സസ്യാഹാരം മാത്രം വിളമ്പിയ ആ വിരുന്നില്‍ ആദ്യ വിഭവമായത് മുരിങ്ങയില ചാര്‍! ആ അത്താഴ കൂടിക്കാഴ്ചയില്‍ താരമായത് തരൂരും; മോദിയും പുടിനും കേന്ദ്രമന്ത്രിമാരുമെല്ലാം കോണ്‍ഗ്രസ് നേതാവിനോട് സംസാരിച്ചത് നയതന്ത്ര മികവ് അംഗീകരിച്ചു; പക്ഷേ കോണ്‍ഗ്രസ് കട്ട കലിപ്പിലും; പുടിന്‍ ഇന്ത്യ വിട്ടപ്പോള്‍ ചര്‍ച്ചായാകുന്നത് തരൂരിന്റെ ആ ചടങ്ങിലെ സാന്നിധ്യം
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു നല്‍കിയ അത്താഴവിരുന്നില്‍ പ്രതിപക്ഷത്തെ അവഗണിച്ചിട്ടും ക്ഷണം സ്വീകരിച്ച ശശി തരൂരിന് കിട്ടിയത് വലിയ പ്രാധാന്യം. പുടിനോടും തരൂര്‍ സംസാരിച്ചു. പ്രധാനമന്ത്രി മോദിയും ഏറെ താല്‍പ്പര്യത്തോടെയാണ് തരൂരിന്റെ വരവിനെ കണ്ടത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്യെയും ക്ഷണിക്കാതിരുന്നിട്ടും തരൂര്‍ ക്ഷണം സ്വീകരിച്ചതിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തരൂര്‍ ക്ഷണം സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും പാര്‍ട്ടിയോട് കൂടിയാലോചിക്കാതെയാണ് തരൂര്‍ പങ്കെടുത്തതെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പ്രതികരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മറ്റുള്ളവരെ വിളിക്കാത്തതെന്ന് തനിക്കറിയില്ലെന്നും അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ നിലപാട് അറിയിച്ചിരുന്നു. കേന്ദ്രം നടത്തിയത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ കുറ്റപ്പെടുത്തി. വിദേശനേതാക്കളുമായി സംസാരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷത്തെ കേന്ദ്രം തടയുന്നുവെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. വാജ്പേയി, മന്‍മോഹന്‍ സിങ് സര്‍ക്കാരുകള്‍ വരെ പിന്തുടര്‍ന്ന കീഴ്വഴക്കം മോദി പാലിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതിനിടെയാണ് തരൂര്‍ ആ വിരുന്നിലെ പ്രധാന താരമാകുന്നത്.
ജയറാം രമേശും ശശി തരൂരിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും ക്ഷണമില്ലാത്ത വിരുന്നില്‍ ശശി തരൂര്‍ പങ്കെടുത്തത് മോശമായി എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.കേന്ദ്രസര്‍ക്കാര്‍ കളിക്കുന്ന കളി കോണ്‍ഗ്രസ് അംഗങ്ങള്‍ മനസ്സിലാക്കണമെന്നും അതിന്റെ ഭാഗമാകരുതെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കും വ്യവസ്ഥയ്ക്കും അനുസൃതമല്ല ഈ നീക്കമെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും വിമര്‍ശനമുന്നയിച്ചു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റിന്റെ അത്താഴ വിരുന്നിലേക്ക് തന്നെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ അല്ല എന്ന് ശശി തരൂര്‍ വ്യക്തമാക്കി. വിദേശകാര്യ സമിതി ചെയര്‍മാന്‍ എന്ന നിലയിലാണ് പുടിന്റെ അത്താഴ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടത് എന്നും ആ കാരണത്താലാണ് പങ്കെടുത്തത് എന്നും ശശി തരൂര്‍ അറിയിച്ചു. വിദേശകാര്യ സമിതി ചെയര്‍മാന്‍മാരെ വിദേശ പ്രതിനിധി സംഘങ്ങളുടെ അത്താഴവിരുന്നുകളിലേക്ക് ക്ഷണിക്കുന്നത് സ്വാഭാവികമാണെന്നും തരൂര്‍ അറിയിച്ചു.
