'സൈനിക ഏറ്റുമുട്ടലുകള്‍ക്കൊണ്ട് മാത്രം ഒരു പ്രശ്നവും പരിഹരിക്കാനാകില്ല, നയതന്ത്രമാര്‍ഗങ്ങള്‍ നോക്കണം; അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം അത്യാവശ്യം'; യുക്രൈന്‍, പശ്ചിമേഷ്യാ യുദ്ധങ്ങള്‍ മുറുകവേ പ്രധാനമന്ത്രി മോദിയുടെ സന്ദേശം
'സൈനിക ഏറ്റുമുട്ടലുകള്‍ക്കൊണ്ട് മാത്രം ഒരു പ്രശ്നവും പരിഹരിക്കാനാകില്ല
ന്യൂഡല്‍ഹി: യുഎസ്, ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിന്റെയും റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ സൈനിക സംഘര്‍ഷങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്ന് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് തരത്തിലുള്ള സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സാധ്യമാകൂവെന്നും മോദി പറഞ്ഞു. ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്ബിനൊപ്പം ഡല്‍ഹിയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് നരേന്ദ്ര മോദിയുടെ പ്രതികരണം.
ആഗോള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടന്‍ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടരുമെന്നും മോദി പറഞ്ഞു.
'ഇന്ത്യയും ഫിന്‍ലന്‍ഡും നിയമവാഴ്ച, ചര്‍ച്ചകള്‍, നയതന്ത്രം എന്നിവയില്‍ വിശ്വസിക്കുന്നു. സൈനിക സംഘര്‍ഷത്തിലൂടെ മാത്രം ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന് ഞങ്ങള്‍ പറയുന്നു. യുക്രൈനായാലും പശ്ചിമേഷ്യയായാലും, സംഘര്‍ഷങ്ങള്‍ വേഗത്തില്‍ അവസാനിപ്പിക്കുന്നതിനും സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ പിന്തുണ നല്‍കുന്നത് തുടരും, വളര്‍ന്നുവരുന്ന ആഗോള വെല്ലുവിളികളെ നേരിടാന്‍ അന്താരാഷ്ട്ര സംഘടനകളെ പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ രൂപത്തിലുമുള്ള തീവ്രവാദത്തെയും വേരോടെ പിഴുതെറിയണമെന്നും' പ്രധാനമന്ത്രി മോദി പറഞ്ഞു.
നാലുദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനായി ബുധനാഴ്ച വൈകിട്ടാണ് ഫിന്‍ലന്‍ഡ് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. അതേസമയം ഇസ്രായേല്‍-അമേരിക്കന്‍ ആക്രമത്തില്‍ ഇറാനില്‍ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ട്. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതില്‍ ആണ് ഇപ്പോള്‍ പ്രധാനമായും അമേരിക്കയും ഇസ്രയേലും ശ്രദ്ധയൂന്നുന്നത്. മറുവശത്ത് ഗള്‍ഫ് മേഖലയിലേക്ക് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണം തുടരുകയാണ്.
സൗദിയില്‍ നിരവധി തവണ ആക്രമണങ്ങള്‍ നടന്നു. അല്‍ ഖര്‍ജില്‍ 3 ഡ്രോണുകള്‍ കൂടി തകര്‍ത്തതായി സൗദി അറേബ്യ അറിയിച്ചു. അമേരിക്കയും ചൈനയും ഇന്ത്യയുമായും സംസാരിച്ചതായും സൗദി അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ ഇന്ധന കപ്പലില്‍ ചോര്‍ച്ചയുണ്ടായതായി വിവരങ്ങള്‍. സ്‌ഫോടന ശബ്ദത്തിന് പിന്നാലെയാണിത്. മുബാറക് അല്‍ കബീര്‍ തീരത്തിനു 60 കിലോമീറ്റര്‍ അകലെയാണ് സംഭവം. എന്നാല്‍, ഇത് കുവൈത്തിന്റെ തീരത്തല്ലെന്ന് കുവൈത്ത് ഭരണകൂടം വ്യക്തമാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഖത്തറില്‍ അമേരിക്കന്‍ എംബസി പരിസരത്തെ താമസക്കാരെ ഒഴിപ്പിക്കുകയാണ്.
