രാജപക്‌സെക്കെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിലെ ചാലക ശക്തി; തീവ്ര ഇടതില്‍ നിന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി രൂപം മാറിയ ജനതാ വിമുക്തി പെരമുന; പ്രസിഡന്റാകാന്‍ അനുര കുമാരദിസനായകെ; ശ്രീലങ്കയില്‍ ജനം മാറി ചിന്തിക്കുമ്പോള്‍

ഇതുവരെ എണ്ണിയ വോട്ടുകളില്‍ 57 ശതമാനവും അനുര കുമാരദിസനായകെയ്ക്ക് അനുകൂലമാണ്.

Update: 2024-09-22 02:20 GMT

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടരുന്നതിനിടെ ഫലം വ്യക്തം. ഇതുവരെ എണ്ണിയ വോട്ടുകളില്‍ 57 ശതമാനവും അനുര കുമാരദിസനായകെയ്ക്ക് അനുകൂലമാണ്. ഇടത് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുന നേതാവാണ് അദ്ദേഹം. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമ സിംഗെ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. നാല്‍പത്തിരണ്ടു വര്‍ഷത്തിനു ശേഷമാണ് ശ്രീലങ്ക, ഒരു സ്ഥാനാര്‍ഥിക്കും വ്യക്തമായ മേല്‍ക്കൈ പ്രവചിക്കാനാവാത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അനുര കുമാരദിസാനയ്ക്ക് വ്യക്തമായ മുന്‍തൂക്കം വോട്ടര്‍മാര്‍ നല്‍കുകയും ചെയ്യുന്നു.

വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. 2019നെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് എട്ടു ശതമാനം കുറഞ്ഞു. ശ്രീലങ്കയില്‍ 1.70 ലക്ഷം വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടു മണിക്കൂറിനുശേഷം വോട്ടെണ്ണല്‍ ആരംഭിച്ചു. ഇന്നലെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം നാലു വരെയായിരുന്നു പോളിംഗ്. 1982 ല്‍ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ ജെ.ആര്‍.ജയവര്‍ധനെയോടു മത്സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ പ്രതിപക്ഷം വിഷമിക്കുമ്പോള്‍ നാഷനല്‍ പീപ്പിള്‍സ് ഫ്രണ്ടിന്റെ (ജനത വിമുക്തി പെരമുന) സ്ഥാപക നേതാവ് രോഹന വിജെവീരെയെയാണ് അന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അല്‍പമെങ്കിലും സാധ്യതയുള്ളയാളെന്ന് വിലയിരുത്തിയത്. അന്ന് അവര്‍ക്ക് കഴിയാത്തത് ഇന്ന് അനുര കുമാരദിസനായകെ നേടുന്നു.

ശ്രീലങ്കന്‍ ഗവേഷണ ഏജന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പോളിസി ഓഗസ്റ്റില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ അനുരകുമാര ദിസനായകെയ്ക്കാണ് മുന്‍തൂക്കം ലഭിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 36 % പേര്‍ ദിസനായകെയെ പിന്തുണച്ചു. 32 ശതമാനത്തിന്റെ പിന്തുണയോടെ സജിത് പ്രേമദാസ രണ്ടാമതും 28 % പേരുടെ പിന്തുണയോടെ വിക്രമസിംഗെ മൂന്നാമതുമാണെത്തിയത്. നമലിനെ പിന്തുണച്ചത് വെറും മൂന്നുശതമാനം മാത്രം. ഇത് തന്നെയാണ് അന്തിമ ഫലത്തിലും തെളിയുന്നത്.

സര്‍വേയില്‍ മുന്നിലെത്തിയെങ്കിലും അത്രയെളുപ്പത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചുകയറാന്‍ ദിസനായകെയ്ക്ക് ആവില്ലെന്നാണ് വിലയിരുത്തല്‍. 2022 ല്‍ ഗോട്ടബയ രാജപക്‌സെ സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന നേതാവെന്ന നിലയില്‍ യുവാക്കള്‍ക്കിടയില്‍ ദിസനായകയെക്ക് വലിയ സ്വാധീനമുണ്ടായി. ഇത് വോട്ടായി മാറുകയും ചെയ്യും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമുറപ്പിക്കാന്‍ വേണ്ട 50% കടക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

ഇടത് ആശയങ്ങളിലൂന്നിയ ദിസനായകെയുടെ ജനത വിമുക്തി പെരമുന അഴിമതി തുടച്ചുനീക്കുക, സ്വകാര്യവത്കരണം പുനഃപരിശോധിക്കുക, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക, ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കുക തുടങ്ങിയ വന്‍ പൊളിച്ചെഴുത്തുകളുള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചത.് ഇതിനൊപ്പം ജനം നില്‍ക്കുകയാണ്. തീവ്ര ഇടതുപാര്‍ട്ടിയില്‍നിന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി രൂപം മാറിയ പ്രസ്ഥാനമാണ് ജനതാ വിമുക്തി പെരമുന

Tags:    

Similar News