റൊമേനിയന്‍ സുന്ദരിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിച്ച് ദുരുപയോഗിച്ചു; ആന്‍ഡ്രു രാജകുമാരന്‍ പ്രതിക്കൂട്ടില്‍; കൈവിടാനാവാതെ ചാള്‍സ് രാജാവ്; മാന്‍ഡേഴ്‌സണ്‍ വിവാദത്തില്‍ കുരുങ്ങി സ്റ്റാര്‍മറും

Update: 2026-02-08 02:14 GMT

ലണ്ടന്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തലുകള്‍ ബ്രിട്ടനെ ഇപ്പോഴും വേട്ടയാടുകയാണ്. രാജകുടുംബം മുതല്‍ പ്രധാനമന്ത്രി വരെ വിവാദത്തിലായ സാഹചര്യത്തില്‍, ദിനംപ്രതിയെന്നോണം പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ പിടിച്ചുലയ്ക്കുന്നു.

അതിസുന്ദരിയായ ഒരു റൊമേനിയന്‍ മോഡലിനെ ആന്‍ഡ്രു രാജകുമാരനായി എപ്സ്റ്റീന്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തിച്ചു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എലിസബത്ത് രാജ്ഞി ബാല്‍മോറലിലായിരുന്ന സമയത്ത് ഒരു സ്വകാര്യ വിരുന്നിന്റെ ഭാഗമായാണ് ബുക്കാറെസ്റ്റില്‍ നിന്നുള്ള മോഡലും ഒരു റഷ്യന്‍ യുവതിയും ഉള്‍പ്പെടെയുള്ള സംഘത്തെ എപ്സ്റ്റീന്‍ കൊട്ടാരത്തിലെത്തിച്ചത്. ഈ റൊമേനിയന്‍ മോഡലിനെക്കുറിച്ച് എപ്സ്റ്റീന്‍ തന്റെ ഇമെയിലുകളില്‍ വാചാലനാകുന്നുണ്ട്. കൊട്ടാര സന്ദര്‍ശനത്തിന് ശേഷം ആന്‍ഡ്രുവിന് അയച്ച സന്ദേശത്തില്‍, വിരുന്ന് ഏറെ ആസ്വാദ്യകരമായിരുന്നുവെന്നും കൂടുതല്‍ കൂടിക്കാഴ്ചകള്‍ പ്രതീക്ഷിക്കുന്നുവെന്നും എപ്സ്റ്റീന്‍ കുറിച്ചു. ഇതിനെ അനുകൂലിച്ചാണ് ആന്‍ഡ്രു പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വെളിപ്പെടുത്തലോടെ ആന്‍ഡ്രുവിനെതിരെ ക്രിമിനല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. രാജകുടുംബത്തിലെ മറ്റാര്‍ക്കൊക്കെ ഈ ബന്ധങ്ങളെക്കുറിച്ച് അറിയാമായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. വിവാദങ്ങളെത്തുടര്‍ന്ന് ആന്‍ഡ്രുവിനെ റോയല്‍ ലോഡ്ജില്‍ നിന്നും ഒഴിപ്പിച്ച് സാന്‍ഡ്രിഗ്രാമിലേക്ക് മാറ്റാനാണ് ചാള്‍സ് രാജാവിന്റെ നീക്കം. പൊതുജനശ്രദ്ധയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്.

അതേസമയം, റഷ്യന്‍ ബന്ധമുള്ള പീറ്റര്‍ മാന്‍ഡേഴ്‌സണ്‍ ബ്രിട്ടീഷ് സുരക്ഷയ്ക്ക് ഭീഷണിയായേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ.6, 15 വര്‍ഷം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഈ മുന്നറിയിപ്പ് നിലനില്‍ക്കെത്തുടന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മാന്‍ഡേഴ്‌സണെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ചത്. നിയമന സമയത്ത് മാന്‍ഡേഴ്‌സണ് എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നു എന്ന് സ്റ്റാര്‍മര്‍ക്ക് പാര്‍ലമെന്റില്‍ സമ്മതിക്കേണ്ടി വന്നു. ഇതാണ് പ്രധാനമന്ത്രിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.

പഴയ സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെ.ജി.ബിക്ക് വേണ്ടി ലോകനേതാക്കളെ ഹണിട്രാപ്പില്‍ കുരുക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ കണ്ണിയായിരുന്നു എപ്സ്റ്റീന്‍ എന്ന ആരോപണവും ശക്തമാണ്. 2008-ല്‍ തന്നെ എപ്സ്റ്റീന്‍ വഴി റഷ്യ മാന്‍ഡേഴ്‌സണെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. റഷ്യന്‍ ശതകോടീശ്വരന്‍ ഒലേഗ് ഡെറിപാസ്‌കയുമായുള്ള മാന്‍ഡേഴ്‌സന്റെ അടുത്ത ബന്ധവും ഇപ്പോള്‍ ചര്‍ച്ചയാകുന്നു.

കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ കീര്‍ സ്റ്റാര്‍മറുടെ നില പരുങ്ങലിലായിരിക്കുകയാണ്. അദ്ദേഹം രാജിവയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.

Similar News