വെടിനിര്‍ത്തലിനെ പലസ്തീന്‍ ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും വിജയമെന്ന് വിശേഷിപ്പിച്ചു ഹമാസ്; 42 ദിവസത്തെ വെടിനിര്‍ത്തല്‍ നീളുമെന്ന് പ്രതീക്ഷ; ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും; പകരം ഇസ്രായേല്‍ ആയരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും; വെടിനിര്‍ത്തല്‍ ജനുവരി 19 പ്രാബല്യത്തില്‍
വെടിനിര്‍ത്തലിനെ പലസ്തീന്‍ ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും വിജയമെന്ന് വിശേഷിപ്പിച്ചു ഹമാസ്;
ഗസ സിറ്റി: ഒടുവില്‍ അമേരിക്കയുടെ തീവ്രപരിശ്രമത്തിന്റെ ഭാഗമായി ഗാസയില്‍ സമാധാനം വരുമ്പോള്‍ അതിനെ പലസ്തീന്‍ ജനതയുടെ ഐതിഹാസികമായ സ്ഥിരോത്സാഹത്തിന്റെയും 15 മാസത്തിലേറെയായി നടത്തിയ ധീരമായ ചെറുത്തുനില്‍പ്പ് പോരാട്ടത്തിന്റെയും ഫലമാണ് ഹമാസ്. ഗസയിലെ ആക്രമണം തടയാനുള്ള കരാര്‍ പലസ്തീനികളുടെയും ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളുടെയും ഫലസ്തീന്‍ രാജ്യത്തിന്റെയും ലോകത്തെ സ്വതന്ത്രരായ ജനങ്ങളുടെയും നേട്ടമാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
പലസ്തീനികളുടെ വിമോചനത്തിന്റെയും തിരിച്ചുവരവിന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയിലെ ഒരു വഴിത്തിരിവാണിത്. ഗസ മുനമ്പിലെ ദൃഢനിശ്ചയവും ക്ഷമയും ഉള്ള ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നാണ് ഈ കരാര്‍ ഉരുത്തിരിഞ്ഞത്. ഗസയിലെ ജനങ്ങള്‍ക്കെതിരായ സയണിസ്റ്റ് ആക്രമണങ്ങളും കൂട്ടക്കൊലകളും ഉന്മൂലന യുദ്ധവും അവസാനിപ്പിക്കാനാണ് കരാര്‍.
ഗസയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച, പലസ്തീനികള്‍ക്കൊപ്പം നിന്ന, അധിനിവേശത്തെ തുറന്നുകാട്ടുന്നതിനും ആക്രമണം അവസാനിപ്പിക്കുന്നതിനും സംഭാവന നല്‍കിയ എല്ലാ ഔദ്യോഗിക, ജനപക്ഷ നിലപാടുകള്‍ക്കും അറബ്, ഇസ്ലാമിക, അന്തര്‍ദേശീയ, രാജ്യാന്തര മേഖലകളിലുള്ളവര്‍ക്കും നന്ദി. കരാറിലെത്താന്‍ വലിയ ശ്രമങ്ങള്‍ നടത്തിയ മധ്യസ്ഥരായ സഹോദരങ്ങള്‍ക്ക്, പ്രത്യേകിച്ച് ഖത്തറിനും ഈജിപ്തിനും പ്രത്യേകം നന്ദി പറയുന്നുവെന്നും ഹമാസ് അറിയിച്ചു.
പലസ്തീന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ അരലക്ഷത്തിനടുത്ത് മനുഷ്യരെയാണ് കൊന്നൊടുക്കിയത്. ഒന്നേകാല്‍ വര്‍ഷം നീണ്ട യുദ്ധത്തിന് അറുതിയായി ഗസ്സ സമാധാനത്തിലേക്ക് നീങ്ങുന്നത്. മാസങ്ങള്‍ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവില്‍ ഗസ്സയിലെ വെടിനിര്‍ത്തലും ബന്ദിമോചനവും ഉറപ്പു നല്‍കുന്ന സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി പ്രഖ്യാപിച്ചു.
അവസാനത്തെ രണ്ടാഴ്ചയില്‍ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയില്‍ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചത്. ജനുവരി 19 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. പകരമായി ഇസ്രായേല്‍ ജയിലിലുള്ള ആയിരത്തിലേറെ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ ഫലസ്തീനികള്‍ക്ക് വടക്കന്‍ ഗസ്സയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിന്റെ ഭാഗമാണ്. മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാവും അഭയാര്‍ഥികളായ ഫലസ്തീനികളുടെ വീടുകളിലേക്കുള്ള മടക്കം.
ഗസ്സ പുനര്‍നിര്‍മാണം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. സമ്പൂര്‍ണ വെടിനിര്‍ത്തലും സൈനിക പിന്‍മാറ്റവും ബന്ദികളുടെ മോചനവും ഉറപ്പാക്കുന്നതാണ് കരാറെന്ന് അദ്ദേഹം വാഷിങ്ടണില്‍ പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ ബൈഡന്റെ പ്രഖ്യാപനം.
