അറബിക്കടലില്‍ ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ട് യുഎസ്; അമേരിക്കയുടെ വിമാനവാഹിനി കപ്പിലിന് നേര്‍ക്ക് വന്നെന്ന് ആരോപണം; ആക്രമിച്ചത് എഫ്35സി ഉപയോഗിച്ച്; അമേരിക്കന്‍ നീക്കം 'സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് വിട്ടുനല്‍കില്ല' എന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെ

Update: 2026-02-04 09:18 GMT

വാഷിങ്ടന്‍: ഇറാന്‍ -അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാന നീക്കം. യുഎസ് പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേര്‍ക്കുവന്ന ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടു. വിമാനവാഹിനിക്കപ്പലിനെ ആക്രമണ സ്വഭാവത്തോടെ സമീപിച്ചതോടെയാണ് ഇറാനിയന്‍ ഡ്രോണ്‍ വെടിവച്ചിട്ടതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. വിമാനവാഹിനിക്കപ്പലിനെയും അതിലെ ജീവനക്കാരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്നും സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പറഞ്ഞു.

ചൊവാഴ്ച അറബിക്കടലില്‍ വച്ചായിരുന്നു സംഭവം. കടലില്‍ സഞ്ചരിക്കുന്നതിനിടെയാണ് യുഎസ് വിമാനവാഹിനിക്കപ്പലിനടുത്തേക്ക് അടുക്കുന്ന ഇറാനിയന്‍ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കപ്പലിലെ എഫ്35സി യുദ്ധവിമാനം ഉപയോഗിച്ച് ഡ്രോണ്‍ വെടിവച്ചിടുകയായിരുന്നുവെന്ന് യുഎസ് സൈനിക വക്താവ് പറഞ്ഞു.

ഡ്രോണ്‍ എന്തിനാണ് കപ്പലിനെ സമീപിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കുകയോ ഉപകരണങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനിടയിലാണ് ഈ സംഭവം.

അതിനിടെ യുഎസുമായുള്ള ആണവചര്‍ച്ചകള്‍ വെള്ളിയാഴ്ച ഒമാനില്‍ വച്ച് നടത്തണമെന്ന് ഇറാന്‍ അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ട്. മറ്റ് അറബ് രാജ്യങ്ങളെ ഒഴിവാക്കി, യുഎസ്-ഇറാന്‍ ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് പരിമിതപ്പെടുത്താനാണ് ഇറാന്‍ സമ്മര്‍ദം ചെലുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ യുഎസ് സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ വേഗത്തിലാക്കാനുള്ള നീക്കം ഇറാന്റെ ഭാഗത്തുനിന്ന് നടക്കുന്നത്.

അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളിലേക്ക് ഇറാന്‍ കടക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍. അമേരിക്കയുടെ ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവ് അലി ഷംഖാനി വ്യക്തമാക്കി.

ആണവ ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ വിട്ടുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആണവ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനല്‍കിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് അലി ഷംഖാനി നല്‍കിയിരിക്കുന്നത്. അമേരിക്ക ഉപരോധങ്ങള്‍ നീക്കിയാല്‍ ആലോചിക്കാമെന്നും ഷംഖാനി വ്യക്തമാക്കി.

ഇറാന്‍ അമേരിക്കയുമായി ആണവ ചര്‍ച്ചകളിലേക്ക് കടക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉചിതമായ സാഹചര്യം ഉരുത്തിരിഞ്ഞാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്. ഇസ്താംബുളിലായിരിക്കും ചര്‍ച്ചകള്‍ നടക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റിലെ പ്രധാന അറബ് - ഇസ്ലാമിക് രാഷ്ട്രങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ഇറാന്റെ ആണവ പദ്ധതി തന്നെയാകും പ്രധാന ചര്‍ച്ചയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ആണവക്കരാറില്‍ ഏര്‍പ്പെടാന്‍ തയാറാകാത്തപക്ഷം യുഎസ് ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ വമ്പന്‍ കപ്പല്‍പ്പട (അര്‍മാഡ) ഇറാനെ ഉന്നമിട്ട് യാത്രതിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇറാനുമായി ഗൗരവമായി ചര്‍ച്ച നടക്കുന്നായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതോടെ സംഘര്‍ഷ സാധ്യത ഒഴിഞ്ഞിരുന്നു.

അമേരിക്ക ആക്രമണം നടത്തിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മധ്യേഷ്യയില്‍ പ്രദേശിക യുദ്ധത്തിന് അമേരിക്കന്‍ നീക്കം ഇടവരുത്തുമെന്നും ഇറാന്‍ പറഞ്ഞിരുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനികതാവളങ്ങളെ ഇറാന്‍ ആക്രമിച്ചേക്കാം. ഇത് മേഖലയിലെ എണ്ണ ഉല്‍പാദനത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിലായിരുന്നു ലോകം.

Tags:    

Similar News