രാഷ്ട്രപതി ഭവനില്‍ പുടിനായി ഗംഭീര വിരുന്നാണ് ഒരുക്കിയിരുന്നത്. വിരുന്നില്‍ പുതിനുവേണ്ടി തയ്യാറാക്കിയ വിഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സസ്യാഹാരം മാത്രമുള്ള വിരുന്നായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയുടെ ഭക്ഷണവൈവിധ്യം എടുത്തുകാണിക്കുന്നതായിരുന്നു വിരുന്ന്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മുരിങ്ങയില ചാറായിരുന്നു വിരുന്നിലെ ആദ്യവിഭവം. പിന്നാലെ കശ്മീരി വിഭവമായ ഗുച്ചി ദൂന്‍ ചട്ട്ണി, ഹൈദരാബാദി വിഭവമായ കാലെ ചനേ കേ ശികാംപുരി കബാബ്, നേപ്പാളില്‍ നിന്നുള്ള ജോല്‍ മോമോസ് എന്നിവയും 'സ്റ്റാര്‍ട്ടര്‍' വിഭവങ്ങളായി വിരുന്നിലുണ്ടായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മെയിന്‍ കോഴ്സിലും വെജ് വിഭവങ്ങളാണ് രാഷ്ട്രപതിയുടെ വിരുന്നില്‍ പുതിനുവേണ്ടി ഒരുക്കിയത്. സഫ്രാനി പനീര്‍ റോള്‍, പാലക് മേത്തി മട്ടര്‍ സാഗ്, തന്തൂരി ഭര്‍വാന്‍ ആലൂ, അച്ചാരി ബൈന്‍ഗന്‍, മഞ്ഞ ദാല്‍ തഡ്ക എന്നീ ഉത്തരേന്ത്യന്‍ വിഭവങ്ങളാണ് പ്രധാന വിഭവങ്ങളുടെ മെനുവില്‍ ഉണ്ടായിരുന്നത്. ഇതിനൊപ്പം ഡ്രൈ ഫ്രൂട്ട്-സാഫ്രോണ്‍ പുലാവ്, ലാച്ച പറാത്ത, മഗസ് നാന്‍. സതനാജ് റൊട്ടി, മിസ്സി റൊട്ടി, ബിസ്‌കറ്റി റൊട്ടി എന്നിവയും ഉണ്ടായിരുന്നു. മെയിന്‍ കോഴ്സിനുശേഷം മധുരവിഭവങ്ങളാണ് പുടിനും സംഘത്തിനും വിളമ്പിയത്. ബദാം ഹല്‍വ, കേസര്‍ പിസ്ത, കുല്‍ഫി, സീസണല്‍ പഴങ്ങള്‍ എന്നിവയും ബംഗാളി മധുരപലഹാരമായ ഗുര്‍ സന്ദേശ്, ദക്ഷിണേന്ത്യന്‍ വിഭവമായ മുറുക്ക് എന്നിവയും വിവധതരം അച്ചാറുകളും സാലഡുകളും ആണ് ഉണ്ടായിരുന്നത്. കുടിക്കാനായി മാതളനാരങ്ങ, ഓറഞ്ച്, കാരറ്റ്, ഇഞ്ചി എന്നിവ ഉള്‍പ്പെട്ട ജ്യൂസാണ് ഉണ്ടായിരുന്നത്. വിരുന്നിന്റെ മാറ്റ് കൂട്ടാനായി സംഗീതവും രാഷ്ട്രപതി ഭവനില്‍ ഉണ്ടായിരുന്നു.
വിരുന്നില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. നേരത്തെ പുടിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്പു നല്കിയിരുന്നു. പിന്നീട് രാജ്ഘട്ടില്‍ ഗാന്ധി സമാധിയിലെത്തി പുടിന്‍ പുഷ്പാര്‍ച്ചന നടത്തി. രണ്ടു രാജ്യങ്ങളിലെയു വ്യവസായികളുമായും മോദിയും പുടിനും കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം ഒന്നിച്ചാണ് അത്താഴ വിരുന്നിന് രണ്ടു നേതാക്കുളം എത്തിയത്. പുടിന് മോദി ഭഗവദ് ഗീതയുടെ റഷ്യന്‍ തര്‍ജമ സമ്മാനിച്ചു. അമേരിക്കയുടെ ഭീഷണി നിലനില്‍ക്കുമ്പോഴും താനും പുടിനുമായുള്ള ബന്ധത്തിന്റെ ആഴം രാജ്യത്തും പുറത്തും ബോധ്യപ്പെടുത്താന്‍ മോദിക്കായി. റഷ്യ ഒറ്റയ്ക്കല്ല എന്ന സന്ദേശം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്കുന്നതില്‍ വ്ളാദിമിര്‍ പുടിനും വിജയിച്ചു.
രാഷ്ട്രീയം, ബിസിനസ്, സംസ്‌കാരികം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. രാജ്യം സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് രാഷ്ട്രപതി ഭവനില്‍ അത്താഴവിരുന്ന് നല്‍കി ആദരിക്കുന്ന കീഴ് വഴക്കമുണ്ട്.
