ഇന്ത്യ ഇപ്പോള്‍ ആഗോള ശക്തി ലോകത്തിന്റെ ഏത് കോണിലും ഇന്ത്യയുടെ ശബ്ദത്തിന് പ്രസക്തിയുണ്ട്; മോദി ഇടപെട്ട് റഷ്യ- യുക്രൈന്‍ യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഫിന്‍ലന്‍ഡ്; മോദിയെ കാണാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്
ഇന്ത്യ ഇപ്പോള്‍ ആഗോള ശക്തി ലോകത്തിന്റെ ഏത് കോണിലും ഇന്ത്യയുടെ ശബ്ദത്തിന് പ്രസക്തിയുണ്ട്;
ന്യൂഡല്‍ഹി: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഫിന്‍ലന്‍ഡ്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാര്‍ ഇരു രാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നും 2030ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകുമെന്നും ഇന്ത്യയിലെ ഫിന്‍ലന്‍ഡ് അംബാസഡര്‍ കിമ്മോ ലാഡെവീര്‍ട്ട പറഞ്ഞു.
യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അതിക്രമം അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ലാഡെവീര്‍ട്ട ഒരു അഭിമുഖത്തില്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ യൂറോപ്പ് അംഗീകരിക്കില്ല. മാനദണ്ഡങ്ങള്‍ എന്തായിരിക്കണമെന്ന് നിശ്ചയിക്കേണ്ടത് യുക്രെയ്ന്‍ ജനങ്ങളാണ്; റഷ്യയല്ല. ഉപാധികളില്ലാതെ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കുകയാണ് ആദ്യം വേണ്ടത്.
''ഇന്ത്യ ഇപ്പോള്‍ ആഗോള ശക്തിയാണ്. ലോകത്തിന്റെ ഏത് കോണിലും ഇന്ത്യയുടെ ശബ്ദത്തിന് ഇപ്പോള്‍ പ്രസക്തിയുണ്ട്. പുട്ടിനുമായുള്ള ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും'' - അംബാസഡര്‍ പറഞ്ഞു.
ഫിന്നിഷ് പ്രധാനമന്ത്രി അലക്‌സാണ്ടര്‍ സ്റ്റബ്ബും പ്രധാനമന്ത്രി മോദിയും തമ്മില്‍ നല്ല സൗഹൃദമാണുള്ളത്. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കും. 3 ബില്യന്‍ യൂറോയുടെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും ഫിന്‍ലന്‍ഡും തമ്മിലുള്ളത്. സ്റ്റബ്ബിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തീയതി തീരുമാനിച്ചിട്ടില്ല. എങ്കിലും സ്റ്റബ്ബ് ഏറെ വൈകാതെ ഇന്ത്യയിലെത്തുമെന്നും കിമ്മോ ലാഡെവീര്‍ട്ട പറഞ്ഞു.
റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തേ ഫിന്‍ലന്‍ഡും പറഞ്ഞിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ 25% പിഴച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. സമാനമായ തീരുവ യൂറോപ്യന്‍ യൂണിയനും ഇന്ത്യയ്ക്കുമേല്‍ ചുമത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും യൂറോപ്യന്‍ യൂണിയനും ഫിന്‍ലന്‍ഡും കൈയോടെ തള്ളിയിരുന്നു.
ഇന്ത്യ സൂപ്പര്‍ പവര്‍ ആണെന്നും വളര്‍ന്നുവരുന്ന സമ്പദ്ശക്തിയായ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാനാണ് ശ്രമമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യത്തോട് അന്ന് ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രി എലീന വോള്‍ട്ടനന്‍ പ്രതികരിച്ചത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടുത്തിടെ 'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്' എന്ന വിശേഷണവുമായി വമ്പന്‍ വ്യാപാരക്കരാര്‍ ഒപ്പുവച്ചപ്പോള്‍ വിമര്‍ശനവുമായി യുഎസ് രംഗത്തെത്തിയിരുന്നു.
