പൊന്നുമോളേ ഓരോ ദിവസവും ഞാന്‍ നിനക്കു വേണ്ടി കാത്തിരിക്കുകയാണ്... നീ തിരിച്ചുവരുമെന്ന് എനിക്കുറപ്പാണ്.... ഹമാസ് തട്ടിക്കൊണ്ടു പോയവരില്‍ ഇനിയും സൂചനയില്ലാത്ത ഏക ബ്രിട്ടീഷ് യുവതിയുടെ അമ്മ ഗാസയിലേക്ക് അയച്ച കത്ത്
ഏത് നിമിഷവും ഒരു മോശം വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന ഭയത്തിലാണ് 63 കാരിയായ അമ്മ.
ലണ്ടന്‍: 'ഹൃദയം തകര്‍ന്നു കൊണ്ടിരിക്കുകയാണ്... ഓരോ ദിവസവും... അധികം വൈകാതെ എന്റെ ഹൃദയം ബാക്കിയൊന്നുമില്ലാതെയാകും' ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ എമിലി എന്ന 28 കാരിയുടെ അമ്മ മാന്‍ഡി ഡമാരി പറയുന്നു. ഗാസയിലെ ഇപ്പോഴുള്ള ബ്രിട്ടീഷ് വംശജയായ ഒരേയൊരു ബന്ദി എമിലിയാണ്. ഒരു വര്‍ഷത്തോളം ലോകം ചുറ്റി അധികാരത്തിന്റെ ഇടനാഴികളില്‍ തന്റെ മകളെ രക്ഷിച്ചെടുക്കാനുള്ള സമ്മര്‍ദ്ദം ഈ അമ്മ ചെലുത്തിയെങ്കിലും, അതൊന്നും തന്നെ വിജയിച്ചില്ല. നൂറോളം മറ്റ് ബന്ദികള്‍ക്കൊപ്പം എമിലിയും ഇപ്പോഴും ഭീകരരുടെ തടവറയിലാണ്. ഏത് നിമിഷവും ഒരു മോശം വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന ഭയത്തിലാണ് 63 കാരിയായ അമ്മ.
ക്ഷമയുടെ നെല്ലിപ്പലക കണ്ടതോടെയാണ്, ഒരു നഴ്സറി സ്‌കൂള്‍ അധ്യാപികയായ ഈ 63 കാരി നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ എത്തി തന്റെ മകള്‍ക്ക് നല്‍കാനായി ഹൃദയസ്പര്‍ശിയായ ഒരു സന്ദേശം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് കൈമാറിയത്. സാധ്യമായ ഏത് വഴി സ്വീകരിച്ചും ആ സന്ദേശം തന്റെ മകള്‍ക്ക് എത്തിക്കണമെന്ന് അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അതുപോലെ തന്റെ മകളെ തിരികെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഹോളോകോസ്റ്റിന് ശേഷം ലോകം കണ്ട, യഹൂദന്മാരുടെ ഏറ്റവും വലിയ കൂട്ടക്കൊല നടന്ന് ഒരു വര്‍ഷം തികയാന്‍ ഇനി ഒരു വര്‍ഷം മാത്രം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് നടന്ന ഭീകരാക്രമത്തില്‍ 1200 ഓളം പേരാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. എന്നാല്‍, ബ്രിട്ടീഷുകാരില്‍ പലര്‍ക്കും ഇപ്പോഴും അജ്ഞാതമായ ഒരു കാര്യമാണ് ബ്രിട്ടീഷ് പൗരത്വം ഉള്ള ഒരു വ്യക്തി ഭീകരരുടെ പിടിയില്‍ ബന്ദിയായി തുടരുന്നു എന്ന കാര്യം. അതുകൊണ്ടു തന്നെ, ബന്ദികളെ കുറിച്ച് സര്‍ക്കാര്‍ പരാമര്‍ശിക്കുന്ന സമയത്തെല്ലാം എമിലിയുടെ പേരും പരാമര്‍ശിക്കണം എന്ന് ആ അമ്മ ആവശ്യപ്പെടുന്നു.
തന്റെ മകളുടെ മോചനത്തിനുള്ള പോരാട്ടം പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് അമ്മ. ഇന്ന് ഇതുമായി ബന്ധപ്പെട്ട് ഹൈഡ് പാര്‍ക്കില്‍ അവര്‍ സംസാരിക്കും. അതോടൊപ്പം മകള്‍ക്ക് നല്‍കാനായി പ്രധാനമന്ത്രിക്ക് കൈമാറിയ സന്ദേശത്തിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. മാത്രമല്ല, പ്രധാനമന്ത്രി, തന്റെ സ്വാധീനം മുഴുവന്‍ ഉപയോഗിച്ച് എമിലിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍, ചര്‍ച്ചകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ എന്നിങ്ങനെ ഏത് നടപടിയായാലും ഇനി അധികം വൈകാനാവില്ല എന്ന് ആ അമ്മ പറയുന്നു. എമിലി ജനിച്ചു വളര്‍ന്ന, ഗാസ അതിര്‍ത്തിക്ക് സമീപത്തുള്ള അവരുടെ വീട്ടില്‍ നിന്നായിരുന്നു ഒക്ടോബര്‍ 7 ന് എമിലിയെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.അവരുടെ ഇരട്ടകളായ സഹോദരന്മാര്‍ സിവിനെയും ഗലി ബെമനെയും തട്ടിക്കൊണ്ടുപോയിരുന്നു.