ക് ഒറ്റയടിക്ക് 1,600 ഗാലന്‍ വെള്ളം ശേഖരിക്കാന്‍ കഴിയും. കൂടാതെ, എയര്‍ ടാങ്കറുകളില്‍ നിന്ന് വ്യത്യസ്തമായി, വെള്ളം ശേഖരിക്കാന്‍ സൂപ്പര്‍ സ്‌കൂപ്പറുകള്‍ ഇറങ്ങേണ്ടതില്ല. അവര്‍ക്ക് 160 കിലോമീറ്റര്‍ പരിധിയില്‍ അടുത്തുള്ള ഏത് ജലാശയത്തിന്റെയും ഉപരിതലത്തിനടുത്തേയ്ക്ക് താഴ്ന്ന് പറന്ന് ഹോസ് ഉപയോഗിച്ച് വെള്ളം നിറയ്ക്കാനും തീപിടിച്ച സ്ഥലത്തേയ്ക്ക് പെട്ടെന്ന് എത്തി വെള്ളം ഒഴിക്കാനും സാധിക്കും. സൂപ്പര്‍ സ്‌കൂപ്പറിന് 93 അടി ചിറകുകളും 65 അടി നീളവുമുണ്ട്. കൂടുതല്‍ ഫലപ്രദമായ അഗ്നിശമനത്തിനായി വെള്ളം പെട്ടെന്ന് നിറയ്ക്കാന്‍ കഴിയുന്ന ഒരു സംവിധാനമുണ്ട്.
കാനഡയിലെ ക്യൂബെക്കില്‍ നിന്നും 30 വര്‍ഷത്തേക്ക് ലീസിനെടുത്ത് രണ്ട് സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനങ്ങളാണ് ലോസ് ആഞ്ജലിസ് അഗ്‌നിരക്ഷേ സേനയുടെ പക്കലുള്ളത്. ഇതില്‍ ഒന്ന് മാത്രമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മറ്റൊരെണ്ണം രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു സ്വകാര്യ വ്യക്തിയുടെ ഡ്രോണ്‍ ഇടിച്ച് തകരാറിലായിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞാലുടന്‍ ഈ വിമാനവും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുമെന്ന് ലോസ് ആഞ്ജലിസ് കൗണ്‍ട്രി ഫയര്‍ ചീഫ് അന്തോണി മറോണെ മാധ്യമങ്ങളോട് പറഞ്ഞു.