ഹിസ്ബുല്ല തലവനെ ഇസ്രായേല്‍ തീര്‍ത്തതോടെ ജീവനില്‍ ഭയം; ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ഭരണകൂടം; സുരക്ഷ പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ചു; ഹിസ്ബുല്ലയെ തകര്‍ക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്ന് എക്‌സില്‍ സന്ദേശം

ആയത്തുള്ള ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ഇറാന്‍

Update: 2024-09-28 13:31 GMT

ടെഹ്‌റാന്‍: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാന്‍ ഭരണകൂടമാണ് ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാന്‍ തിടുക്കത്തില്‍ നടപടിയെടുത്തത്.

രാജ്യത്തിന്റെ പരമോന്നത പദവി കൈകാര്യം ചെയ്യുന്ന ഖമേനിയുടെ സുരക്ഷ പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിലേക്ക് ഹിസ്ബുല്ല നടത്തിയ ആക്രമണങ്ങളില്‍ ഇറാന്റെ ഗൂഢാലോചനയും ഉണ്ടായിരുന്നു. കഴിഞ്ഞ 32 വര്‍ഷമായി ഹിസ്ബുള്ളയെ നയിച്ചിരുന്നത് നസറുള്ളയായിരുന്നു. ഹിസ്ബുള്ള തലവന്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ഇറാന്റെ സുപ്രീംലീഡര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ഇതിന് പിന്നാലെയാണ് സുപ്രീം ലീഡര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അതേ സമയം ഖമേനിഎക്‌സിലൂടെ ജനങ്ങള്‍ക്ക് സന്ദേശം നല്‍കി. ഹിസ്ബുള്ളയെ തകര്‍ക്കാന്‍ മാത്രം സയണിസ്റ്റുകള്‍ വളര്‍ന്നിട്ടില്ലെന്നായിരുന്നു ഖമേനിയുടെ വാക്കുകള്‍. ലെബനനില്‍ ഹിസ്ബുള്ളയുടെ ശക്തമായ ഘടനയാണുള്ളത്. അതിന് കാര്യമായ കേടുപാടുകള്‍ വരുത്താന്‍ മാത്രം വലുതായിട്ടില്ലെന്ന് സയണിസ്റ്റ് കുറ്റവാളികള്‍ അറിയണം. ഹിസ്ബുള്ളയെ തകര്‍ക്കാന്‍ മാതം നിങ്ങളില്ല, അത്രയും ചെറുതാണ് സയണിസ്റ്റുകള്‍.

മേഖലയിലെ എല്ലാ പ്രതിരോധ സംവിധാനങ്ങളും ഹിസ്ബുള്ളയ്ക്കൊപ്പം നിലകൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഇറാന്‍ സുപ്രീം ലീഡര്‍ പറഞ്ഞു. കുറേ സ്ത്രീകളെയും കുട്ടികളെയും കൊന്നതുകൊണ്ട് മാത്രം ശക്തമായ സംഘടനയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ദൈവം ഇച്ഛിച്ചാല്‍, ശത്രുവിനെ ലെബനന്‍ പാഠം പഠിപ്പിക്കുമെന്നും ഖമേനി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇസ്രായേല്‍ സൈന്യമാണ് ഹസന്‍ നസ്റല്ലയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി അറിയിച്ചത്. ഇസ്രയേല്‍ ലക്ഷ്യം വച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഹിസ്ബുള്ള നേതാക്കളില്‍ ഒരാളായിരുന്നു നസ്‌റല്ല. ബെയ്‌റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിലാണ് നസ്‌റല്ലയെ വധിച്ചതെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടത്. അതേസമയം ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹിസ്ബുല്ലയും രംഗത്തെത്തി. വെള്ളിയാഴ്ച വൈകിട്ട് ബെയ്‌റുട്ടില്‍ നടന്ന വ്യോമാക്രമണത്തിനിടെ നസ്‌റല്ല കൊല്ലപ്പെട്ടുവെന്നാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചത്.

അതേസമയം നസറുള്ളയെ ഇല്ലാതാക്കിയ ബെയ്‌റൂട്ട് വ്യോമാക്രമണത്തിന് ഇസ്രായേല്‍ പേരുനല്‍കി. ഹിസ്ബുള്ള തലവനെ ഇല്ലാതാക്കിയ ഇസ്രായേലി സൈനിക ഓപ്പറേഷന്‍ ഇനിമുതല്‍ 'New Order' എന്ന് അറിയപ്പെടുമെന്ന് പ്രതിരോധസേന അറിയിച്ചു.

മൂന്ന് പതിറ്റാണ്ടായി ഹിസ്ബുല്ല സെക്രട്ടറി ജനറലായിരുന്നു ഹസന്‍ നസ്‌റല്ല. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളര്‍ത്തിയെടുത്തതും ഹസന്‍ നസ്‌റല്ലയാണ്. അബ്ബാസ്-അല്‍-മുസാവി കൊല്ലപ്പെട്ടപ്പോള്‍ 1992 ല്‍ 32 ആം വയസിലാണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് നസ്‌റല്ല എത്തിയത്. ഇറാന്‍ പിന്തുണയോടെയായിരുന്നു ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങള്‍.

അതേസമയം ലെബനനില്‍ വ്യോമാക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍. തെക്കന്‍ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല തലവന്‍ നസ്‌റല്ലയുടെ മകള്‍ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടതായും ദേശീയ - അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ പ്രതികരിച്ചിട്ടില്ല. സൈനബ് നസ്‌റല്ലയുടെ മരണം സ്ഥിരീകരിക്കപ്പെട്ടാല്‍ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള നിലവിലെ ഏറ്റുമുട്ടലിന്റെ രൂപവും ഭാവവും മാറിയേക്കാണ് സാധ്യത. ഇസ്രയേലിനെതിരായ ആക്രമണത്തിന് ഇറാന്‍ കൂടി രംഗത്തെത്താനുള്ള സാധ്യതയും തള്ളികളയാനാകില്ല.

Tags:    

Similar News