മൊസാദ് തലവനടക്കമുള്ളവരുമായി ചര്‍ച്ച; ജോ ബൈഡന്‍ പടിയിറങ്ങുന്നതിന് മുന്നേ നിര്‍ണായക പുരോഗതി; ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാകുന്നത് ഖത്തറും അമേരിക്കയും ഇടപെട്ടതോടെ; ബന്ദികളെ മോചിപ്പിക്കുന്നതിലടക്കം തീരുമാനം
വെടിനിര്‍ത്തല്‍ കരാര്‍ ഹമാസും ഇസ്രയേലും അംഗീകരിച്ചു
ദോഹ: ഇസ്രയേലും പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസും തമ്മില്‍ ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍ വെടിനിര്‍ത്തല്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ സംബന്ധിച്ച കരട് രേഖ ഹമാസിനും ഇസ്രായേലിനും കൈമാറിയെന്നാണ് വിവരം. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങള്‍ക്കും ഖത്തറാണ് കരട് രേഖ കൈമാറിയതെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും അറബ് ന്യൂസുമടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇസ്രയേല്‍ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്തറും അമേരിക്കയും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതി. സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷ ഉണര്‍ത്തുന്ന വാര്‍ത്തയാണ് ഇതിന് പിന്നാലെ പുറത്തുവന്നത്. കരാറിന്റെ അന്തിമ കരട് ഇരുവരും അംഗീകരിച്ചതായി ഖത്തര്‍ ഉദ്യോഗസ്ഥന്‍ സ്ഥീരീകരിച്ചതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്ന വെടിനിര്‍ത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെയും അന്തിമ കരട് ഖത്തര്‍ ഇസ്രായേലിനും ഹമാസിനും കൈമാറിയതായിട്ടാണ് വെളിപ്പെടുത്തല്‍.
ഇസ്രയേല്‍ അധികൃതരും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയും ഖത്തര്‍ പ്രധാനമന്ത്രിയും തമ്മില്‍ ദോഹയില്‍ നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഗാസ യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇക്കാര്യം സംസാരിച്ചതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. ബൈഡന്‍ സ്ഥാനമൊഴിയുന്ന ജനുവരി 20ന് മുമ്പ് കരാറില്‍ ഒപ്പിടീപ്പിക്കാനാണ് അമേരിക്കന്‍ നീക്കം.
യുദ്ധം അവസാനിപ്പിക്കാനും ഗാസയില്‍ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാറിലെത്താനുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ബൈഡനും നെതന്യാഹുവും ചര്‍ച്ച ചെയ്തുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഇസ്രയേല്‍ നിഷേധിച്ചു. അങ്ങനെ ഒരു കരാറിന്റെ കരടോ നിര്‍ദേശങ്ങളോ ലഭിച്ചില്ലെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.
ഹമാസ് - ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഏറെ നാളായി പുരോഗമിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഖത്തറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ നിര്‍ണായക പുരോഗതി കൈവരിച്ചത്. സമാധാനത്തിനായുള്ള കരാര്‍ ഏത് നിലയിലുള്ളതായിരുക്കും എന്നതിന്റെ അന്തിര രൂപം എന്തായിരിക്കും എന്നതും അറിയാനുണ്ടായിരുന്നു. ഒടുവില്‍ ഇന്നലെ അര്‍ധ രാത്രി അമേരിക്കന്‍, ഇസ്രയില്‍, ഹമാസ്, ഖത്തര്‍ പ്രതിനിധികള്‍ പങ്കെടുത്ത് നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിനുള്ള അന്തിമ ധാരണയായത്. ഈ അന്തിമ ധാരണയാണ് ഇസ്രയേലിനും ഹമാസിനും കരട് രേഖയായി ഇപ്പോള്‍ ഖത്തര്‍ കൈമാറിയതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
കരട് രേഖക്ക് മേല്‍ ഇരു രാജ്യങ്ങളുടെയും അന്തിമ തീരുമാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താകും വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പടിയിറങ്ങുന്നതിന് മുന്നേ തന്നെ ഹമാസ് - ഇസ്രായേല്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കാണമെന്ന നിര്‍ദ്ദേശം നേരത്തെ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ കരട് രേഖയിലേക്ക് എത്തിനില്‍ക്കുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ എത്രയും വേഗത്തില്‍ പ്രാബല്യത്തിലായാല്‍ ഘട്ടം ഘട്ടമായാകും സൈന്യത്തെ പിന്‍വലിക്കല്‍ നടപ്പാക്കുക. ഇതിനൊപ്പം തന്നെ ബന്ധികളുടെ കൈമാറ്റവും നടക്കും. ഇക്കാര്യത്തില്‍ അമേരിക്ക, ഇസ്രയേല്‍, ഖത്തര്‍, ഹമാസ് രാജ്യങ്ങളുടെ സ്ഥിരീകരണം വരാനുണ്ട്. വെടിനിര്‍ത്തലിനായിഘട്ടം ഘട്ടമായുള്ള ധാരണകളുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഇതിന്റെ ലംഘനങ്ങളുണ്ടായതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നീണ്ടുപോയത്.
2023 ഒക്ടോബറില്‍ ഹമാസ് സൈന്യം ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് ഗാസ മുനമ്പ് യുദ്ധത്തിലേക്ക് വഴുതി വീണത്. 1200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 250 ലധികം പേരെ ബന്ധികളാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇസ്രായേല്‍ ഗാസയില്‍ പ്രത്യാക്രമണം ആരംഭിച്ചത്. ഇതുവരെ ഏകദേശം 46000ലധികം ആളുകള്‍ക്കാണ് ഗാസയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.