ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു; സിന്റ്‌റാന്‍ നഗരത്തിലെ വീട്ടില്‍ വെച്ച് നാലംഗ കമാന്‍ഡോകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; അകാലത്തില്‍ കൊല്ലപ്പെട്ടത് ഗദ്ദാഫിക്ക് ശേഷം ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുള്ള വ്യക്തി
കയ്റോ: അന്തരിച്ച ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. സെയ്ഫിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു. സിന്റ്‌റാന്‍ നഗരത്തിലുള്ള സെയ്ഫിന്റെ വീട്ടിലെത്തിയ നാലംഗസംഘം അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഭിഭാഷകന്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
നാലംഗ കമാന്‍ഡോകളുടെ ആക്രമണം, ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അള്‍ജീരിയുടെ അതിര്‍ത്തിയിലാണ് സിന്റ്‌റാന്‍ നഗരം. മുഅമ്മര്‍ ഗദ്ദാഫിക്ക് ശേഷം ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുള്ള വ്യക്തിയുമായാണ് സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫിയെ വിലയിരുത്തിയിരുന്നത്. 1969 മുതല്‍ 40 വര്‍ഷത്തോളം ലിബിയയെ ഭരിച്ച മുഅമ്മര്‍ ഗദ്ദാഫി 2011ലാണ് കൊല്ലപ്പെട്ടത്.
പിതാവിന്റെ മരണത്തിന് പിന്നാലെ സെയ്ഫ് അല്‍ ഇസ്ലാം ഏറെക്കാലം ഒളിവില്‍ കഴിയുകയായിരുന്നു. 2011 നവംബറില്‍ സഹാറ മരുഭൂമിയില്‍ വെച്ച് പിടിക്കപ്പെട്ട അദ്ദേഹം വര്‍ഷങ്ങളോളം സായുധ സംഘങ്ങളുടെ തടവിലായിരുന്നു. പിന്നീട് മോചിതനായ അദ്ദേഹം, 2021-ല്‍ ലിബിയയില്‍ നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചിരുന്നു.
മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫിക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2011-ലെ പ്രക്ഷോഭകാലത്ത് പ്രതിഷേധക്കാര്‍ക്കെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. ഗദ്ദാഫി കുടുംബത്തിന്റെ രാഷ്ട്രീയ അധികാരം തിരിച്ചുപിടിക്കാനുള്ള സെയ്ഫിന്റെ ശ്രമങ്ങള്‍ക്കിടയിലാണ് ഈ മരണം സംഭവിച്ചിരിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
1972ല്‍ ജനിച്ച സെയ്ഫ്, 2000 മുതല്‍ ഗദ്ദാഫി ഭരണകൂടത്തിന്റെ തകര്‍ച്ച വരെ ലിബിയയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പിതാവ് സ്ഥാനഭ്രഷ്ടനായ ശേഷം, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് ആരോപിച്ച് സെയ്ഫിനെ ജയിലിലടച്ചു. പിന്നീട് 2015-ല്‍, ലിബിയന്‍ കോടതി അദ്ദേഹത്തിന് വധശിക്ഷയും വിധിച്ചു. 2011-ല്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച്, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു.
സെയ്ഫിനെ വഞ്ചിച്ചു കൊലപ്പെടുത്തിയെന്നും ജനങ്ങള്‍ക്കായി സുരക്ഷിതമായ ഐക്യവും പരമാധികാരവും ഉള്ള ഒരു ലിബിയയെ സൃഷ്ടിക്കാന്‍ ആഗ്രഹിച്ച നേതാവാണ് കൊല്ലപ്പെട്ടതെന്നും മുഅമര്‍ ഗദ്ദാഫിയുടെ അവസാനകാലത്തെ വക്താവായിരുന്ന മൂസ ഇബ്രാഹിം എക്സില്‍ കുറിച്ചു.
