ഹിറ്റ്‌ലര്‍ നിയമിച്ച നാസി ജഡ്ജിയുടെ കൊച്ചുമോള്‍ ജര്‍മനിയെ നയിക്കുമോ? വലത് വംശീയ പാര്‍ട്ടി അധികാരത്തിലേറിയാല്‍ 100 ദിവസം ജര്‍മനിയുടെ അതിര്‍ത്തി പൂര്‍ണമായി അടച്ചിടും; തൊട്ടുപിന്നാലെ കൂട്ട നാടുകടത്തല്‍
ഹിറ്റ്‌ലര്‍ നിയമിച്ച നാസി ജഡ്ജിയുടെ കൊച്ചുമോള്‍ ജര്‍മനിയെ നയിക്കുമോ?
ബെര്‍ലിന്‍: ജര്‍മ്മനിയും കടുത്ത വലതുപക്ഷത്തേക്ക് നീങ്ങുമോ എന്ന ആശങ്ക നിലനില്‍ക്കെ, വരുന്ന തെരഞ്ഞെടുപ്പില്‍ ജയില്‍ച്ചാല്‍ ജര്‍മ്മന്‍ അതിര്‍ത്തികള്‍ 100 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രഖ്യാപനവുമായി തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡി രംഗത്ത്. മാത്രമല്ല, കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്നും അവര്‍ പറയുന്നു. കിഴക്കന്‍ ജര്‍മ്മനിയിലെ പട്ടണമായ റീസയില്‍, പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെ പാര്‍ട്ടിയുടെ സഹ നേതാവായ ആലീസ് വൈഡല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുടിയേറ്റക്കാര്‍ക്ക് ഒരു മടക്കയാത്ര നേര്‍ന്ന നേതാവ്, അവരുടെ പൗരത്വ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ തിരിച്ചയയ്ക്കുമെന്നും പ്രഖ്യാപിച്ചു.
ഫെബ്രുവരി 23 ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയായി വൈഡലിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. അധികാരത്തിലേറി ആദ്യ 100 ദിവസങ്ങളില്‍ അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചിടുമെന്നും, രേഖകളില്ലാതെ സഞ്ചരിക്കുന്ന ആരെയും രാജ്യത്തിനകത്ത് കയറാന്‍ അനുവദിക്കില്ലെന്നും വൈഡല്‍ പറഞ്ഞു.കഴിഞ്ഞ 11 വര്‍ഷക്കാലത്തിനിടയില്‍ അഭൂതപൂര്‍വ്വമായ പിന്തുണയാണ് തീവ്ര വലതുപക്ഷ ആശയങ്ങള്‍ പേറുന്ന എ എഫ് ഡിക്ക് ലഭിച്ചത്. അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വേയില്‍ 20 ശതമാനത്തോളം വോട്ടുകള്‍ നേടി പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
എന്നാല്‍, അവര്‍ അധികാരത്തില്‍ എത്തുവാനുള്ള സാധ്യത തുലോം കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഒരു നാസി ഭൂതകാലം ഉള്ളതിനാല്‍ തന്നെ തീവ്ര വലതുപക്ഷ ചിന്തകള്‍ ഉള്‍ക്കൊള്ളാന്‍ ജര്‍മ്മന്‍ ജനതയ്ക്ക് പ്രയാസമാണ്. ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയായി എ എഫ് ഡി പ്രഖ്യാപിച്ച വൈഡല്‍, ഇപ്പോള്‍ ജീവിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. അഭിപ്രായ സര്‍വ്വേകളില്‍ ഇപ്പോഴും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പുറകിലാണ് ഇവരുടെ സ്ഥാനമെങ്കിലും, കഴിഞ്ഞ ശനിയാഴ്ച നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ അവര്‍ നില മെച്ചപ്പെടുത്തിയിരുന്നു. അതില്‍ 22 പോയിന്റുകളാണ് എ എഫ് ഡി നേടിയത്.
എ എഫ് ഡിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പ്രധാന പാര്‍ട്ടികള്‍ തമ്മില്‍ ധാരണ നിലനില്‍ക്കുന്ന സമയത്താണ് വൈഡലിന്, ഈ നേട്ടം കൈവരിക്കാനായത് എന്നോര്‍ക്കണം. കഴിഞ്ഞയാഴ്ച ഇവര്‍ എലന്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള എക്സിലൂടെ എ എഫ് ഡി സമ്മേളനത്തിന്‍ വലിയ പ്രചാരമായിരുന്നു മസ്‌ക് നല്‍കിയത്. നിയോ നാസികളുമായി ബന്ധം പുലര്‍ത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതിനെതിരെ മസ്‌കിന് കടുത്ത വിമര്‍ശനവും നേരിടേണ്ടി വന്നു. നിയോ നാസികളുടെ ഗ്രൂപ്പുകളെ തീവ്രവാദ ഗ്രൂപ്പുകളായാണ് ജര്‍മ്മന്‍ ഇന്റലിജന്‍സ് പരിഗണിക്കുന്നത്.
ഹിറ്റ്‌ലര്‍ നിയമിച്ച നാസി ജഡ്ജിയുടെ പേരക്കുട്ടി എന്ന തന്റെ ഭൂതകാലം അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന വൈഡല്‍, തനിക്ക് എതിരെയുള്ള നാസി എന്നാാരോപണത്തെയും ചെറുക്കുന്നുണ്ട്. ശ്രീലങ്കന്‍ പങ്കാളിയില്‍ ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. തങ്ങള്‍ തീവ്ര വലതുപക്ഷമല്ലെന്നും, കണ്‍സര്‍വേറ്റീവ് നയങ്ങളാണ് പിന്തുടരുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. എ ഫ് ഡിയുടെ മറ്റൊരു പ്രമുഖ നേതാവായ ബ്യോണ്‍ ഹോക്കെ ഹോളോകോസ്റ്റിന് സ്മാരകം വേണമെന്ന് പറഞ്ഞ് നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. പ്രസംഗത്തിനിടയില്‍ ഹിറ്റ്‌ലറെയും ഗീബല്‍സിനെയും ഉദ്ധരിക്കുന്നതിനും ഹോക്കെ നിരവധി തവണ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.