ഇറ്റലിയുടെ തീരത്ത് ആഡംബര നൗക മുങ്ങി ബ്രിട്ടീഷ് ശതകോടീശ്വരനും മകളും മരണമടഞ്ഞ സംഭവം; രക്ഷപ്പെട്ട ക്യാപ്റ്റന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല

ബ്രിട്ടീഷ് നൗക മുങ്ങലില്‍ അസ്വാഭാവികത മാത്രം

By :  Remesh
Update: 2024-08-29 07:22 GMT


റോം: കഴിഞ്ഞ തിങ്കളാഴ്ച ഇറ്റാലിയന്‍ തീരത്ത് ആഡംബര നൗക മുങ്ങി ബ്രിട്ടീഷ് ശതകോടീശ്വരനും മകളും മോര്‍ഗന്‍ സ്റ്റാന്‍ലി ബാങ്കിന്റെ ചെയര്‍മാനുമടക്കം മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആഡംബര നൗകയുടെ ക്യാപ്റ്റനായിരുന്ന ജെയിംസ് കട്ട്ഫീല്‍ഡിനെയും ചോദ്യം ചെയ്തു. എന്നാല്‍ ന്യൂസിലന്‍ഡില്‍ ജനിച്ച കട്ട്ഫീല്‍ഡ് (51) ചോദ്യങ്ങളോട് പ്രതികരിക്കാന്‍ താത്പര്യം കാണിച്ചില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നത്.

ഈ അപകടവുമായി ബന്ധപ്പെട്ട് മനപൂര്‍വ്വമല്ലാത്ത നരഹത്യ, ശിക്ഷാര്‍ഹമായ രീതിയില്‍ അപകടത്തിനിടയാക്കി എന്നീ ആരോപണങ്ങള്‍ക്കാണ് കട്ട്ഫീല്‍ഡ് വിധേയനാകുന്നത് എന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് മൂന്നാം തവണയാണ് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ ക്യാപ്റ്റനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത്.

ക്യാപ്റ്റനോടൊപ്പം നൗകയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട രണ്ട് ബ്രിട്ടീഷ് ജീവനക്കാര്‍ക്ക് നേരെയും അന്വേഷണം നീളുന്നുണ്ട്. ഇവരുടെ പേരിലും ഇറ്റാലിയന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ മൈക്ക് ലിഞ്ചും 18 കാരിയായ മകളും ഉള്‍പ്പടെ ഏഴ് പേരായിരുന്നു അപകടത്തില്‍ കൊല്ലപ്പെട്ടത്. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരായിരുന്നു അപകടം നടക്കുമ്പോള്‍ നൗകയില്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് വംശജനായ എഞ്ചിനീയര്‍, ടിം പാര്‍ക്കര്‍ ഈറ്റണ്‍ ആയിരുന്നു അപകടം നടക്കുമ്പോള്‍ എഞ്ചിന്‍ റൂമിന്റെ ചുമതലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ബെഡ്ഫോര്‍ഡ്ഷയര്‍, ക്ലോപ്ഹില്‍ സ്വദേശിയായ ഇയാള്‍ക്ക് മേല്‍ എന്ത് കുറ്റമാണ് ചുമത്തിയിട്ടുള്ളത് എന്ന് വ്യക്തമല്ല.

അപകടത്തിന്റെ ഞെട്ടലില്‍ നിന്നും കട്ട്ഫീല്‍ഡ് ഇനിയും മുക്തനായിട്ടില്ല എന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കട്ട്ഫീല്‍ഡിന് ഇറ്റലി വിടാന്‍ നിയമപരമായ തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ കൂടി, അന്വേഷണവുമായി സഹകരിക്കുന്നതിനാണ് ഇറ്റലിയില്‍ തുടരുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, മുങ്ങിയ നൗക സമുദ്രത്തില്‍ നിന്നും ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും, ഒരുപക്ഷെ ഭാവിയില്‍ അത് ഉണ്ടായേക്കാമെന്നും ഇറ്റാലിയന്‍ തീരദേശ സേന വക്താവ് അറിയിച്ചു.

Tags:    

Similar News