ഹമാസും ഇസ്രായേലും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബന്ദിമോചനവും വെടിനര്‍ത്തലും സാധ്യമാക്കുന്ന കാരറിലെത്തിയതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. കരാറിന് സംഘടന അംഗീകാരം നല്‍കിയതായി ഹമാസ് വക്താവ് അറിയിച്ചു. തുടര്‍നടപടികളുടെ ഭാഗമായി ഇസ്രായേല്‍ സുരക്ഷ മന്ത്രിസഭ യോഗം ചേരുന്നുണ്ട്.
ആറാഴ്ച നീളുന്ന ആദ്യ ഘട്ട വെടിനിര്‍ത്തലാണ് ഉടനുണ്ടാകുക. ഗസ്സയില്‍ നിന്ന് ഘട്ടംഘട്ടമായി സൈനിക പിന്‍മാറ്റവും ബന്ദികളുടെ കൈമാറ്റവും ഫലസ്തീനി തടവുകാരുടെ മോചനവും ഇതിന്റെ ഭാഗമായി നടപ്പാകും. മൂന്ന് ഘട്ടങ്ങളിലായാകും വെടിനിര്‍ത്തല്‍. ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവര്‍, രോഗികള്‍ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികള്‍ ഒന്നാം ദിവസം മോചിതരാകും. ഏഴാം നാള്‍ നാലു പേരും 14ാം ദിനത്തില്‍ മൂന്നു പേരും പുറത്തെത്തും. 28, 35 ദിവസങ്ങളില്‍ മൂന്നു പേര്‍ വീതം മോചിതരാകും. കരാര്‍ പ്രകാരം അവശേഷിച്ചവര്‍ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേല്‍ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങള്‍ വെടിനിര്‍ത്തലിന്റെ 16ാം നാള്‍ ആരംഭിക്കും.
രണ്ടാം ഘട്ടത്തില്‍ പട്ടാളക്കാര്‍, റിസര്‍വ് സേനാംഗങ്ങള്‍ എന്നിവരാകും വിട്ടയക്കപ്പെടുക. പകരമായി ഫലസ്തീന്‍ തടവുകാരുടെ മോചനവും നടക്കും. 1,000 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാമെന്ന് സമ്മതിച്ചതില്‍ 190 പേര്‍ 15 വര്‍ഷമോ അതിലേറെയോ ജയില്‍ ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇതേ ഘട്ടത്തില്‍ വടക്കന്‍ ഗസ്സയിലേക്ക് മടക്കവും അനുവദിക്കും. 23 ലക്ഷം ജനസംഖ്യയുള്ള ഗസ്സയില്‍ ഒരിക്കലെങ്കിലും പലായനം ചെയ്യാത്തവര്‍ അത്യപൂര്‍വമാകും.
ഗസ്സയുടെ പുനര്‍നിര്‍മാണമാണ് മൂന്നാം ഘട്ടത്തില്‍ നടക്കുക. ഈ ഘട്ടത്തിലും ഇസ്രായേല്‍ സേന ഗസ്സയില്‍ തുടരും. 2023 ഒക്ടോബറില്‍ ഹമാസ് ആക്രമണത്തില്‍ 251 ബന്ദികളെ പിടികൂടിയതില്‍ 94 പേരാണ് ഇപ്പോഴും ഹമാസ് പിടിയിലുള്ളത്. ഇവരില്‍ 60 ഓളം പേര്‍ മാത്രമാണ് ജീവനോടെയെന്നാണ് അനുമാനം. ബന്ദികളുടെ മോചനത്തിന് പകരമായി 1,000 ഫലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കും.
പൂര്‍ണ യുദ്ധവിരാമമെന്ന ഹമാസിന്റെ ആവശ്യവും ഹമാസിനെ നാമാവശേഷമാക്കുകയെന്ന ഇസ്രായേല്‍ മോഹവും വെടിനിര്‍ത്തല്‍ കാലത്ത് സഫലമാകില്ലെന്നതാണ് സവിശേഷത. ഹമാസുമായി കരാറില്ലെന്ന തീവ്രവലതുപക്ഷ നിലപാടിലും മാറ്റമുണ്ടായിട്ടുണ്ട്. അതേസമയം, വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ അവസാന മണിക്കൂറുകളിലായിട്ടും ഗസ്സയിലെ റഫ, ബുറൈജ് അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രായേല്‍ നടത്തിയത് കനത്ത ആക്രമണം. ദെയ്‌റുല്‍ ബലഹ്, നുസൈറാത്ത് എന്നിവിടങ്ങളിലെ ആക്രമണങ്ങളില്‍ ആറുപേരും കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 62 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കില്‍ ആറു ഫലസ്തീനികളെയും ഇസ്രായേല്‍ സേന വധിച്ചു. നാലുപേര്‍ ഖസ്സാം ബ്രിഗേഡ് അംഗങ്ങളായിരുന്നുവെന്ന് സംഘടന സ്ഥിരീകരിച്ചു.