നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി ശര്‍മ രാജിവെച്ചു; ആളിപ്പടര്‍ന്ന ജെന്‍ സി പ്രക്ഷോഭ നിയന്ത്രിക്കാന്‍ കഴിയാത്ത കലാപമായി മാറിയ സാഹചര്യത്തില്‍ രാജി; സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും; വിമാനത്താവളം അടച്ചു, നിയന്ത്രണം സൈന്യവും ഏറ്റെടുത്തു; സമൂഹ മാധ്യമ നിരോധനം ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുമ്പോള്‍
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി ശര്‍മ രാജിവെച്ചു;
കാഠ്മണ്ഡു: സമൂഹ മാധ്യമ നിരോധനം പിന്‍വലിച്ചിട്ടും നേപ്പാളില്‍ ജെന്‍സി പ്രക്ഷോഭം കത്തിക്കാളിയതോടെ പ്രധാനമന്ത്രി കെ പി ഒലി ശര്‍മ രാജിവെച്ചു. ശര്‍മയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മറ്റും. പ്രധാനമന്ത്രിയുടെ വസതി അടക്കം കലാപകാരികള്‍ കത്തിച്ചിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രി രാജിവെച്ചത്. കാഠ്മണ്ഡു വിമാനത്താവളം അടക്കം അടച്ച നിലയിലാണ്. നിയന്ത്രണം സൈന്യം ഏറ്റെടുത്തു. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുടെ അടക്കം നിരവധി ഉന്നതരുടെ വീടുകള്‍ കത്തിച്ചു.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കു നേരെയും ആക്രമണം. അഴിമതിയോടും ഭരണകൂട നിസംഗതയോടുമുള്ള യുവജന പ്രതിഷേധമാണ് ഉയരുന്നതെന്ന് കാഠ്മണ്ഡുവിലെ മലയാളികള്‍. പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. ഇന്നലെ തുടങ്ങിയ സംഘര്‍ഷത്തില്‍ 19 പേരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ നേപ്പാളില്‍ സമൂഹമാധ്യമ നിരോധനം പിന്‍വലിച്ചിരുന്നു. ദേശീയ സുരക്ഷ പേരിലുള്ള സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ ജെന്‍ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ എത്തിയത്. തലസ്ഥാന നഗരമായ കഠ്മണ്ടുവില്‍ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു.
അതേ സമയം, സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ ജെന്‍ സി പ്രക്ഷോഭത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാള്‍ സര്‍ക്കാര്‍. കലാപത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. യുവാക്കള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറണമെന്ന് വാര്‍ത്താ വിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തില്‍ പശ്ചാത്താപം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജെന്‍സി പ്രക്ഷോഭം ആളിക്കത്തിയതോടെ സര്‍ക്കാര്‍ നിരോധനം പിന്‍വലിക്കുകയായിരുന്നു. അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹികമാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചതോടെയാണ് നേപ്പാളില്‍ സര്‍ക്കാരിനെതിരേ 'ജെന്‍ സീ വിപ്ലവം' എന്ന പേരില്‍ യുവാക്കള്‍ പ്രക്ഷോഭം ആരംഭിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭത്തെ തിങ്കളാഴ്ച സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ കലാപസമാനമായി. അക്രമസംഭവങ്ങളിലും പോലീസ് നടപടിയിലുമായി 19 പേരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. 347 പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ കൈവിട്ടതോടെ തിങ്കളാഴ്ച രാത്രി വൈകി സാമൂഹികമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, നിരോധനം നീക്കിയെങ്കിലും 19 പേര്‍ കൊല്ലപ്പെട്ടതിന് കാരണം സര്‍ക്കാരാണെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കള്‍ വീണ്ടും തെരുവിലിറങ്ങിയത്.
സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവിലെ പാര്‍ലമെന്റിന് മുന്നില്‍ നൂറുകണക്കിന് യുവാക്കളാണ് സംഘടിച്ചത്. കാഠ്മണ്ഡുവില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് ലംഘിച്ചാണ് യുവാക്കള്‍ ചൊവ്വാഴ്ച രാവിലെ വീണ്ടും തെരുവിലിറങ്ങിയത്. പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചവരെ പിന്നീട് സായുധ പോലീസ് സംഘം ഇവിടെനിന്ന് നീക്കി. ഒട്ടേറെപേരെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. അതിനിടെ സംസ്ഥാനത്തിന്റെ കൂടുതല്‍ മേഖലകളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.
