പുത്തന്‍ അധ്യായം കുറിച്ച് ഇന്ത്യാ-അമേരിക്ക നിര്‍ണായക ഇടക്കാല വ്യാപാര കരാര്‍; റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ ഈ ശിക്ഷാ തീരുവ തിരികെ കൊണ്ടുവരുമെന്ന് ട്രംപ്; സംയുക്ത പ്രസ്താവന പുറത്ത്; ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍-മരുന്ന്‌വജ്ര വ്യാപാര മേഖലകള്‍ക്ക് വന്‍ നേട്ടം

Update: 2026-02-07 00:59 GMT

വാഷിങ്ടന്‍: ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തില്‍ പുത്തന്‍ അധ്യായം കുറിച്ച് നിര്‍ണായകമായ ഇടക്കാല വ്യാപാര കരാര്‍ (ഇന്ററിം ട്രേഡ് അഗ്രിമെന്റ്) അമേരിക്ക പുറത്തിറക്കി. സംയുക്ത പ്രസ്താവനയാണ് പുറത്തു വന്നിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫെബ്രുവരി 13ന് തുടക്കമിടാനിരിക്കുന്ന സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാറിന് (ബിടിഎ) മുന്നോടിയായാണ് ഈ സുപ്രധാന നീക്കം. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറച്ചു.

റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ മുന്‍പ് ചുമത്തിയിരുന്ന 25 ശതമാനം അധിക ശിക്ഷാ തീരുവ പിന്‍വലിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. റഷ്യന്‍ എണ്ണ ഒഴിവാക്കി പകരം അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ ഉല്‍പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന ഉറപ്പിന്മേലാണ് ഇളവ്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ ഈ ശിക്ഷാ തീരുവ തിരികെ കൊണ്ടുവരുമെന്ന് ഉത്തരവ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇന്ത്യ നല്‍കുന്ന ഇളവുകള്‍ ഇങ്ങനെയാണ്- അമേരിക്കയില്‍ നിന്നുള്ള വ്യവസായ ഉല്‍പന്നങ്ങള്‍ക്കും ഭക്ഷ്യ-കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവ ഇന്ത്യയും വെട്ടിക്കുറയ്ക്കും. ധാന്യങ്ങള്‍, ചോളം, കശുവണ്ടി ഉള്‍പ്പെടെയുള്ള നട്‌സ് ഇനങ്ങള്‍, പഴവര്‍ഗങ്ങള്‍, സോയാബീന്‍ ഓയില്‍, മദ്യം തുടങ്ങിയവയ്ക്ക് അമേരിക്കയ്ക്ക് കൂടുതല്‍ വിപണി സൗകര്യം ഇന്ത്യ ഒരുക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായി 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുമെന്നും ഇന്ത്യ അറിയിച്ചു.

കയറ്റുമതിക്ക് കരുത്താകും എന്ന് വിലയിരുത്തല്‍- നിലവില്‍ വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലുള്ള ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് 18 ശതമാനം തീരുവ നേട്ടമാകും. വിയറ്റ്‌നാം, ബംഗ്ലാദേശ് (20%), ചൈന (34%) തുടങ്ങിയ അയല്‍രാജ്യങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. മരുന്നുകള്‍, രത്‌നങ്ങള്‍, വിമാന ഘടകങ്ങള്‍ എന്നിവയ്ക്കുള്ള തീരുവ പൂര്‍ണ്ണമായും ഒഴിവാക്കാനും ധാരണയായിട്ടുണ്ട്.

അടുത്ത മാസം ഒപ്പിടുന്ന പൂര്‍ണ്ണരൂപത്തിലുള്ള കരാറിന് മുന്നോടിയായി ഇരുരാജ്യങ്ങളും ഡിജിറ്റല്‍ വ്യാപാരത്തിലെ തടസ്സങ്ങള്‍ നീക്കാനും വിതരണ ശൃംഖല മെച്ചപ്പെടുത്താനും തീരുമാനിച്ചു. വാണിജ്യമന്ത്രി പീയൂഷ് ഗോയലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വൈകാതെ ഇതു സംബന്ധിച്ച തുടര്‍ പ്രഖ്യാപനങ്ങള്‍ നടത്തും. ലോകം ഉറ്റുനോക്കിയ നിര്‍ണായക നീക്കത്തിനൊടുവില്‍ അമേരിക്കയുമായി ചരിത്രപരമായ ഇടക്കാല വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുകയാണ് ഇന്ത്യ.

ഇനി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് കേവലം 18 ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതിയാകും. ഇതോടെ ചൈനയെയും വിയറ്റ്‌നാമിനെയും പിന്നിലാക്കി അമേരിക്കന്‍ വിപണി പിടിച്ചടക്കാന്‍ ഇന്ത്യക്ക് വഴിതെളിഞ്ഞു. ഫെബ്രുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് വൈറ്റ് ഹൗസ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍, മരുന്ന്, വജ്ര വ്യാപാര മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

അടുത്ത മാസം ഒപ്പിടുന്ന സമഗ്ര ഉഭയകക്ഷി വ്യാപാര കരാറിന് മുന്നോടിയായുള്ള ഈ നീക്കം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ കരുത്താകും.

Tags:    

Similar News