'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' പാസായാല്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കും; ഭീഷണി മുഴക്കി ഇലോണ്‍ മസ്‌ക്ക്; 'കടയടച്ച് കൂടും കുടുക്കയും എടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് മടങ്ങേണ്ടി വരും; റോക്കറ്റും ഇവിയുമുണ്ടാകില്ല'; മസ്‌കിനെതിരേ ആഞ്ഞടിച്ചു ട്രംപും; ഇടവേളക്ക ശേഷം തമ്മിലടിച്ച് ട്രംപും മസ്‌ക്കും
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും തമ്മില്‍ വീണ്ടും പോര്. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ വിമര്‍ശനം ഉന്നയിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇതിന് മറുപടിയുമായി ട്രംപും രംഗത്തുവന്നുതോടെയാണ് ഇടവേളയ്ക്ക് ശേഷം രംഗം വീണ്ടൂം ചൂടുപിടിച്ചത്.
ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുന്ന നിയമസഭാംഗങ്ങളെ പുറത്താക്കുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നുമാണ് മസ്‌കിന്റെ വെല്ലുവിളി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' നടപ്പിലാക്കുന്നതിനെതിരെ ഇലോണ്‍ മസ്‌ക് പലപ്പോഴായി രംഗത്തുവന്നിരുന്നു. സാധാരണ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ബില്ലാണിതെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നു കഴിഞ്ഞതാണ്. ജനപ്രിയമല്ലാത്ത ഈ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുന്ന നിയമസഭാംഗങ്ങളെ പുറത്താക്കുമെന്ന് പ്രത്യക്ഷ വെല്ലുവിളി നടത്തിയിരിക്കുകയാണ് ഇപ്പോള്‍ മസ്‌ക്.
ചെലവ് കുറയ്ക്കും എന്ന് വാഗ്ദാനം നല്‍കി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ശേഷം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കടം വരുത്തിവെക്കാനുള്ള ബില്ലിന് വോട്ട് നല്‍കുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ നാണംകെട്ട് തലകുനിക്കേണ്ട സാഹചര്യമാണെന്നും മസ്‌ക് എക്‌സില്‍ കുറിക്കുന്നുണ്ട്. കഴിഞ്ഞ മെയ്മാസം വരെ പ്രസിഡന്‍ഷ്യല്‍ ഉപദേശകനായിരുന്ന മസ്‌ക് ഇപ്പോള്‍ നിശിതമായി ട്രംപിനെ വിമര്‍ശിക്കുകയാണ്.
ബില്ലുമായി ബന്ധപ്പെട്ട് സെനറ്റില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പ് നടക്കുകയാണെങ്കിലും ബില്ലില്‍ ഭേദഗതികള്‍ വരാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന. ജൂലൈ നാലിനകം ബില്‍ പാസ്സാക്കണമെന്നാണ് ട്രംപിന്റെ നിര്‍ദ്ദേശം. ഈ ആഴ്ച കൊണ്ടുതന്നെ ഫൈനല്‍ വോട്ടെടുപ്പ് നടത്തിയേക്കും. ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറക്കുകയും രാജ്യത്തിന്റെ കടബാധ്യത കൂടുകയും ചെയ്യുമെന്നാണ് വിമര്‍ശിക്കുന്നവരുടെ വിലയിരുത്തല്‍.
സെനറ്റില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ട്രംപ് ഈ ബില്‍ പാസാക്കിയാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുമെന്നും മസ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'അമേരിക്കന്‍ പാര്‍ട്ടി' എന്ന പേരിലായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കുക എന്നും മസ്‌ക് അറിയിച്ചു കഴിഞ്ഞു. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയായിരിക്കും ഈ പാര്‍ട്ടി ആരംഭിക്കുന്നതെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചിരുന്നു. ബില്‍ പാസാക്കുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പാര്‍ട്ടി ആരംഭിക്കുമെന്നു തരത്തിലുള്ള ഭീഷണിയാണ് മസ്‌ക് ഉയര്‍ത്തുന്നത്.
മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണത്തിലിരുന്നപ്പോള്‍ മസ്‌കിന് ഉപകാരപ്പെടുന്ന വിവിധ മേഖലകളില്‍ നല്‍കിയിരുന്ന സഹായങ്ങള്‍ അവസാനിപ്പിക്കുന്നു എന്നതാണ് ഇക്കാര്യത്തിലെ മാസ്‌കിന്റെ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചത്. പ്രതേകിച്ചും പുനരുപയോഗ ഊര്‍ജങ്ങളായ സോളാര്‍, ബാറ്ററി നിര്‍മാണം, വിന്‍ഡ് തുടങ്ങിയവയ്ക്ക് നല്‍കിയിരുന്ന ടാക്‌സ് ക്രെഡിറ്റുകള്‍ ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ നഷ്ടമാകും. ഇതാണ് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' നടപ്പിലാക്കുന്നതിന് എതിരെയുള്ള ഇലോണ്‍ മസ്‌കിന്റെ എതിര്‍പ്പിന് പ്രധാന കാരണമായിരിക്കുന്നത്.
ട്രംപിന്റെ നികുതി നയങ്ങളെ ശക്തമായി വിമശിച്ച് കൊണ്ട് തന്നെയാണ് മസ്‌ക് പലപ്പോഴായി രംഗത്തെത്തിയതും ഇക്കാരണം കൊണ്ടാണ് ഇതിന്റെ ഫലമായി ട്രംപ് ഭരണകൂടത്തിന്റെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി സ്ഥാനവും ട്രംപ് കൈയൊഴിഞ്ഞിരുന്നു. ഇതിനിടെ ഇലോണ്‍ മസ്‌കിനെതിരേ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും രംഗത്തുവന്നു. സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാതെ മസ്‌കിന്റെ ബിസിനസ് സാമ്രാജ്യം നിലനില്‍ക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഫെഡറല്‍ പിന്തുണ പിന്‍വലിച്ചാല്‍ മസ്‌ക് ഒരുപക്ഷെ കട അടച്ചിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ തുറന്നടിച്ചു.
'പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ ശക്തമായി പിന്തുണയ്ക്കുന്നതിന് വളരെ മുമ്പുതന്നെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനോടുള്ള എന്റെ എതിര്‍പ്പ് ശക്തമാക്കിയിരുന്നു. ഇക്കാര്യം മസ്‌കിന് അറിയാമായിരുന്നു. അത്തരം ഒരു കാര്യം പരിഹാസ്യമായിരുന്നു, ഇക്കാര്യം എന്റെ പ്രചാരണത്തില്‍ പ്രധാന ഭാഗംതന്നെയായിരുന്നു. ഇലക്ട്രിക് കാറുകള്‍ നല്ലതാണ്. എന്നാല്‍ അത് എല്ലാവരും സ്വന്തമാക്കണമെന്ന് നിര്‍ബന്ധിക്കാനാകില്ല.
യുഎസ് ചരിത്രത്തില്‍ മറ്റേതൊരു വ്യക്തിയേക്കാളുമേറെ സബ്‌സിഡി ലഭിച്ചിരിക്കുന്നത് മസ്‌കിനാണ്. സബ്‌സിഡികള്‍ ഇല്ലെങ്കില്‍ റോക്കറ്റ് ഉണ്ടാക്കില്ലായിരുന്നു. സാറ്റലൈറ്റ് ലോഞ്ചും ഇവി നിര്‍മ്മാണവും നടക്കില്ലായിരുന്നു. മസ്‌കിന് കട അടച്ചിട്ട് സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരും. അമേരിക്കയ്ക്ക് നല്ല ഭാവിയും ഉണ്ടാകുമായിരുന്നു, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മസ്‌കിന് കിട്ടിയ സബ്‌സിഡികളെക്കുറിച്ച് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സി (ഡോജ്) അന്വേഷിക്കണമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കൂടി പരിഹസിക്കുകയും ചെയ്തു.