ജെന്‍ സീ വിപ്ലവത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തര മന്ത്രി രമേഷ് ലേഖകിന്റെ വീടിന് നേരേയും ചൊവ്വാഴ്ച ആക്രമണമുണ്ടായി. രമേഷ് ലേഖകിന്റെ നായ്കാപിലെ വസതി പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. കിര്‍ത്തിപുരിലെ മുനിസിപ്പാലിറ്റി കെട്ടിടവും പ്രതിഷേധക്കാര്‍ തീവെച്ച് നശിപ്പിച്ചു. മുന്‍ ഉപപ്രധാനമന്ത്രി രഘുവീര്‍ മഹാസേതിന്റെ വീടിന് നേരേ കല്ലേറും ഉണ്ടായി. ചൊവ്വാഴ്ചത്തെ പ്രക്ഷോഭങ്ങള്‍ക്കിടെ പ്രതിഷേധക്കാരായ രണ്ടുപേര്‍ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി ദുബായിലേക്ക് പോകാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചികിത്സയ്ക്കെന്ന പേരിലാണ് ഒലി ദുബായിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. പ്രധാനമന്ത്രിയെ കൊണ്ടുപോകാനായി സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ 'ഹിമാലയ എയര്‍ലൈന്‍സി'ന്റെ വിമാനം സജ്ജമാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സാമൂഹികമാധ്യമങ്ങള്‍ ലഭ്യമല്ലാതായതോടെയാണ് കഴിഞ്ഞദിവസങ്ങളില്‍ സ്‌കൂള്‍, കോളേജ് യൂണിഫോമുകള്‍ ധരിച്ച് പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രക്ഷോഭം പൊഖറ, ബട്വാള്‍, ഭൈരഹവ, ഭരത്പുര്‍, ഇതാഹരി, ഡമകക് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു.പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടെയുള്ള നിയന്ത്രിതമേഖലകളിലേക്ക് ബാരിക്കേഡുകള്‍ മറികടന്ന് പ്രക്ഷോഭകര്‍ പ്രവേശിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിവീശുകയും റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തു. പ്രക്ഷോഭകര്‍ പാര്‍ലമെന്റിന്റെ പ്രവേശനകവാടം തകര്‍ക്കുകയും വളപ്പില്‍ തീയിടുകയും ചെയ്തതിനാലാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. കാഠ്മണ്ഡുവില്‍ സര്‍ക്കാര്‍ സൈന്യത്തെയിറക്കി. പോലീസ് നടപടിയില്‍ ജീവന്‍പൊലിഞ്ഞതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രമേഷ് ലേഖക് രാജിവെച്ചു.
ഐടി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ചെയ്യണമെന്ന നിര്‍ദേശം പാലിക്കാത്ത മാധ്യമങ്ങളെയാണ് സര്‍ക്കാര്‍ നിരോധിച്ചത്. നേപ്പാളില്‍ സ്ഥിരമായി പ്രശ്നപരിഹാര ഓഫീസറെയും കംപ്ലയന്‍സ് ഓഫീസറെയും നിയമിക്കണമെന്ന് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് 28 മുതല്‍ ഒരാഴ്ച ഇതിന് സമയം നല്‍കിയെങ്കിലും 26 സാമൂഹികമാധ്യമങ്ങള്‍ ചെയ്തില്ല. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച ടിക്ടോക്, വൈബര്‍, വിറ്റ്ക്, നിംബസ്, പോപോ ലൈവ് എന്നിവയ്ക്ക് നിരോധനമില്ല. ഇവയിലൂടെയാണ് ജെന്‍ സീക്കാര്‍ പ്രക്ഷോഭത്തിന് ആളെക്കൂട്ടുന്നത്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു.
അഭിപ്രായസ്വാതന്ത്ര്യം തങ്ങളുടെ അവകാശമാണെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രക്ഷോഭം. സാമൂഹികമാധ്യമനിരോധനം പിന്‍വലിക്കുക എന്ന ആവശ്യത്തിനൊപ്പം അഴിമതി തടയുക, സാമ്പത്തികാസമത്വം ഇല്ലായ്മചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിജില്ലകളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.