അന്‍വര്‍ ഇബ്രാഹിമിനൊപ്പം ഒരേ കാറില്‍; നയതന്ത്രത്തില്‍ വീണ്ടും 'മോദി ടച്ച്'; ക്വാലാലംപുരില്‍ വിസ്മയിപ്പിച്ച് കാര്‍ ഡിപ്ലോമസി

Update: 2026-02-08 05:58 GMT

ക്വാലാലംപുര്‍: ആഗോള നയതന്ത്രത്തില്‍ തന്റേതായ പുതിയ ശൈലികള്‍ ആവിഷ്‌കരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മലേഷ്യന്‍ സന്ദര്‍ശനത്തിലും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ മോദിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം വിമാനത്താവളത്തില്‍ നേരിട്ടെത്തുക മാത്രമല്ല, ഇരുവരും ഒരേ കാറില്‍ സഞ്ചരിച്ച് 'കാര്‍ നയതന്ത്രത്തിന്റെ' പുതിയ അധ്യായം കുറിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേക്കുള്ള ഈ യാത്രയില്‍ ലോകം കണ്ടത് കേവലമൊരു വാഹനയാത്രയല്ല, മറിച്ച് ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ ദൃഢതയാണ്.

അനൗപചാരിക ചര്‍ച്ചകള്‍ക്കായി ഒരേ കാറിലെ യാത്രകള്‍ എപ്രകാരം പ്രയോജനപ്പെടുത്താമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്ന മോദിയുടെ ഈ ശൈലി ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. 2025 ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ മോദിയുടെ വാഹനത്തില്‍ സഞ്ചരിച്ചത് ഈ നയതന്ത്രത്തിന്റെ തുടക്കമായിരുന്നു. പിന്നീട് ഷാങ്ഹായ് ഉച്ചകോടിക്കിടെ ചൈനയില്‍ വെച്ചും പുട്ടിന്‍ മോദിക്കായി കാറില്‍ കാത്തിരുന്നതും ഒരേ വാഹനത്തില്‍ സഞ്ചരിച്ചതും വാര്‍ത്തയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമെര്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മേര്‍ട്സ് എന്നിവരുടെ സന്ദര്‍ശന വേളയിലും മോദി ഈ 'കാര്‍ നയതന്ത്രം' ആവര്‍ത്തിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ജോര്‍ദാന്‍ കിരീടാവകാശി അല്‍ ഹുസൈന്‍ ബിന്‍ അബ്ദുള്ള രണ്ടാമനും ഇത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദും തങ്ങളുടെ കാറുകളില്‍ മോദിയെ ഒപ്പം കൂട്ടിയത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലും മോദി വിമാനത്താവളത്തില്‍ നേരിട്ടെത്തി ഇതേ മാതൃക പിന്തുടര്‍ന്നിരുന്നു.

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ അന്‍വര്‍ ഇബ്രാഹിമുമായുള്ള ഈ കൂടിക്കാഴ്ചയും യാത്രയും വഴിയൊരുക്കുമെന്ന് ഉറപ്പാണ്. നയതന്ത്ര ബന്ധങ്ങള്‍ അപ്പുറം വ്യക്തിപരമായ ഊഷ്മളതയ്ക്ക് മോദി നല്‍കുന്ന പ്രാധാന്യമാണ് ഓരോ വിദേശ സന്ദര്‍ശനങ്ങളിലും ഇത്തരത്തില്‍ പ്രതിഫലിക്കുന്നത്.

Similar News