ഇസ്ലാമാബാദില്‍ ഷിയാ പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഐഎസ്; വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 31 പേര്‍; 169 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു; പാക് തലസ്ഥാനത്തുണ്ടായത് 2008ന് ശേഷമുണ്ടായ ഏറ്റവും മാരകമായ ആക്രമണം

ഇസ്ലാമാബാദില്‍ ഷിയാ പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഐഎസ്

Update: 2026-02-07 06:53 GMT

ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 169 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 2008 ലെ മാരിയറ്റ് ഹോട്ടല്‍ ബോംബാക്രമണത്തിനുശേഷം പാകിസ്ഥാന്‍ തലസ്ഥാനത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്.

തര്‍ലായ്‌യിലെ ഇമാം ബര്‍ഗ ഖസര്‍-ഇ-ഖാദിജത്തുല്‍ കുബ്ര പള്ളിയിലാണ് ചാവേര്‍ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നീയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പാക്കിസ്ഥാന്‍ പാര്‍ലമെന്റായ ദേശീയ അസംബ്ലിയും സുപ്രീംകോടതിയും സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയ്ക്ക് 10 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന ഷഹസാദ് ടൗണ്‍. ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്ലമാബാദില്‍ സന്ദര്‍ശനം നടത്തുന്ന സമയത്താണ് സ്‌ഫോടനമെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു.

ആക്രമണത്തെ പാക് പാര്‍ലമെന്ററി കാര്യ മന്ത്രി താരിഖ് ഫസല്‍ ചൗധരി അപലപിച്ചു. ഇതൊരു ഭീരുത്വപരമായ പ്രവൃത്തിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എന്നാല്‍, ആരാധനാലയങ്ങള്‍ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ തടയുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്ന് സെനറ്റ് പ്രതിപക്ഷ നേതാവ് അല്ലാമ രാജ നാസിര്‍ അബ്ബാസ് കുറ്റപ്പെടുത്തി.

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഉന്നയിക്കുന്ന വിഘടനവാദ പ്രശ്‌നങ്ങളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളും പാകിസ്ഥാനില്‍ നിലവില്‍ രൂക്ഷമാണ്. കഴിഞ്ഞ നവംബറിലും ഇസ്ലാമാബാദില്‍ സമാനമായ സ്‌ഫോടനം നടന്നിരുന്നു. അന്ന് 12 പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനില്‍ സൈന്യവും വിഘടനവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെയാണ് തലസ്ഥാന നഗരിയെ നടുക്കിയ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണത്തെ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളിയിരുന്നു. നിരവധി ജീവനുകള്‍ നഷ്ടമായ ദാരുണ സംഭവത്തില്‍ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. എന്നാല്‍ സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട പാകിസ്ഥാന്‍, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അയല്‍രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

Tags:    

Similar News