ഷിരി ബിബാസിന്റെ മൃതദേഹം തിരിച്ചയക്കാത്തതിന് ഹമാസ് വലിയ വിലയൊടുക്കേണ്ടി വരുമെന്ന് നെതന്യാഹു; ബിബാസിന്റെ മൃതദേഹം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മറ്റ് മൃതദേഹാവശിഷ്ടങ്ങളുമായി കലര്‍ന്നതായി ഹമാസും; ഇസ്രായേല്‍ യുവതിയുടെ മൃതദേഹത്തെ ചൊല്ലി വിവാദം മുറുകുന്നു
ഷിരി ബിബാസിന്റെ മൃതദേഹം തിരിച്ചയക്കാത്തതിന് ഹമാസ് വലിയ വിലയൊടുക്കേണ്ടി വരുമെന്ന് നെതന്യാഹു
ജറുസലേം: ബന്ദിയാക്കിയ ഷിരി ബിബാസിന്റെ മൃതദേഹത്തെ ചൊല്ലി വിവാദം മുറുകുന്നു. മൃതദേഹം വിട്ടു നല്‍കുന്നതില്‍ ഹമാസ് പരാജയമായെന്ന് ആരോപിച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തുവന്നു. ഈ വിഷയത്തില്‍ ഹമാസിനോട് പ്രതികാരം ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു.
നിലവിലുള്ള വെടിനിര്‍ത്തല്‍ വ്യവസ്ഥകളുടെ ലംഘനം എന്ന് വിശേഷിപ്പിച്ച്, സംഭവത്തിന്റെ മുഴുവന്‍ വിലയും ഹമാസ് നല്‍കേണ്ടിവരുമെന്നും നെതന്യാഹു പറഞ്ഞു. 'ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഞങ്ങളുടെ എല്ലാ ബന്ദികളുമൊത്ത് ഷിരിയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കും. കരാറിന്റെ ഈ ക്രൂരവും ദുഷ്ടവുമായ ലംഘനത്തിന് ഹമാസ് മുഴുവന്‍ വിലയും നല്‍കുമെന്ന് ഉറപ്പാക്കും' -നെതന്യാഹു ഒരു വിഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന്, ഗസ്സയില്‍ തടവിലായിരിക്കെ കൊല്ലപ്പെട്ട നാല് ഇസ്രായേലികളുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഹമാസ് വിട്ടുകൊടുത്തിരുന്നു. 2023 ഒക്ടോബര്‍ 7ന് ഹമാസിന്റെ നടപടിയില്‍ കിബ്ബൂട്ട്സ് നിര്‍ ഓസില്‍ നിന്നുള്ള ബന്ദികളില്‍പ്പെട്ട ഷിരി ബിബാസും അവളുടെ രണ്ട് മക്കളായ ഏരിയലും കഫീറും ഒപ്പം മറ്റൊരാളായ ഒഡെഡ് ലിഫ്ഷിറ്റ്സും ആണ് ഇവരെന്നും ഹമാസ് പറഞ്ഞിരുന്നു. നാലു പേരും ഇസ്രായലിന്റെ ഗസ്സ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഹമാസ് പുറത്തുവിട്ടു.
എന്നാല്‍, ഹമാസ് കൈമാറിയ നാലു മൃതദേഹങ്ങളില്‍ ഒന്ന് അജ്ഞാത സ്ത്രീയാണെന്നും ബന്ദിയാക്കിയ ഷിരി ബിബാസ് അല്ലെന്നും അവരുടെ രണ്ട് മക്കളായ കഫീറിനെയും ഏരിയലിനെയും തിരിച്ചറിഞ്ഞെന്നും ഇസ്രായേല്‍ വിദഗ്ധര്‍ പറഞ്ഞതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിനിടെ തന്റെ രണ്ട് ആണ്‍മക്കള്‍ക്കും ഭര്‍ത്താവ് യാര്‍ഡനുമൊപ്പം തട്ടിക്കൊണ്ടുപോയ ഷിരി ബിബാസിന് പകരം ഗസ്സ സ്ത്രീയുടെ മൃതദേഹം ശവപ്പെട്ടിയില്‍ വെച്ചുകൊണ്ട് ഹമാസ് 'പറയാനാവാത്തവിധം അപകീര്‍ത്തികരമായ രീതിയില്‍' പ്രവര്‍ത്തിച്ചതായി നെതന്യാഹു ആരോപിച്ചു.
യു.എസ് പിന്തുണയോടെയും ഖത്തര്‍-ഈജിപ്ത് മധ്യസ്ഥരുടെയും സഹായത്തോടെ കഴിഞ്ഞ മാസം ഉണ്ടാക്കിയ ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇസ്രായേലിന്റെ ആരോപണത്തെക്കുറിച്ച് ഹമാസ് ഇതുവരെ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. പുതിയ സംഭവ വികാസങ്ങള്‍ ശനിയാഴ്ച ആറ് ജീവനുള്ള ബന്ദികളെ ഹമാസ് കൈമാറുന്നത് വൈകിപ്പിക്കുമെന്നോ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നത് തടസ്സപ്പെടുത്തുമോ എന്നും വ്യക്തമല്ല.
അതേസമയ ബിബാസിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഇസ്രായേല്‍ വ്യോമാക്രമത്തില്‍ ചിതറിയ മറ്റ് മൃതദേഹ അവശിഷ്ടങ്ങളുമായി കലര്‍ന്നുവെന്ന് കരുതുന്നതായാണ് ഹമാസ് പ്രതികരിച്ചത്. നാലു പേരും ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും കൈമാറ്റവേളയില്‍ ഹമാസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിന്റെ വിശദീകരണം. അതിനിടെ, വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ യുവതി കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സ മുനമ്പിലെ റഫ യില്‍ ഇസ്രായേല്‍ സൈന്യം ഒരു ഫലസ്തീന്‍ സ്ത്രീയെ കൊലപ്പെടുത്തിയതായി അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്.
വെസ്റ്റ്ബാങ്കില്‍ വര്‍ധിച്ചുവരുന്ന ഇസ്രായേലി അക്രമങ്ങള്‍ കുട്ടികളില്‍ വിനാശകരമായ സ്വാധീനം ചെലുത്തുന്നതായി ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി (ഐ.ആര്‍.സി) പ്രസ്താവിച്ചു. 2023 ജനുവരി മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ കുറഞ്ഞത് 224 ഫലസ്തീന്‍ കുട്ടികളെങ്കിലും കൊല്ലപ്പെട്ടു. അക്രമത്തിന്റെ ഈ കുതിച്ചുചാട്ടം കടുത്ത ആഘാതമേല്‍പിക്കുകയും ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ജെനിനിലെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന് ഐ.ആര്‍.സിയെയും പങ്കാളികളെയും തടയുകയും ചെയ്യുന്നു - പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരി മുതല്‍ ജെനിന്‍ സിറ്റിയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഐ.ആര്‍.സിയും ടി.സി.സിയും നിര്‍ബന്ധിതരായി. ഇത് നൂറുകണക്കിന് കുട്ടികളുടെ അവശ്യ പഠനം ഇല്ലാതാക്കുന്നു. വിമാന ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ സുപ്രധാന സേവനങ്ങള്‍ സുരക്ഷിതമായി എത്തിക്കുന്നത് അസാധ്യമാക്കിയിരിക്കുന്നുവെന്നും ഐ.ആര്‍.സി ചൂണ്ടിക്കാട്ടി.