താന്‍ മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെതിരെ വിജയം ഉറപ്പായിരുന്നു; എന്നാല്‍ എനിക്ക് ചലിക്കാന്‍ പോലും സാധിക്കില്ലെന്ന് പാര്‍ട്ടി കരുതി; സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമെന്ന് ജോ ബൈഡന്‍

താന്‍ മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെതിരെ വിജയം ഉറപ്പായിരുന്നു

Update: 2025-01-11 07:30 GMT

വാഷിങ്ടണ്‍: പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഏതാനും ദിവസങ്ങള്‍ കൂടി മാത്രമാണ് ഇനി പ്രസിഡന്റ് പദവിയില്‍ അദ്ദേഹം കഴിയുക. ഇതിനിടെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമായിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍. സ്ഥാനാര്‍ഥിയായി തുടര്‍ന്നിരുന്നെങ്കില്‍ ഡോണള്‍ഡ് ട്രംപിനെതിരെ വിജയം ഉറപ്പായിരുന്നുവെന്നാണ് ബൈഡന്‍ പറയുന്നത്.

പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കരുതെന്ന് കരുതിയാണ് സ്ഥാനാര്‍ഥിത്വം പാതിവഴിയില്‍ ഉപേക്ഷിച്ചതെന്നും ബൈഡന്‍ സൂചിപ്പിച്ചു. കമല ഹാരിസിന് ട്രംപിനെ തോല്‍പിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതില്‍ ഖേദിക്കുന്നുണ്ടോ ട്രംപിനെ എളുപ്പം പരാജയപ്പെടുത്താന്‍ കഴിയുമെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടായിരുന്നോ-എന്നായിരുന്നു വൈറ്റ്ഹൗസില്‍ വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ ബൈഡനോട് ചോദിച്ചത്. ''ഞാനങ്ങനെ കരുതുന്നില്ല. എനിക്ക് ട്രംപിനെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നു. കമലക്കും ട്രംപിനെ പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നു എന്നും വിശ്വസിക്കുന്നു.''-ബൈഡന്‍ പറഞ്ഞു.

എന്നാല്‍ എനിക്ക് ചലിക്കാന്‍ പോലും സാധിക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി വിശ്വസിച്ചു. അതോടെ കടുത്ത ആശങ്കയിലായി എല്ലാവരും. പാര്‍ട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കുകയായിരുന്നു പ്രധാനം. അതിനാല്‍ പാതിവഴിയില്‍ വെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരിച്ചാല്‍ ട്രംപിനെതിരെ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അക്കാര്യത്തില്‍ എനിക്ക് സംശയമേ ഉണ്ടായിരുന്നില്ല. പാര്‍ട്ടിയെ കുഴപ്പത്തിലാക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. കമല വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ.- ബൈഡന്‍ പറഞ്ഞു. യു.എസ് പ്രസിഡന്റാകാന്‍ സാധിച്ചത് ജീവിതത്തിലെ മഹത്തായ കാര്യമാണെന്നും 82കാരനായ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത ബുധനാഴ്ചയാണ് ബൈഡന്റെ വിടവാങ്ങല്‍ പ്രസംഗം. കഴിഞ്ഞ ജൂണില്‍ അറ്റ്‌ലാന്റയില്‍ വെച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായി നടന്ന സംവാദത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബൈഡന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ടായത്. ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറിയ ശേഷമാണ് കമല ഹാരിസ് മത്സരരംഗത്തേക്ക് എത്തിയത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നേടിയാണ് ഇക്കുറി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കരുത്തുകാട്ടിയത്.

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ മുന്‍പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുത്തിയത്. നിയുക്ത പ്രസിഡന്റ് ട്രംപ്, ജനുവരി ഇരുപതിനാണ് സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.

Tags:    

Similar News