ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ മരിച്ചു വീണു കുരുന്നുകള്‍; നഴ്‌സറി സ്‌കൂളിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 46 കുട്ടികളടക്കം 114 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നില്‍ വിമതസൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സാണെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രാലയം; മുന്നറിയിപ്പു നല്‍കി യുഎന്നും
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ മരിച്ചു വീണു കുരുന്നുകള്‍
ഖാര്‍ത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ മരിച്ചു വീണു കുരുന്നുകള്‍. യുദ്ധം രൂക്ഷമായ സുഡാനില്‍ നഴ്‌സറി സ്‌കൂളിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 46 കുട്ടികളടക്കം 114 പേര്‍ കൊല്ലപ്പെട്ടു. കോര്‍ഡോഫാന്‍ കലോജിയിലുണ്ടായ ആക്രമണത്തിന് പിന്നില്‍ വിമതസൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സാണെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കഴിഞ്ഞയാഴ്ച സുഡാന്‍ സൈന്യം വിമതരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ ദക്ഷിണ കോര്‍ഡോഫാനില്‍ 48 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 'സുഡാനിലെ സാധാരണക്കാര്‍ക്ക് നേരെ ഭീകരരായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തുന്ന വംശഹത്യ അപലനീയം. 43 കുട്ടികളും ആറ് സ്ത്രീകളുമടക്കം 79 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ സഹായിക്കാന്‍ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ അവരെയും ആക്രമിച്ചു'- എന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സര്‍ക്കാരിന്റെ അധീനതയില്‍നിന്ന് എല്‍-ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചെടുത്തത്. പിന്നാലെ കൂട്ടക്കൊലകളും അരങ്ങേറി. മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കുകയായിരുന്നു. ഗാസയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ ആളുകള്‍ 10 ദിവസത്തിനുള്ളില്‍ ഇവിടെ മരിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സുഡാനിലെ കോര്‍ഡോഫാന്‍ കൂട്ടക്കൊലകള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്ര സഭയും രംഗത്തുവന്നു. കോര്‍ഡോഫാന് മറ്റൊരു എല്‍ ഫാഷര്‍ ആകാന്‍ കഴിയില്ലെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. കോര്‍ഡോഫാനിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയൊരു കൂട്ടക്കൊല ഉണ്ടാകുമോയെന്ന ഭയമുണ്ടെന്നും വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. മറ്റൊരു മനുഷ്യനിര്‍മിത ദുരന്തത്തിന് മുന്നില്‍ നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഡാനീസ് സായുധ സേനയും (എസ്.എ.എഫ്) റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലുള്ള ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനും സംഘര്‍ഷത്തിനായുള്ള ആയുധങ്ങള്‍ എത്തിക്കുന്നത് തടയുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'എല്‍ ഫാഷറിലെ കൂട്ടക്കൊലയില്‍നിന്നും പാഠം പഠിച്ചില്ലേ? സുഡാനിലെ ജനങ്ങള്‍ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇനിയും ഇരയാകുന്നത് അനുവദിച്ചുകൊണ്ട് നമുക്ക് വെറുതെ ഇരിക്കാന്‍ കഴിയില്ല. നമ്മള്‍ നടപടിയെടുക്കണം, ഈ യുദ്ധം ഇപ്പോള്‍ അവസാനിപ്പിക്കണം,' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സുഡാനില്‍ വര്‍ധിച്ചു വരുന്ന അരക്ഷിതാവസ്ഥ കാരണം ഒറ്റദിവസം കൊണ്ട് കെര്‍ത്തലയില്‍ നിന്നും 1600 പൗരന്മാര്‍ പലായനം ചെയ്‌തെന്നും 400 ഓളം കുട്ടികള്‍ അനാഥരായെന്നും യു.എന്നിന്റെ മൈഗ്രേഷന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
