ഇന്ത്യന്‍ വിദേശകാര്യ മന്ത്രി വാഷിങ്ടണില്‍; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കര്‍; പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു; കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപനം; മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെയും ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി

Update: 2026-02-04 10:13 GMT

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയില്‍. ഇന്ത്യയും അമേരിക്കയും തമ്മില്‍ സുപ്രധാന വ്യാപാര കരാറില്‍ ഏര്‍പെട്ടതിന് പിന്നാലെയാണ് ജയശങ്കര് അമേരിക്കയിലെത്തിയത്. വാഷിങ്ടണില്‍ എത്തിയ ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. ധാതു പര്യവേഷണം, ഖനനം, ആണവ- പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയില്‍ ചര്‍ച്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു.

കരാര്‍ പ്രകാരം ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 18% ആയി കുറയ്ക്കാന്‍ യുഎസ് സമ്മതിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമാണിത്. ഇന്ത്യ അമേരിക്ക ബന്ധം ഊര്‍ജ്ജിതപ്പെടുത്താനുള്ള നടപടികള്‍ മുന്നോട്ട് കൊണ്ടു പോകുമെന്ന് ഇരുനേതാക്കളും വിശദമാക്കി. വാഷിംഗ്ടണില്‍ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കല്‍ മിനറല്‍സ് ഉച്ചകോടിയില്‍ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങള്‍ പങ്കെടുക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റുമായും എസ് ജയശങ്കര്‍ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ യുഎസ് വ്യാപാര കരാറും, സാമ്പത്തിക സഹകരണവുമായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ടെലിഫോണ്‍ ചര്‍ച്ചയെത്തുടര്‍ന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. കരാര്‍ പ്രകാരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ വാഷിംഗ്ടണ്‍ സമ്മതിച്ചിട്ടുണ്ട്.

ഇത് ഉടനടി പ്രാബല്യത്തില്‍ വരും. പ്രഖ്യാപനത്തിന് പിന്നാലെ, ജയശങ്കര്‍ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു. ഈ കരാര്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇന്ത്യയുടെ പ്രധാന സംരംഭമായ 'മേക്ക് ഇന്‍ ഇന്ത്യ'യെ ശക്തിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രിപറഞ്ഞു.

യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റുമായും എസ് ജയശങ്കര്‍ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ - യുഎസ് വ്യാപാര കരാറും സാമ്പത്തിക സഹകരണവുമായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് ജയശങ്കര്‍ യുഎസിലെത്തിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണിത്. മറ്റ് യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന അംഗങ്ങളുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ചയുണ്ടായെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം മറ്റേതു രാജ്യത്തേക്കാളും മികച്ച വ്യാപാര കരാറാണ് ഇന്ത്യയ്ക്ക് ലഭിച്ചതെന്നു വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുഎസ് വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള മോദിയുടെ സൗഹൃദം കരാറിനു സഹായിച്ചെന്നും, മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് വ്യാപാര കരാറിന് അന്തിമ രൂപമായതെന്നും മന്ത്രി പറഞ്ഞു. കരാറിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്താനാണ് സാധ്യത.

കൃഷി, പാല്‍ ഉത്പാദന മേഖല, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), എന്‍ജിനീയറിങ്, ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി, തുകല്‍, കടല്‍ ഉല്‍പന്നങ്ങള്‍ അടക്കമുള്ളവയ്ക്ക് കരാറിന്റെ പ്രയോജനം ലഭിക്കും. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും ഗ്രാമീണര്‍ക്കും അടക്കം എല്ലാവര്‍ക്കും കരാറിന്റെ ഗുണഫലം ലഭിക്കും. ദേശീയതാല്‍പര്യവും ജനതാല്‍പര്യവും ഭാവിയിലേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചയും ശക്തിപ്പെടുത്തുന്നതാണ് വ്യാപാര കരാര്‍.

ലോക്‌സഭയില്‍ കാരാറിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാനിരുന്നെങ്കിലും കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് അതിനു സാധിച്ചില്ലെന്നു മന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയെപോലുള്ളവര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. യുഎസാണ് ഇന്ത്യയ്ക്കുമേല്‍ 50% തീരുവ ഏര്‍പ്പെടുത്തിയതെന്നും, അതിനാലാണ് 18 ശതമാനമായി തീരുവ കുറച്ചപ്പോള്‍ യുഎസ് തന്നെ പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

അമേരിക്കയില്‍നിന്നു സാങ്കേതികവിദ്യകള്‍ ലഭിക്കാന്‍ കരാര്‍ ഇന്ത്യയെ സഹായിക്കും. ഇതൊരു വെറും വ്യാപാര കരാറല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വചിക്കുന്നതിനും വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്രയെ ത്വരിതപ്പെടുത്തുന്നതിനുമുള്ള ചരിത്രപരമായ വഴിത്തിരിവാണിതെന്നും മന്ത്രി പറഞ്ഞു.


Tags:    

Similar News